ജമ്മു കശ്മീർ ജനവിധി: തൂക്കുസഭയോ എൻസി-കോണ്‍ഗ്രസ് സർക്കാരോ? നിർണായകമാകാൻ പിഡിപി

ജമ്മു കശ്മീർ ജനവിധി: തൂക്കുസഭയോ എൻസി-കോണ്‍ഗ്രസ് സർക്കാരോ? നിർണായകമാകാൻ പിഡിപി

2014ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു മെഹബൂബ മുഫ്തിയുടെ പിഡിപി
Updated on
1 min read

ജമ്മു കശ്മീരിന്റെ ജനവിധി എന്തെന്ന് നാളെ തെളിയും. തൂക്കുസഭയായിരിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാർട്ടി (പിഡിപി) സർക്കാർ രൂപീകരണത്തില്‍ നിർണമായകമാകുമെന്നും പ്രവചനങ്ങളുണ്ട്. നാഷണല്‍ കോണ്‍ഫെറൻസും കോണ്‍ഗ്രസും ചേരുന്ന സഖ്യത്തില്‍ പങ്കാളിയാകാൻ പിഡിപി തയാറാകുമോ? പിഡിപി തയാറായാലും എതിർചേരിക്കാർക്കൊപ്പം നില്‍ക്കാൻ എൻസിക്ക് സാധിക്കുമോ?

ദേശീയ തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസും എൻസിയും ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണെന്ന് പറയാം. എൻസി 51 സീറ്റുകളിലും കോണ്‍ഗ്രസ് 32ലും മത്സരിച്ച. അഞ്ച് മണ്ഡലങ്ങളില്‍ നേർക്കുനേരും. കശ്മീർ ഡിവിഷനില്‍ ഒരു സീറ്റ് സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമിക്കും ജമ്മു കശ്മീർ നാഷണല്‍ പാന്തേഴ്‌സ് പാർട്ടിക്ക് ജമ്മു ഡിവിഷനിലും ഒരു സീറ്റുവിട്ടുനല്‍കി.

തൂക്കുസഭയെന്ന് പ്രവചനങ്ങളുണ്ടെങ്കിലും എൻസി - കോണ്‍ഗ്രസ് സഖ്യത്തിന് ചെറിയ മുൻതൂക്കം ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകള്‍. സർക്കാർ രൂപീകരണത്തിന് മറ്റ് പാർട്ടികളുടെയോ സ്വതന്ത്രരുടെയോ സഹായം തേടേണ്ടി വന്നേക്കാം. ഇവിടെയാണ് പിഡിപി നിർണായകമാകുക.

2014ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു മെഹബൂബ മുഫ്തിയുടെ പിഡിപി. 28 മണ്ഡലങ്ങളിലായിരുന്നു പിഡിപി സ്ഥാനാർഥികള്‍ വിജയിച്ചത്. സർക്കാർ രൂപീകരണത്തിനായി ബിജെപിക്കൊപ്പം ചേരേണ്ടി വന്നു അന്ന് പിഡിപിക്ക്. കേന്ദ്ര ഭരണത്തിന് കീഴിലായതോടെ ബിജെപി പിന്തുണ പിൻവലിക്കുകയും അനുച്ഛേദം 370 റദ്ദാക്കിയതിന് പിന്നാലെ സഖ്യം പൂർണമായും രണ്ട് തട്ടിലാകുകയും ചെയ്തു.

ജമ്മു കശ്മീർ ജനവിധി: തൂക്കുസഭയോ എൻസി-കോണ്‍ഗ്രസ് സർക്കാരോ? നിർണായകമാകാൻ പിഡിപി
കശ്മീർ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മുൻപ് അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്ത് ലെഫ്. ഗവർണർ, വ്യാപക പ്രതിഷേധം

ഭൂരിപക്ഷം നേടാൻ എൻസി-കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കാതെ പോയാല്‍ പിഡിപി നിർണായകമാകും. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ പിഡിപി സ്വഭാവികമായും സഖ്യത്തില്‍ ഉള്‍പ്പെടേണ്ടതാണ്. പക്ഷേ, എൻസിക്കൊപ്പം നില്‍ക്കാൻ പിഡിപിക്ക് സാധിക്കുമോയെന്നതാണ് ചോദ്യം. പ്രത്യേകിച്ചും ഇരുവരും തമ്മില്‍ ആശയപരമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ. സീറ്റ് വിട്ടുനല്‍കുന്നതിലെ എൻസിയുട താല്‍പ്പര്യക്കുറവാണ് തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാൻ പിഡിപിയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബാരമുള്ള മണ്ഡലത്തില്‍ എൻസിയുടെ വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയേയും പീപ്പിള്‍ കോണ്‍ഫറൻസ് (പിസി) നേതാവ് സജാദ് ലോണിനേയും പരാജയപ്പെടുത്തിയ എഞ്ചിനീർ റാഷിദിന്റെ പാർട്ടിക്ക് എത്രത്തോളം ചലനമുണ്ടാക്കാനാകുമെന്നതും നിർണായകമാകും. തീഹാർ ജയിലില്‍ കഴിയവെയായിരുന്നു റാഷിദ് മത്സരിച്ചത്.

ബാരമുള്ള ലോക്‌സഭ മണ്ഡലത്തിലെ 18 അസംബ്ലി മണ്ഡലങ്ങളില്‍ പതിനഞ്ചിലും ലീഡ് നേടാൻ റാഷിദിന് സാധിച്ചിരുന്നു. കശ്മീരിലുടനീളം 34 സീറ്റുകളിലാണ് റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയുടെ (എഐപി) പിന്തുണയോടെ സ്ഥാനാർത്ഥികള്‍ മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഒരുപക്ഷവുമായും എഐപിക്ക് സഖ്യമുണ്ട്. 10 സ്ഥാനാർഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ളത്.

logo
The Fourth
www.thefourthnews.in