സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെയും പ്രമേയം അംഗീകരിച്ചിട്ടില്ല
Updated on
1 min read

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ അംഗീകരിക്കാതിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജാർഖണ്ഡ് സർക്കാർ സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാർ ബോധപൂർവം കാര്യങ്ങൾ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹർജിയുമായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജൂലൈ പതിനൊന്നിന് കൊളീജിയം പാസാക്കിയ പ്രമേയം, ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവുവിനെ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെയും പ്രമേയം അംഗീകരിച്ചിട്ടില്ല.

ജൂലൈ 19നാണ് ജാർഖണ്ഡ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ബി ആർ സാരംഗി വിരമിച്ചത്. തുടർന്ന് ഇതുവരെയും നിയമനം ഉണ്ടായിട്ടില്ല. സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ അംഗീകരിക്കാത്തത്, പരമോന്നതകോടതിയുടെ തീരുമാനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ തികഞ്ഞ അവഗണന പ്രകടമാക്കുന്ന സാഹചര്യമാണെന്നാണ് ഹേമന്ത് സോറൻ സർക്കാരിന്റെ വാദം. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരമൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്.

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ
'നീതിനിർവഹണം മെച്ചപ്പെടുത്തണം'; രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

കൊളീജിയം പാസാക്കിയ പ്രമേയത്തിൽ കേന്ദ്രത്തിൻ്റെ ബോധപൂർവമായ നിഷ്‌ക്രിയത്വം ഭരണഘടനയുടെ 216-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണെന്നും ജാർഖണ്ഡ് സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു. കോടതികളുടെ ഉത്തരവുകൾ മനഃപൂർവം അനുസരിക്കാതിരിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ നീതിന്യായ സംവിധാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ കൊളീജിയം പാസാക്കുന്ന പ്രമേയം അംഗീകരിക്കാതെ വൈകിപ്പിക്കുന്നത് ഈ പരിധിയിൽ വരുമോ എന്നതാണ് ജാർഖണ്ഡ് സർക്കാരിന്റെ ഹർജിയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം.

നേരത്തെ, സുപ്രീംകോടതി മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ, കൊളീജിയത്തിന്റെ ശുപാർശകൾ നടപ്പാക്കാത്ത പക്ഷം കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യ കേസെടുക്കുമെന്ന് വാക്കാൽ പറഞ്ഞിരുന്നു. 1990കളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മൂന്ന് വിധിന്യായങ്ങളിലൂടെ, സുപ്രീംകോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുന്നത്തിന്റെ ഏകാധികാരം കൊളീജിയത്തിനാണെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ശുപാർശകൾ നടപ്പിലാക്കേണ്ട സമയപരിധി വ്യക്തിമാക്കിയിരുന്നില്ല. മാത്രമല്ല, കൊളീജിയത്തിൻ്റെ തീരുമാനത്തോട് കേന്ദ്രത്തിന് വിസമ്മതിക്കാനാവില്ലെങ്കിലും, ശ്രദ്ധയിൽപ്പെടാതെ പോയതോ മതിയായ പരിഗണന ലഭിക്കാത്തതോ ആയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടാൻ കേന്ദ്രസർക്കാരിന് അധികാരവും നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൊളീജിയത്തിന്റെ ശുപാർശകൾ കേന്ദ്രസർക്കാർ പലപ്പോഴായി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്നത്.

logo
The Fourth
www.thefourthnews.in