കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു
ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള ഇന്ത്യസഖ്യം സംസ്ഥാനത്തെ 81 നിയമസഭാ മണ്ഡലങ്ങളിൽ 56 എണ്ണത്തിലും ലീഡ് നേടിയതിന് പിന്നാലെ ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി തിരിച്ചെത്തുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കേണ്ടത് ഹേമന്ത് സോറന്റെ കൂടി ആവശ്യമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയേണ്ടിവന്ന ഹേമന്ത് സോറന്‍, പകരം മുഖ്യമന്ത്രി കസേര നല്‍കിയ ചംപയ് സോറന്‍ ബിജെപി പാളയത്തിലെത്തിയത്... ഇതിനെല്ലാമുള്ള മറുപടിയാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തിയതോടെ ഇന്ത്യ മുന്നണിയിലൂടെ ഹേമന്ത് സോറന്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നാല് സീറ്റുകൾ കുറഞ്ഞ് 21 സീറ്റുകളാണ് ബിജെപി നേടിയത് - മത്സരിച്ച 68 സീറ്റുകളിൽ 33.18 ശതമാനം വോട്ട് വിഹിതമാണ് നേടാനായത്. ഇന്ത്യ സഖ്യമാകട്ടെ കേവല ഭൂരിപക്ഷത്തിനുവേണ്ട 41 സീറ്റ് മറികടന്ന് 56 സീറ്റുകളുമായി വിജയക്കൊടി നാട്ടി. 81ല്‍ 41 സീറ്റിലും ജെഎംഎമ്മിനെ മത്സരിപ്പിച്ച ഇന്ത്യ സഖ്യത്തിന്റെ തീരുമാനവും നിര്‍ണായകമായിരുന്നു. 2019-ലെ തിരഞ്ഞെടുപ്പില്‍ 30 സീറ്റായിരുന്നു ജെഎംഎമ്മിന് ലഭിച്ചത്. അതിനെക്കാള്‍ നാല് സീറ്റുകള്‍ അധികം നേടി 34 സീറ്റിലാണ് ജെഎംഎം വിജയിച്ചത്. കോൺഗ്രസ് 16 എണ്ണം നിലനിർത്തി. മറ്റ് ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷികളിൽ ആര്‍ജെഡി 4 ഉം സിപിഐഎംഎല്‍എല്‍ 2 ഉം നേടി.
ഇരുന്നൂറിലധികം റാലികളോടെ ഹേമന്ത് സോറനും ഭാര്യ കൽപ്പനയും അവരുടെ ക്ഷേമ പദ്ധതികൾക്ക് അനുകൂലമായി വോട്ട് തേടി. മയ്യാ സമ്മാൻ യോജന, 18-50 വയസ്സിനിടയിലുള്ള എല്ലാ അധഃസ്ഥിതരായ സ്ത്രീകൾക്ക് 1,000 രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം; 40 ലക്ഷം കുടുംബങ്ങളുടെ 3500 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി, 1000 മുതൽ 40 ലക്ഷം വരെ പെൻഷൻ സാർവത്രികമാക്കും എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം വിജയംകണ്ടു എന്നുവേണം മനസിലാക്കാന്‍.