'നിരാശയുണ്ട്, എന്നാലും പോരാടും, ഇത് അവസാനമല്ല'; സുപ്രീം കോടതി വിധിയില്‍ ജമ്മു കശ്മീര്‍ നേതാക്കള്‍

'നിരാശയുണ്ട്, എന്നാലും പോരാടും, ഇത് അവസാനമല്ല'; സുപ്രീം കോടതി വിധിയില്‍ ജമ്മു കശ്മീര്‍ നേതാക്കള്‍

സുപ്രീംകോടതി തങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നെന്നും വിധിയില്‍ നിരാശയുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു
Updated on
3 min read

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. സുപ്രീംകോടതി തങ്ങളുടെ അവസാന പ്രതീക്ഷയായിരുന്നെന്നും വിധിയില്‍ നിരാശയുണ്ടെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി പ്രസിഡന്റുമായ ഗുലാം നബി ആസാദ് പറഞ്ഞു.

'ഭരണഘടനയുടെ അനുച്ഛേദം 370, 35എ എന്നിവ ഞങ്ങളുടെ ജനതയുടെ വികാരം പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. രണ്ടും ഇന്നത്തോടെ അവസാനിച്ചു. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. ഞങ്ങളുടെ ഭൂമിക്ക് വിലകൂടും. ഇപ്പോള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും ജമ്മു കശ്മീരിലേക്ക് വരാം. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനുള്ള വലിയ വ്യവസായ സംരഭങ്ങള്‍ ഞങ്ങള്‍ക്കില്ല. പരിമിതമായ തൊഴില്‍ അവസരങ്ങള്‍ മാത്രമുള്ള ടൂറിസമാണ് ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. കുറച്ച് സര്‍ക്കാര്‍ ജോലികളുണ്ട് ഇപ്പോള്‍ എല്ലാവര്‍ക്കും (രാജ്യത്തെ എല്ലാ ഭാഗത്തു നിന്നും ഉള്ളവര്‍ക്ക്) അതിന് അപേക്ഷിക്കാം. ഇത് ഞങ്ങളുടെ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കും'-അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റ് 5ന് അനുച്ഛേദം 370 തിടുക്കപ്പെട്ട് റദ്ദാക്കിയത് തെറ്റായ നടപടിയായിരുന്നു. അതിനുമുന്‍പ് ജമ്മു കശ്മീരിലെ നേതാക്കളുമായി കൂടിയാലോചിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'നിരാശയുണ്ട്, എന്നാലും പോരാടും, ഇത് അവസാനമല്ല'; സുപ്രീം കോടതി വിധിയില്‍ ജമ്മു കശ്മീര്‍ നേതാക്കള്‍
'ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം'; സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

പ്രതീക്ഷ കൈവിടില്ല: മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീര്‍ ജനത പ്രതീക്ഷ കൈവിടില്ലെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്ത് പറഞ്ഞു. അനുച്ഛേദം 370 താത്കാലികമായതുകൊണ്ടാണ് റദ്ദാക്കിയത് എന്നാണ് സുപ്രീംകോടതി പറയുന്നത്. ഇത് നമ്മുടെ പരാജയമല്ല. ഇന്ത്യ എന്ന ആശയത്തിന്റെ പരാജയമാണ്'-മെഹ്‌മൂബ മുഫ്തി പറഞ്ഞു.

ജമ്മു കശ്മീര്‍ ജനത പ്രതീക്ഷ കൈവിടുകയും തോല്‍ക്കുകയുമില്ല. ബഹുമാനത്തിനും അന്തസിനും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുകതന്നെ ചെയ്യും. ഞങ്ങള്‍ക്കിത് പാതയുടെ അവസാനമല്ല.- മുഫ്തി പറഞ്ഞു.

മെഹ്ബൂബ മുഫ്തി
മെഹ്ബൂബ മുഫ്തി

നിരാശയുണ്ട്, പക്ഷേ തളരില്ല: ഒമര്‍ അബ്ദുല്ല

നിരാശയുണ്ടെങ്കിലും മനസ്സ് തളര്‍ന്നിട്ടില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല പറഞ്ഞു. പോരാട്ടം തുടരും. പതിറ്റാണ്ടുകളെടുത്താണ് ബിജെപി ഇവിടെയെത്തിയത്. ഞങ്ങളും ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറാണ്- അദ്ദേഹം പറഞ്ഞു.

