സഫൂറ സർഗാർ
സഫൂറ സർഗാർ

സഫൂറ സർഗാറിനെ പുറത്താക്കാനൊരുങ്ങി ജാമിഅ മിലിയ

ഗവേഷണം പൂർത്തിയാക്കാന്‍ സർവകലാശാല അനുവദിക്കുന്നില്ലെന്ന് സഫൂറ
Updated on
1 min read

ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞ ഗവേഷക വിദ്യാർത്ഥിനി സഫൂറ സർഗാറിനെ പുറത്താക്കാനൊരുങ്ങി ജാമിഅ മിലിയ സർവകലാശാല. നിശ്ചിത സമയത്ത് ഗവേഷണം പൂർത്തിയാക്കിയില്ലെന്ന് കാണിച്ചാണ് നടപടി. എന്നാല്‍ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാന്‍ സർവകലാശാല അനുവദിക്കുന്നില്ലെന്ന് സഫൂറ ആരോപിച്ചു. സോഷ്യോളജിയില്‍ ഇന്റഗ്രേറ്റഡ് എം ഫില്‍ പൂർത്തിയാക്കാനാകാതെ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്ന് സഫൂറ കഴിഞ്ഞയാഴ്ച ട്വീറ്റ് ചെയ്തത് വാർത്തയായിരുന്നു.

പല തവണ കാലാവധി നീട്ടി നല്‍കിയെങ്കിലും സഫൂറയുടെ പ്രകടനം തൃപ്തികരമല്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. സൂപ്പർവൈസറും ഗവേഷക ഉപദേശക സമിതിയും അഡ്മിഷന്‍ റദ്ദാക്കണമെന്ന് ശുപാർശ ചെയ്തതിനാലാണ് ഡിപ്പാർട്ട്മെന്റ് റിസർച്ച് കമ്മിറ്റി തീരുമാനമെടുത്തതെന്ന് സർവകലാശാല അധികൃതർ പറയുന്നു. എന്നാല്‍ എട്ട് മാസമായി പ്രബന്ധം തടഞ്ഞ് വെച്ചിരിക്കുകയാണെന്നാണ് സഫൂറയുടെ ആരോപണം.

പല തവണ കാലാവധി നീട്ടി നല്‍കിയെങ്കിലും സഫൂറയുടെ പ്രകടനം തൃപ്തികരമല്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം

ഭരണകൂടത്തിന്റെ പീഡനത്തിന്റെ ഇരയാണ് താനെന്ന് കാണിച്ച് ജാമിഅ മിലിയ വൈസ് ചാന്‍സലർ നജ്മ അക്തറിന് സഫൂറ കത്ത് നല്‍കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരിയിലാണ് കോഴ്സിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. കോവിഡ് കണക്കിലെടുത്ത് അഞ്ച് തവണ കാലാവധി നീട്ടാമെന്നാണ് യുജിസി ചട്ടമെന്നും എന്നാല്‍ ഒരു തവണ മാത്രമാണ് തനിക്ക് കാലാവധി നീട്ടികിട്ടിയതെന്നും സഫൂറ പറയുന്നു. പെണ്‍കുട്ടികളുടെ കോഴ്സ് കാലാവധി ഒരു വർഷം നീട്ടി നല്‍കാനും യുജിസി ചട്ടമുണ്ട്. ഇതുപ്രകാരം സമയം നീട്ടി നല്‍കാന്‍ അഭ്യർത്ഥിച്ചെങ്കിലും സർവകലാശാല അതും നിഷേധിച്ചെന്ന് സഫൂറ കത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡിനെ തുടർന്ന് നീട്ടി നല്‍കിയ കാലാവധി ഫെബ്രുവരി ആറിനാണ് അവസാനിച്ചത്. അതിനകം പ്രബന്ധം പൂർത്തിയാക്കാന്‍ സഫൂറയ്ക്ക് കഴിഞ്ഞില്ലെന്ന് ഇതിനുപിന്നാലെ സർവകലാശാല പ്രസ്താവനയിറക്കി. 2017 ഒക്ടോബറിലെ സർവകലാശാല ചട്ടമനുസരിച്ച് സൂപ്പർവൈസറുടെയും ഗവേഷക ഉപദേശക സമിതിയുടെയും ശുപാർശ അനുസരിച്ചാണ് ഗവേഷണം പൂർത്തിയാക്കാന്‍ കാലാവധി നീട്ടി നല്‍കുന്നത്. അനുവദിച്ച കാലാവധി പൂർത്തിയായി രണ്ട് മാസം കഴിഞ്ഞാണ് സഫൂറ പുതിയ അപേക്ഷ നല്‍കിയതെന്നും മൂന്ന് തവണ സഫൂറയ്ക്ക് കാലാവധി നീട്ടി നല്‍കിയതാണെന്നും സർവകലാശാല പ്രസ്താവനയില്‍ പറഞ്ഞു. നടപടിക്കെതിരെ വിവിധ വിദ്യാർത്ഥി സംഘടനകള്‍ ജാമിഅ മിലിയ ക്യാമ്പസില്‍ പ്രതിഷേധിച്ചു.

2020 ല്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് സഫൂറ അറസ്റ്റിലായത്. ഗർഭിണിയായിരിക്കെ രണ്ടര മാസത്തോളം തിഹാർ ജയിലില്‍ കഴിഞ്ഞു. ഭീകരവിരുദ്ധ നിയമപ്രകാരവും യുഎപിഎ പ്രകാരവുമുള്ള കുറ്റങ്ങളാണ് സഫൂറയ്ക്കെതിരെ ചുമത്തിയിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാമിഅ കോർഡിനേഷന്‍ കമ്മിറ്റിയിലെ അംഗമായിരുന്നു സഫൂറ സർഗാർ. ഡല്‍ഹി കലാപത്തിന്റെ മുഖ്യസൂത്രധാരയാണ് സഫൂറയെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ ആരോപണം.

logo
The Fourth
www.thefourthnews.in