'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്': ഗാന്ധി വധത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം

'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്': ഗാന്ധി വധത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം

ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. അത് ചെയ്തവനെ എനിക്ക് ഭ്രാന്തനെന്ന് വിളിക്കാന്‍ മാത്രമേ കഴിയൂ
Updated on
3 min read

ചരിത്രത്തിലെ മഹത്തായ പ്രസംഗങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണ് മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നാലെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നടത്തിയത്. നമ്മുടെ ജീവിതത്തിന്റെ പ്രകാശം കെട്ടിരിക്കുന്നുവെന്ന് തുടങ്ങുന്ന ഈ പ്രസംഗം 1948 ജനുവരി മുപ്പതിനായിരുന്നു നെഹ്റു നടത്തിയത്. നഥുറാം ഗോഡ്‌സെയെന്ന മതഭ്രാന്തന്റെ വെടിയേറ്റ് മഹാത്മജി കൊല്ലപ്പെട്ടതിനുപിന്നാലെ അന്ന് വൈകിട്ട് ആകാശവാണിയിലൂടെയായിരുന്നു നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തത്. യാതൊരു തയ്യാറെടുപ്പും കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇംഗ്ലീഷിലായിരുന്നു ആ പ്രസംഗം.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രാജ്യത്ത് ആവശ്യത്തിന് വിഷം പടര്‍ന്നിരുന്നു. അത് ആളുകളുടെ മനസില്‍ സ്വാധീനം ചെലുത്തി. നാം ഈ വിഷത്തെ നേരിടണം, അവ വേരോടെ പിഴുതെറിയണം, നമ്മെ വലയം ചെയ്യുന്ന എല്ലാ ആപത്തുകളെയും നാം നേരിടണം

സുഹൃത്തുക്കളെ സഖാക്കളേ,

നമ്മുടെ ജീവിതത്തിലെ പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്. നിങ്ങളോട് എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, രാഷ്ട്രപിതാവെന്ന് നാം വിളിച്ചിരുന്ന ബാപ്പു ഇനിയില്ല. ഒരുപക്ഷേ ഞാന്‍ അങ്ങനെ പറഞ്ഞത് തെറ്റായിരിക്കാം. എന്നിരുന്നാലും ഇത്രയും വര്‍ഷം നമ്മള്‍ അദ്ദേഹത്തെ കണ്ടപോലെ ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ല. ഉപദേശത്തിനായി ഓടിച്ചെല്ലാനും അദ്ദേഹത്തില്‍നിന്ന് ആശ്വാസം തേടാനും ഇനി കഴിയില്ല. എനിക്ക് മാത്രമല്ല രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്കേറ്റ പ്രഹരമാണത്. എന്റെയോ മറ്റാരുടേയെങ്കിലുമോ ഉപദേശത്തിന് ആ പ്രഹരത്തിന്റെ തീവ്രത കുറയ്ക്കുക സാധ്യമല്ല.

വെളിച്ചം അണഞ്ഞുവെന്ന് പറഞ്ഞതില്‍ എനിക്ക് തെറ്റുപറ്റി. എന്തെന്നാല്‍, ഈ രാജ്യത്ത് പ്രകാശിച്ചിരുന്ന വെളിച്ചം സാധാരണ വെളിച്ചമായിരുന്നില്ല. ഇത്രയും വര്‍ഷം ഈ നാടിനെ പ്രകാശിപ്പിച്ച ആ വെളിച്ചം ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ തുടരും. ആയിരം വര്‍ഷങ്ങള്‍ക്കുശേഷവും ആ വെളിച്ചം ഈ നാട്ടില്‍ തുടരുകയും ലോകം കാണുകയും അത് എണ്ണമറ്റ ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്യും. കാരണം, സത്വരഭൂതകാലത്തേക്കാള്‍ ജീവിക്കുന്നതും ശാശ്വതവുമായ സത്യത്തെയാണ് ആ വെളിച്ചം പ്രതിനിധീകരിക്കുന്നത്. അവ ശരിയായ പാതയെ ഓര്‍മിപ്പിക്കുന്നു. തെറ്റില്‍നിന്ന് നമ്മെ മാറ്റിനടത്തുന്നു. ഈ പുരാതന രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു.

