അതിജീവനത്തിനായി ജെഡിഎസ്; ഗുണം ചെയ്യുമോ ബിജെപി ബാന്ധവം?
ഒടുവിലവർ വീണ്ടും ഒന്നിക്കുകയാണ്. ജെഡിഎസും ബിജെപിയും കർണാടകയിൽ പുതു ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹി കേന്ദ്രീകരിച്ച് കറങ്ങി തിരിയുകയായിരുന്നു എച്ച് ഡി കുമാരസ്വാമിയും നിഖിൽ കുമാരസ്വാമിയും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ബിജെപി ദേശീയ നേതൃത്വം പ്രസാദിച്ചു. അച്ഛനെയും മകനെയും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും അമിത് ഷായും എൻഡിഎ മുന്നണിയിലേക്ക് കൈപിടിച്ചാനയിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ നിലംപരിശായ ജനതാദൾ എസ് അതിജീവനത്തിനുള്ള പിടിവള്ളിയായി കാണുകയാണ് എൻഡിഎ മുന്നണി പ്രവേശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 224 സീറ്റുകളിൽ വെറും 19 എണ്ണത്തിൽ മാത്രമായിരുന്നു ജെഡിഎസ് സ്ഥാനാർഥികൾ വിജയിച്ചത്. ജെഡിഎസിന്റെ കുത്തകയായിരുന്ന പഴയ മൈസൂരു മേഖലയാകെ പാർട്ടിക്ക് തിരിച്ചടി നൽകി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ചിട്ടും രാമനഗര പോലുള്ള പാർട്ടി ശക്തി കേന്ദ്രത്തിൽ പോലും രക്ഷയുണ്ടായില്ല. കാൽ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് നിസ്സംഗതയോടെ നോക്കി നിന്നാൽ ജെഡിഎസ് കർണാടകയിൽ നാമാവശേഷമാകാൻ ഇനിയധികം സമയമെടുക്കില്ലെന്ന് ഗൗഡ പരിവാർ തിരിച്ചറിഞ്ഞിരിക്കുന്നു. പാർട്ടിയെ പഴയ പ്രതാപത്തിലെത്തിച്ച് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ദേവെ ഗൗഡയ്ക്കും മക്കൾക്കും ആത്മവിശ്വാസം തീരെയില്ല. അതിനാണ് ബിജെപി ബാന്ധവമെന്ന കുറുക്കുവഴി തേടിയിരിക്കുന്നത്.
കർണാടകയിൽ ബിജെപിയോട് ജെഡിഎസ് ഐക്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്ത് പേരിന് മാത്രമായിരുന്നു ജെഡിഎസിന്റെ പ്രതിപക്ഷ പ്രവർത്തനം. നിയമ നിർമാണ കൗൺസിലിൽ ഉൾപ്പടെ ബിജെപിയുമായി 'നല്ല സഹകരണം' ആയിരുന്നു ജെഡിഎസിന്. ബിജെപി അനുകൂല നിലപാടെടുത്ത് ജെഡിഎസ് പലപ്പോഴും കോൺഗ്രസിനെയും കന്നഡിഗരെയും ഞെട്ടിച്ചു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ ദേവഗൗഡ പങ്കെടുത്തുമൊക്കെ ബിജെപിയോട് കൂറ് കാട്ടി. ബെംഗളൂരുവിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്ന് ജെഡിഎസ് വിശ്വാസ്യതയും പുലർത്തി. കർണാടക നിയമസഭയിൽ ബിജെപിക്കൊപ്പം പ്രതിപക്ഷ ബെഞ്ചിൽ നിന്ന് കോൺഗ്രസിന് വെല്ലുവിളി ഉയർത്തി. നേതാക്കൾക്കൊപ്പം സർക്കാർ വിരുദ്ധ സമരങ്ങളിൽ കുമാരസ്വാമിയും കൂട്ടരും അണിനിരന്നു.