ഒമര്‍ അബ്ദുല്ല
ഒമര്‍ അബ്ദുല്ല

ജമ്മു കശ്മീര്‍ ജനതയ്ക്ക് വീണ്ടും നീതി നിഷേധിക്കപ്പെട്ടെന്ന് മുന്‍ എംഎല്‍എയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവുമായ സജാദ് ലോണ്‍ പറഞ്ഞു. അനുച്ഛേദം 370 നിയമപരമായി ഇല്ലാതായേക്കാം. എന്നാല്‍, ഞങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങളുടെ ഭാഗമായി അത് എല്ലായിപ്പോഴും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സുപ്രീംകോടതി വിധി പറയുന്ന പശ്ചാത്തലത്തില്‍ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ജമ്മു കശ്മീരിലെ നേതാക്കള്‍ ആരോപിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ വീടിന്റെ ഗേറ്റുകള്‍ പോലീസ് സീല്‍ ചെയ്‌തെന്ന് പിഡിപി ആരോപിച്ചു. ഒമര്‍ ബ്ദുല്ലയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് നാഷണല്‍ കോണ്‍ഫറന്‍സും അറിയിച്ചു. തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് സിപിഎം എംഎല്‍എ യൂസുഫ് തരിഗാമിയും വ്യക്തമാക്കിയിരുന്നു.

ലഡു വിതരണം, ആഘോഷമാക്കി ബിജെപി

അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയില്‍ ആഹ്ലാദ പ്രകടനവുമായി ബിജെപി. മധുരം വിതരണം ചെയ്താണ് നേതാക്കള്‍ വിധി ആഘോഷമാക്കിയത്. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് പാവപ്പെട്ടവരുടേയും നീതി നിഷേധിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു. വിഘടനവാദവും കല്ലെറിയലും ഇപ്പോള്‍ പഴങ്കഥയാണ്. ഒത്തൊരുമ ശക്തിപ്പെട്ടിരിക്കുന്നു. ഭാരതത്തോടുള്ള അഖണ്ഡത ഊട്ടിയുറപ്പിക്കപ്പെട്ടു. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്. ഇനിയും അങ്ങനെ തുടരുകതന്നെ ചെയ്യും- അമിത് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇന്ത്യയില്‍ ചേര്‍ന്നതോടെ പ്രത്യേക പരമധികാരമില്ല: സുപ്രീംകോടതി

ഇന്ത്യയില്‍ ചേര്‍ന്നതോടെ, ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിര്‍ത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു. 2024 സെപ്തംബര്‍ 30-നകം ജമ്മു കശ്മീര്‍ നിയമസയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിര്‍ദേശം നല്‍കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് വിധിന്യായങ്ങളാണുള്ളത്.

'നിരാശയുണ്ട്, എന്നാലും പോരാടും, ഇത് അവസാനമല്ല'; സുപ്രീം കോടതി വിധിയില്‍ ജമ്മു കശ്മീര്‍ നേതാക്കള്‍
പേരുമാറ്റത്തിനൊരുങ്ങി വ്യോമസേന; നീക്കം ബഹിരാകാശ ശക്തിയാകുക എന്ന ലക്ഷ്യം

രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ നടപടി ഹര്‍ജിക്കാര്‍ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാനത്തിനായി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ല. ഇത് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയനിര്‍മ്മാണം നടത്താനുള്ള അധികാരം നിയമസഭയ്ക്ക് മാത്രമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സംസ്ഥാനത്തെ യുദ്ധസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള താത്കാലികമായി വ്യവസ്ഥയാണ് അനുച്ഛേദം 370. ജമ്മു കശ്മീര്‍ അസംബ്ലി പിരിച്ചുവിട്ടശേഷവും അനുച്ഛേദം 370(3) പ്രകാരം അനുച്ഛേദം 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. അനുച്ഛേദം ഒന്നു മുതല്‍ 370 വരെ ജമ്മുകശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തെ കേന്ദ്രഭരണപ്രദേശാമാക്കാമെന്ന് അനുച്ഛേദം മൂന്നില്‍ പറയുന്നതിനാല്‍ ലഡാക്കിനെ കേന്ദ്രഭരണപ്രദേശാമാക്കിയത് അംഗീകരിക്കുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് കഴിയുമോ എന്ന ചോദ്യം തുറന്നിരിക്കുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. 2024 സെപ്തംബര്‍ 30-നകം ജമ്മു കശ്മീര്‍ നിയമസയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് ജസ്റ്റിസ് കോടതി നിര്‍ദേശം നല്‍കി. ശേഷം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് വിധിപ്രസ്താവം നടത്തിയത്. അനുച്ഛേദം 370 ജമ്മു കശ്മീരിനെ സാവധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുല്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നെന്ന് ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാണിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ഈ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് വാദം കേള്‍ക്കലിന്റെ ആദ്യദിനങ്ങളില്‍ തന്നെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

logo
The Fourth
www.thefourthnews.in