'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്': ഗാന്ധി വധത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം
കുറ്റമൊന്നും തെളിയിക്കപ്പെടാതെ തടവറയിൽ നാലുവർഷം; ജാമ്യമില്ലാതെ ഷർജീൽ ഇമാം

ഇനിയും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്യാനിരിക്കെയാണ് ഇതെല്ലാം സംഭവിച്ചത്. അദ്ദേഹം ദൗത്യം പൂർത്തീകരിച്ചുവെന്നോ പ്രയോജനരഹിതനാണെന്നോ ചിന്തിക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല. എന്നാലിപ്പോള്‍ പ്രത്യേകിച്ചും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഈ സമയത്ത് അദ്ദേഹം നമ്മളോടൊപ്പമില്ലാത്തത് വലിയൊരു അടിയാണ്.

ഒരു ഭ്രാന്തന്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. അത് ചെയ്തവനെ എനിക്ക് ഭ്രാന്തനെന്ന് മാത്രമേ വിളിക്കാന്‍ കഴിയൂ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രാജ്യത്ത് ആവശ്യത്തിന് വിഷം പടര്‍ന്നിരുന്നു. അത് ആളുകളുടെ മനസ്സില്‍ സ്വാധീനം ചെലുത്തി. നാം ഈ വിഷത്തെ നേരിടണം, അവ വേരോടെ പിഴുതെറിയണം, നമ്മെ വലയം ചെയ്യുന്ന എല്ലാ ആപത്തുകളെയും നാം നേരിടണം, അവയെ ഭ്രാന്തമായോ മോശമായോ അല്ല, മറിച്ച് അവയെ നേരിടാന്‍ നമ്മുടെ പ്രിയപ്പെട്ട അധ്യാപകന്‍ നമ്മെ പഠിപ്പിച്ച രീതിയില്‍ തന്നെ നേരിടണം.

ജവഹര്‍ലാല്‍ നെഹ്റു
ജവഹര്‍ലാല്‍ നെഹ്റു

അയാള്‍ രോഷാകുലനാണെന്ന് കരുതി നമ്മളാരും മോശമായി പെരുമാറാന്‍ തയ്യാറാകരുതെന്നതാണ് ആദ്യം ഓര്‍ക്കേണ്ട കാര്യം. ഉറച്ച, നിശ്ചയദാര്‍ഢ്യമുള്ള ആളുകളായി നാം പെരുമാറണം. നമ്മെ ചുറ്റിപ്പറ്റിയുള്ള എല്ലാ ആപത്തുകളെയും നേരിടാന്‍, നമ്മുടെ മഹാനായ അധ്യാപകനും നേതാവും നല്‍കിയ നിയോഗം നടപ്പിലാക്കാന്‍ നമ്മള്‍ ദൃഢനിശ്ചയം ചെയ്യണം. ഞാന്‍ വിശ്വസിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ ആത്മാവ് നമ്മെ നോക്കികൊണ്ടിരിക്കുകയാണെന്ന് എപ്പോഴും ഓര്‍ക്കുക. നമ്മുടെ പെരുമാറ്റത്തില്‍ അക്രമത്തിന്റെ ചെറിയ ശകലമെങ്കിലും ഉണ്ടാകുന്നതുപോലെ അദ്ദേഹത്തിന്റെ ആത്മാവിന് അനിഷ്ടം വരുത്തുന്ന മറ്റൊന്നുമുണ്ടാകില്ല.

'പ്രകാശം കെട്ടിരിക്കുന്നു, എല്ലായിടത്തും ഇരുട്ടാണ്': ഗാന്ധി വധത്തിനു പിന്നാലെ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗം
ലോക്‌സഭാ പോരാട്ടം: സ്കോർബോർഡിൽ നേരിയ പോയിന്റിന് മുന്നേറുന്ന ബിജെപി; തിരിച്ചുവരവിനൊരുങ്ങി പ്രതിപക്ഷം

