പിടിച്ചെടുത്ത സ്വത്തുവകകൾ ജയലളിതയുടെ
അനന്തരാവകാശികൾക്ക് കിട്ടില്ല; ഹർജി തള്ളി കോടതി

പിടിച്ചെടുത്ത സ്വത്തുവകകൾ ജയലളിതയുടെ അനന്തരാവകാശികൾക്ക് കിട്ടില്ല; ഹർജി തള്ളി കോടതി

ജയലളിതയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ തടസമില്ലെന്ന് കോടതി
Updated on
1 min read

അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് തെളിവായി പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരാവാകാശികൾക്ക് വിട്ടുനൽകില്ല. സ്വത്തുവകകൾക്ക് മേൽ അവകാശ വാദം ഉന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി.

ജയലളിതയുടെ സ്വത്തിന്റെ അനന്തരാവകാശം സഹോദരൻ ജയരാമന്റെ മക്കൾക്കാണെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ചായിരുന്നു ദീപയും ദീപക്കും കോടതിയെ സമീപിച്ചത്. പ്രതി മരിച്ചാലും കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറാനാകില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്.

1996 ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് 27 വർഷങ്ങൾക്ക് മുൻപ് ചെന്നൈയിലും ജയലളിതയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്ത തൊണ്ടി മുതലിനാണ് ദീപയും ദീപക്കും അവകാശവാദം ഉന്നയിച്ചെത്തിയത്. കേസിന്റെ വിചാരണ 20 വര്ഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടി മുതൽ കർണാടക നിയമസഭ മന്ദിരമായ വിധാൻ സൗധയിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിക്കാൻ തുടങ്ങിയത്. ഏഴ് കിലോഗ്രാം തൂക്കം വരുന്ന സ്വർണ-വജ്ര ആഭരണങ്ങൾ ഉൾപ്പടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

600 കിലോ വെള്ളി ആഭരണങ്ങൾ, പതിനായിരത്തോളം പട്ട് സാരികൾ, 250 ഷോളുകൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകൾ തുടങ്ങിയവയും ജയലളിതയുടെ വീടായ വേദ നിലയത്തിൽ നിന്നടക്കം പിടിച്ചെടുത്തതിൽ പെടും. ഇവയെല്ലാം ലേലം ചെയ്യാൻ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടെയായിരുന്നു മദ്രാസ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ദീപയും ദീപക്കും പ്രത്യേക കോടതിയെ സമീപിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്കും കൂട്ട് പ്രതികൾക്കും നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ വിധി നടപ്പിലാകും മുൻപ് ജയലളിത മരിച്ചു. 2017 ൽ കൂട്ട് പ്രതികളായ തോഴി വി കെ ശശികല, ഇളവരശി, ദത്തുപുത്രൻ സുധാകർ എന്നിവരെ ജയിലിലടച്ചു. 2021ൽ ശിക്ഷ പൂർത്തിയാക്കി മൂവരും ജയിൽ മോചിതരായി. 100  കോടി രൂപയായിരുന്നു ജയലളിതയ്ക്ക് പിഴ വിധിച്ചത്. പ്രതി മരിച്ചുവെങ്കിലും സ്വത്ത് വകകളിൽ നിന്ന് കോടതി ഇത് ഈടാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in