ജെഡിഎസിനെ പോലെ തന്നെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം കിട്ടിയ ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാൻ പഴയ പ്രസരിപ്പും ഊർജ്ജവുമില്ല. 2019ൽ ലഭിച്ച 25 സീറ്റുകൾ ഇത്തവണ സ്വപ്നം കാണാൻ പോലും ധൈര്യമില്ല. പാർട്ടിയിലെ വിഭാഗീയത കാരണം ദേശീയ നേതൃത്വവും കൂടുതലൊന്നും കർണാടകയിൽ നിന്ന് സ്വപ്നം കാണുന്നില്ല. ഈ സാഹചര്യത്തിൽ കർണാടകയിൽ ജെഡിഎസിനെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ചെറു പാർട്ടികളെ എൻഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ജെഡിഎസുമായുള്ള ചർച്ചകൾക്ക് ദേശീയ നേതൃത്വം തുടക്കമിട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകെയുള്ള 28 സീറ്റുകളിൽ അഞ്ച് സീറ്റുകളെങ്കിലും ജെഡിഎസിന് വിട്ട് നൽകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ മാത്രമാണ് ജെഡിഎസ് സ്ഥാനാർഥി വിജയിച്ചത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും പൗത്രൻ നിഖിൽ കുമാരസ്വാമിയും വരെ പരാജയം രുചിച്ചിരുന്നു. അന്ന് കോൺഗ്രസുമായി സഖ്യം ചേർന്നായിരുന്നു ജെഡിഎസ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ സഖ്യം പിരിയുകയും ചെയ്തു. സീറ്റിന്റെ കാര്യത്തിൽ വലിയ വിലപേശലിനൊന്നും ജെഡിഎസ് ഇത്തവണ പോകാനിടയില്ല. മൂന്നോ നാലോ ജയ സാധ്യതയുള്ള സീറ്റുകൾ കിട്ടിയാൽ കണ്ണുമടച്ച് തൃപ്തിപ്പോടുമെന്നാണ് ലഭിക്കുന്ന സൂചന. ഹാസൻ, മണ്ടിയ, തുംകൂർ, ബെംഗളൂരു നോർത്ത് മണ്ഡലങ്ങളായിരിക്കും ജെഡിഎസിന് ലഭിക്കുക.
ജെഡിഎസ്ന്റെ സാധാരണ പ്രവർത്തകർക്കിടയിൽ ബിജെപി ബാന്ധവത്തെ ചൊല്ലി അതൃപ്തി നിലനിൽക്കുന്നുണ്ട്. ജെഡിഎസ് വോട്ടുബാങ്കും പ്രബല സമുദായവുമായ വൊക്കലിഗരുടെ പിന്തുണയും കുറവാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓൾഡ് മൈസൂരു മേഖല ഒന്നാകെ കോൺഗ്രസിന് വോട്ടുചെയ്തത് തൂക്കുസഭ വന്നാൽ ജെഡിഎസ് ബിജെപിയോട് കൂട്ട് കൂടുന്നത് ഭയന്നായിരുന്നു. പാർട്ടി തീരുമാനങ്ങൾ ഗൗഡ കുടുംബത്തിന്റെ മാത്രം തീരുമാനമാകുന്നതിൽ സാധാരണ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ബാന്ധവം കൊണ്ട് ജെഡിഎസ് ഗതിപിടിക്കുമോയെന്ന് കണ്ടറിയുക തന്നെ വേണം .
2006ൽ ആയിരുന്നു ഇതിനുമുൻപ് ജെഡിഎസ് ബിജെപിയുമായി കൂട്ട് കൂടിയത്. 2004 ൽ അധികാരത്തിലിരുന്ന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചായിരുന്നു ദേവ ഗൗഡയും മകനും ബിജെപിക്കൊപ്പം പോയത്. ധരം സിങ് സർക്കാരിനെ മറിച്ചിട്ട് അധികാരം പിടിച്ച ബിജെപിക്കൊപ്പം നിന്ന് കുമാരസ്വാമി മുഖ്യമന്ത്രിയായി. 20 മാസങ്ങളായി അധികാരം പങ്കിടുമെന്ന വാക്ക് ജെഡിഎസ് പാലിച്ചില്ല. മുഖ്യമന്ത്രി പദവി ബിജെപിക്ക് വച്ച് മാറാതെ വന്നപ്പോൾ പിന്തുണ പിൻവലിച്ച് സർക്കാർ നിലം പൊത്തി. അതിനുശേഷം 17 വർഷങ്ങൾക്കിപ്പുറമാണ് അവരൊന്നിക്കുന്നത്. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തിക്താനുഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ദേവഗൗഡയും കുമാരസ്വാമിയും പറയാറുണ്ട്. ഇത്രയും കാലം പ്രവർത്തിച്ചിട്ടും കന്നഡിഗർക്കിടയിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കാൻ കഴിയാതെ പടവലങ്ങയുടെ വളർച്ചപോലെ കീഴ്പോട്ട് വളരുകയാണ് ജെഡിഎസ്.