അതുകൊണ്ട് നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അതിനര്‍ഥം നമ്മള്‍ ദുര്‍ബലരായി നില്‍ക്കണമെന്നല്ല. മറിച്ച് നമ്മുടെ മുന്നിലുള്ള എല്ലാ പ്രശ്നങ്ങളെയും ശക്തിയോടെയും ഐക്യത്തോടെയും നേരിടണം. നാം ഒരുമിച്ചുനില്‍ക്കണം, നമ്മുടെ എല്ലാ നിസാര പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സംഘര്‍ഷങ്ങളും ഈ മഹാവിപത്തോടെ അവസാനിപ്പിക്കണം. ജീവിതത്തിലെ എല്ലാ വലിയ കാര്യങ്ങളും ഓര്‍ത്തിരിക്കാനും നമ്മള്‍ വളരെയധികം ചിന്തിച്ചുകൂട്ടിയ ചെറിയ കാര്യങ്ങള്‍ മറക്കുന്നതിനുമുള്ള അടയാളമാണ് ഈ വലിയ ദുരന്തം. അദ്ദേഹത്തിന്റെ മരണത്തില്‍, ജീവിതത്തിലെ വലിയ കാര്യങ്ങളെക്കുറിച്ച്, ജീവനുള്ള സത്യത്തെക്കുറിച്ച് അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. അതോര്‍ക്കുകയാണ് ഇന്ത്യയ്ക്ക് നല്ലത്.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മഹാത്മജിയുടെ മൃതദേഹം കുറച്ചുദിവസത്തേക്ക് എംബാം ചെയ്യണമെന്ന് ചില സുഹൃത്തുക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍ അങ്ങനെയുണ്ടാകരുതെന്ന തന്റെ ആഗ്രഹം അദ്ദേഹം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിരുന്നു. തന്റെ ശരീരം എംബാം ചെയ്യുന്നതിനെ അദ്ദേഹം പൂര്‍ണമായും എതിര്‍ത്തിരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹം പാലിക്കണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റു പലരും ആഗ്രഹിച്ചിട്ടുണ്ടാകുമെങ്കിലും അങ്ങനെയൊന്നും സംഭവിക്കരുതെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.

ശവസംസ്‌കാരം ശനിയാഴ്ച ഡല്‍ഹിയിലെ യമുന നദിക്കരയില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 11.30ന് ബിര്‍ള ഹൗസില്‍നിന്ന് മൃതദേഹം നിര്‍ദിഷ്ട പാതയിലൂടെ യമുന നദിക്കരയിലേക്ക് കൊണ്ടുപോകും. ഏകദേശം നാല് മണിക്ക് അവിടെ സംസ്‌കാരം നടക്കും. സ്ഥലവും വഴിയും റേഡിയോയിലൂടെയും മാധ്യമങ്ങളിലൂടെയും അറിയിക്കും.

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ ഈ വഴിയില്‍ ഒത്തുകൂടണം. ഒരുപാട് പേര്‍ ബിര്‍ള ഹൗസിലേക്ക് എത്തണമെന്ന് ഞാന്‍ പറയില്ല. ബിര്‍ള ഹൗസില്‍നിന്ന് യമുന നദിയിലേക്കുള്ള നീണ്ടപാതയുടെ ഇരുവശങ്ങളിലും ഒത്തുകൂടാനാണ് ഞാന്‍ ഉപദേശിക്കുന്നത്. പ്രകടനങ്ങളൊന്നുമില്ലാതെ അവര്‍ അവിടെ നിശബ്ദരായി നിലകൊള്ളുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതാണ് ഈ മഹാത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള ഏറ്റവും നല്ലതും ഉചിതവുമായ മാര്‍ഗം. കൂടാതെ, ശനിയാഴ്ച നമുക്കെല്ലാവര്‍ക്കും ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിവസമായിരിക്കണം.

മറ്റെവിടെയെങ്കിലും, ഡല്‍ഹിക്ക് പുറത്ത്, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍, ഈ അന്ത്യാഞ്ജലിയില്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ പങ്കെടുക്കുമെന്നതില്‍ സംശയമില്ല. അവര്‍ക്കും ഇത് ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിനമാകട്ടെ. ശവസംസ്‌കാരത്തിന് നിശ്ചയിച്ചിരിക്കുന്ന സമയത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആളുകള്‍ നദിയിലോ കടലിലോ പോയി പ്രാര്‍ഥിക്കണം. ഈ മഹാനായ സ്വദേശി എന്തിനുവേണ്ടിയാണോ ജീവിച്ചത്, അദ്ദേഹം എന്തിനുവേണ്ടിയാണോ മരിച്ചത്, ആ സത്യത്തിന് വേണ്ടി നമ്മള്‍ സ്വയം അര്‍പ്പിക്കുകയെന്നതാണ് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രാര്‍ഥന. നമുക്കും ഇന്ത്യയ്ക്കും അര്‍പ്പിക്കാനാകുന്ന ഏറ്റവും നല്ല പ്രാര്‍ഥനയും അതാണ്.

ജയ്ഹിന്ദ്

logo
The Fourth
www.thefourthnews.in