നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണവേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം
പത്ത് വർഷത്തിനിടെ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശകരമായ ജനപങ്കാളിത്തത്തോടെ പങ്കുകൊണ്ട് കശ്മീർ. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ, മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി കാശ്മീർ നിർഭയമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷിയായി.
ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് കാശ്മീരിൽ നടക്കാൻ പോകുന്നത്. സ്വയംഭരണാധികാരമോ പ്രത്യേക അവകാശങ്ങളോ ഇല്ലാത്ത ഒരു സർക്കാർ ജമ്മു കശ്മീരിൽ അധികാരത്തിലെത്താൻ പോകുന്നു എന്നത് കൊണ്ട് തന്നെ എല്ലാവർക്കും ഒരുപോലെ നിർണായകമാണ് കശ്മീർ തിരഞ്ഞെടുപ്പ്.
സംസ്ഥാന രൂപീകരണ സമയത്ത് ആരായിരിക്കും ഭരണനേതൃത്വം വഹിക്കുകയെന്നതും തിരഞ്ഞെടുപ്പിനെ പ്രാധാന്യമുള്ളതാക്കുന്നു. അതുകൊണ്ട് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കശ്മീർ വേദിയായിട്ടുണ്ട്.
സ്വാതന്ത്രസ്ഥാനാർത്ഥികൾ, നിരവധി ചെറുപാർട്ടികൾ, ജമാഅത്തെ ഇസ്ലാമിയുടെ തിരഞ്ഞെടുപ്പിലേക്കുള്ള തിരിച്ചുവരവ്, എഞ്ചിനീയർ റാഷിദിന് ജാമ്യം ലഭിച്ചത്, അവസാന നിമിഷം നടന്ന റാഷിദിന്റെ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള 'തന്ത്രപരമായ സഖ്യം' തുടങ്ങിയ നിരവധി സംഭവങ്ങൾ തിരഞ്ഞെടുപ്പിന് മുൻപായി കശ്മീരിൽ നടന്നിട്ടുണ്ട്.
എന്നാൽ, പ്രധാനമായും കാശ്മീരിൽ പോരാട്ടം നടക്കുന്നത് മുഖ്യധാരാ പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലാണ്.
ജമ്മുവിൽ മുഖ്യധാരാ ദേശീയ പാർട്ടികളായ ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ജമ്മു കശ്മീരിലെ 90 അസംബ്ലി മണ്ഡലങ്ങളിൽ 24 എണ്ണത്തിൽ സെപ്റ്റംബർ 18 നാണ് വോട്ടെടുപ്പ് നടക്കുക. ഇതിൽ 16 സീറ്റുകൾ കശ്മീർ മേഖലയിലും എട്ട് എണ്ണം ജമ്മുവിലുമാണ്. ആകെ 90 നിയമസഭ സീറ്റുകളാണ് ജമ്മു കശ്മീരിലുള്ളത്. 43 എണ്ണം ജമ്മുവിലും 47 എണ്ണം കശ്മീരിലും.
കശ്മീരിലെ 47 നിയമസഭാ മണ്ഡലങ്ങളിലായി 19 സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി മത്സരിപ്പിക്കുന്നത്. സ്വതന്ത്രരും എഞ്ചിനീയർ റാഷിദിൻ്റെ അവാമി ഇത്തേഹാദ് പാർട്ടിയും (എഐപി), അപ്നി പാർട്ടിയും പോലുള്ള ചെറുപാർട്ടികളും ബിജെപിയുടെ തന്നെ നിഴൽ സംവിധാനങ്ങൾ ആണെന്നാണ് എൻസിപിയും പിഡിപിയും അടക്കമുള്ളവരുടെ ആരോപണം. കശ്മീരിൽ ബിജെപി മത്സരിക്കുന്ന 19 സീറ്റുകളിൽ എട്ടെണ്ണത്തിലും ആദ്യഘട്ടത്തിൽ മത്സരം നടക്കും.
കോൺഗ്രസ്-എൻസി സീറ്റ് വിഭജനത്തിന് കീഴിൽ, കോൺഗ്രസ് ജമ്മുവിൽ 29 സീറ്റുകളിലും കശ്മീരിൽ ഒമ്പത് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എൻസി 17 ജമ്മുവിലും 39 കശ്മീരിലും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ മേഖലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ ശക്തമായ പ്രചാരണമാണ് നടന്നത്. ബിജെപി വിരുദ്ധ രാഷ്ട്രീയം, മുഫ്തി മുഹമ്മദ് സയീദിൻ്റെ ജനപക്ഷ ഭരണം എന്നിവയിൽ അധിഷ്ടിതമാണ് മെഹബൂബ മുഫ്തിയുടെ പിഡിപിയുടെ പ്രചാരണം.
ബിജെപി വിരുദ്ധ പ്രചാരണം നടത്തിയ ശേഷം 2014 ൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയുമായി കൈകോർത്തതിലെ പിഡിപിയുടെ വഞ്ചനയെ ചുറ്റിപ്പറ്റിയാണ് എൻസിയുടെ പ്രചാരണം. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനും ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകാനും ശ്രമിക്കുമെന്ന് ഇരു പാർട്ടികളും വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാന പദവി തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, കോൺഗ്രസ് ജമ്മു കശ്മീരിന് നഷ്ടപ്പെട്ട പ്രത്യേക പദവിയെക്കുറിച്ച് പ്രത്യേകം വാഗ്ദാനങ്ങൾ ഒന്നും നൽകിയില്ല. ബിജെപിയെ സംബന്ധിച്ച് 'കുടുംബ രാഷ്ട്രീയം' ആണ് പ്രധാന പ്രചാരണായുധം.