ജയലളിതയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അധ്യക്ഷന്‍ ജസ്റ്റിസ് അറുമുഖസ്വാമി നേരിട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് കൈമാറിയത്. 150-ലധികം സാക്ഷികളെ വിസ്തരിച്ചാണ് 500 പേജുളള റിപ്പോർട്ട് തയാറാക്കിയതെന്ന് ജസ്റ്റിസ് അറുമുഖസ്വാമി പറഞ്ഞു.
റിപ്പോർട്ട് പുറത്ത് വിടുന്നത് സംബന്ധിച്ചു സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റിപ്പോർട്ട് തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പാകെ വയ്ക്കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 2021 ഏപ്രിലിൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.
എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം, ജയലളിതയുടെ അനന്തരവള്‍ ദീപ, അനന്തരവന്‍ ദീപക്, ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കമ്മിഷൻ വിസ്തരിച്ച സാക്ഷികളില്‍ ഉള്‍പ്പെടുന്നു. സി വിജയഭാസ്‌കര്‍ (മുന്‍ ആരോഗ്യമന്ത്രി), എം തമ്പി ദുരൈ, സി പൊന്നയ്യന്‍, മനോജ് പാണ്ഡ്യന്‍ തുടങ്ങിയ എഐഎഡിഎംകെ നേതാക്കളാണ് കമ്മീഷനുമുന്നില്‍ മൊഴി നല്‍കിയത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദീപയും ദീപക്കും ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.
ജയലളിതയുടെ വിശ്വസ്തയായ വി കെ ശശികല സംഭവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മുഖേന 2018ല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജയലളിതയെ ആശുപത്രിയില്‍ കൊണ്ടുപേകുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശശികലയുടെ സത്യവാങ്മൂലത്തിലുള്ളത്. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ഇതിന് മുമ്പ് 75 ദിവസം വരെ അവർ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയലളിത മരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് മരണത്തെക്കുറിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) റിപ്പോർട്ട് നൽകിയത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ വശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കമ്മീഷനെ സഹായിക്കുന്നതിനായി എയിംസ് പാനലും നടപടികളില്‍ പങ്കെടുത്തിരുന്നു. മുൻ എഐഎഡിഎംകെ സർക്കാർ രൂപീകരിച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ 2017 നവംബർ 22നാണ് കേസിൽ വാദം തുടങ്ങിയത്. ജസ്റ്റിസ് അറുമുഖസ്വാമി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാണ്.