ജെറ്റ് എയര്‍വേയ്‌സ് വീണ്ടും ചിറകുവിടർത്തും; ലൈസൻസ് പുതുക്കി
കടക്കെണിയില്‍പ്പെട്ട് 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സ് വീണ്ടും ചിറകുവിടർത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഐ) പറക്കല്‍ അനുമതി ലൈസൻസായ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയതായി ഉടമസ്ഥരായ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം. ജൂലൈ 28 ന് പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഔദ്യോഗിക പ്രസ്താവനയിലൂടെ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം അറിയിച്ചു.
ജെറ്റ് എയര്‍വേസിന്റെ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ സാധിച്ചതില്‍ ഏവിയേഷന്‍ റെഗുലേറ്ററിനും വ്യോമയാന മന്ത്രാലയത്തിനും മറ്റ് പങ്കാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം പ്രതികരിച്ചു. 'ജെകെസി (ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം) ജെറ്റ് എയര്‍വേയ്സിന്റെ പുനരുജ്ജീവനത്തിനായി പൂര്‍ണമായും സമര്‍പ്പിതമാണ്. എയര്‍ലൈനിന്റെ വിജയം ഉറപ്പാക്കാന്‍ സമഗ്രമായ തന്ത്രം നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വരുന്ന ആഴ്ചകളില്‍ ജെറ്റ് എയര്‍വേയ്സ് പുനരുജ്ജീവിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും വ്യവസായ പങ്കാളികളുമായും ഓഹരി ഉടമകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും' JKC (ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം) പ്രസ്താവനയില്‍ പറഞ്ഞു.
1993-ല്‍ നരേഷ് ഗോയല്‍ ആരംഭിച്ച ജെറ്റ് എയര്‍വേയ്സ് 2019 ഏപ്രിലില്‍ കടക്കെണിയില്‍പ്പെട്ട് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് 2020ലാണ് ദുബായ് വ്യവസായിയും ഇന്ത്യന്‍ വംശജനുമായ മുരാരി ലാല്‍ ജലാന്‍, ലണ്ടന്‍ ആസ്ഥാനമായ ധനകാര്യ നിക്ഷേപ സ്ഥാപനമായ കാല്‍റോക്ക് കാപ്പിറ്റല്‍ എന്നിവർ ചേർന്ന് സ്ഥാപിച്ച ജെകെസി ഏറ്റെടുക്കുന്നത്. 2019 പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തുന്നതിന് മുൻപ്, ജെറ്റ് എയര്‍വെയ്സ് 124 വിമാനങ്ങളുമായി ഇന്ത്യയിലും ലോകമെമ്പാടുമുള്ള 65 ലധികം സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ പ്രകാരമുള്ള ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് പ്രകാരമാണ് ജെറ്റ് എയര്‍വേസ് പുനരുജ്ജീവിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിമാനക്കമ്പനി ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം വീണ്ടും പുനരുജ്ജീവിപ്പിക്കുന്നത്.
ജെറ്റ് എയര്‍വേയ്‌സിനെ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമ്പോള്‍ 15,525 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു
2021ന്റെ മധ്യത്തോടെ ജെറ്റ് എയവേയ്‌സ് സര്‍വീസ് പുനഃരാരംഭിക്കുമെന്ന് കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും സാധ്യമായിരുന്നില്ല. ജെറ്റ് എയര്‍വേയ്‌സിനെ ജലാന്‍-കാല്‍റോക്ക് കണ്‍സോര്‍ഷ്യം ഏറ്റെടുക്കുമ്പോള്‍ 15,525 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇത് നിശ്ചിത തവണകളായി തിരിച്ചടയ്ക്കാമെന്നായിരുന്നു കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച റൊസൊല്യൂഷന്‍ പദ്ധതിയിലെ ധാരണ. ഇത് നടപ്പിലാകാതെ വന്നതോടെ തിരിച്ചുവരവും വൈകി. തിരിച്ചടവിനെടുത്ത സമയമാണ് സര്‍വീസ് പുനഃരാരംഭിക്കുന്നത് നീണ്ടുപോകുന്നതിലേക്ക് എത്തിച്ചത്.