പത്‌നിക്ക് 'പദവി' നല്‍കാന്‍ ഹേമന്ത് സോറന്‍; ഇഡി കലക്കിമറിച്ച ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ കല്‍പന മറ്റൊരു റാബ്‌റി ദേവിയോ?

പത്‌നിക്ക് 'പദവി' നല്‍കാന്‍ ഹേമന്ത് സോറന്‍; ഇഡി കലക്കിമറിച്ച ജാര്‍ഖണ്ഡ് രാഷ്ട്രീയത്തില്‍ കല്‍പന മറ്റൊരു റാബ്‌റി ദേവിയോ?

അഴിമതിക്കേസില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രാജിവച്ചപ്പോള്‍ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയതുപോലെ, ജാര്‍ഖണ്ഡിലും ഹേമന്ത് സോറന്റെ 'നല്ലപാതി' മുഖ്യമന്ത്രി കസേരയിലെത്തിയേക്കും
Updated on
4 min read

''നിങ്ങള്‍ക്ക് അയച്ച സമന്‍സുകള്‍ക്ക് വിധേയമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇതുവരെ വരാത്തതിനാല്‍, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം നിങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ ഞങ്ങള്‍ അവസാന അവസരം നല്‍കുന്നു. സമന്‍സ് ലഭിച്ച് ഏഴുദിവസത്തിനകം ഹാജരായാരിക്കണം''- ഭൂമി കുംഭകോണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അയച്ച നോട്ടീസിലെ വാചകങ്ങളാണ് ഇത്.

ജാര്‍ഖണ്ഡില്‍ സര്‍ക്കാരിനെ താഴെയിറക്കാതെ വിശ്രമമില്ലെന്ന നിലപാടിലാണ് ഇഡി. അന്വേഷണ ഏജന്‍സിയുടെ നോട്ടീസിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹേമന്ത് സോറന് തിരിച്ചടിയായിരുന്നു ഫലം. ഏഴാം നോട്ടീസും തള്ളിക്കളഞ്ഞാല്‍, അറസ്റ്റുണ്ടായേക്കുമെന്ന ഭയം ഹേമന്ത് സോറനുണ്ട്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ, ജാര്‍ഖണ്ഡില്‍ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.

ചോദ്യം ചെയ്യലിനുശേഷം സോറന്റെ അറസ്റ്റുണ്ടായാല്‍, ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ജെഎംഎമ്മിന്റെ അണിറയില്‍ നടക്കുന്നത്. നിയമസഭാംഗമല്ലാത്ത കല്‍പനയ്ക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഗാണ്ഡേ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സര്‍ഫറാസ് അഹമ്മദ് തിങ്കളാഴ്ച രാജിവച്ചത് എന്നാണ് സൂചന. തൊട്ടുപിന്നാലെ ഗാണ്ഡേ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് ജാര്‍ഖണ്ഡ് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. വിജ്ഞാപനം വന്നാല്‍, ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം.

നാലുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍, 2024- നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി. കൽപനയെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയാല്‍, ജാര്‍ഖണ്ഡില്‍ മറ്റൊരു ബിഹാര്‍ ആവര്‍ത്തിക്കും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രാജിവച്ചപ്പോള്‍ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയതുപോലെ, ജാര്‍ഖണ്ഡിലും ഹേമന്ത് സോറന്റെ 'നല്ലപാതി' മുഖ്യമന്ത്രി കസേരയിലെത്തിയേക്കും.

ഹേമന്ത് സോറന്‍
ഹേമന്ത് സോറന്‍

എന്താണ് ജാര്‍ഖണ്ഡിലെ ഇഡി കേസുകള്‍?

റാഞ്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാജരേഖ ചമച്ച് ഭൂമി അനധികൃതമായി കൈയേറിയെന്ന കേസില്‍ ഇഡി അന്വേഷണം നടക്കുകയാണ്. 1000 കോടിയിലേറെ രൂപയുടെ ഭൂമി കുംഭകോണ കേസില്‍ സോറനെയും ഇഡി പ്രതിചേര്‍ത്തു. കേസില്‍ ഓഗസ്റ്റില്‍ പത്തു മണിക്കൂറോളം സോറനെ ഇഡി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ അടുത്ത സഹായി പങ്കജ് മിശ്ര അടക്കം 13 പേരെ അറസ്റ്റ് ചെയ്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സോറന് എതിരെ അന്വേഷണം നടക്കുന്നുണ്ട്. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ചുമതലയുള്ള സോറന്‍, 2021-ല്‍ ഖനനത്തിന് അനുമതി നല്‍കിയതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ സോറന്‍ നിഷേധിച്ചിരുന്നു.

ഭൂമി കുംഭകോണക്കേസില്‍ ആറുതവണ നോട്ടീസ് അയച്ചിട്ടും സോറന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. തന്നെയും തന്റെ സര്‍ക്കാരിനേയും വരിഞ്ഞു മുറുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി കേസുകള്‍ക്ക് പിന്നില്‍ എന്നാണ് സോറന്റെ ആരോപണം. ഇഡി അന്വേഷണങ്ങള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ച മുഖ്യമന്ത്രിക്ക് തിരിച്ചടി നേരിട്ടു. നോട്ടീസിനോട് ഇനിയും പ്രതികരിക്കാതിരുന്നാല്‍ അറസ്റ്റുണ്ടായേക്കും. ഇതുകൊണ്ടാണ് ഭാര്യ കല്‍പനയെ മുഖ്യമന്ത്രി സ്ഥാത്ത് എത്തിക്കാനുള്ള നീക്കങ്ങള്‍ ഹേമന്ത് സോറന്‍ സജീവമാക്കിയത്.

'ഫസ്റ്റ് ഫാമിലിയിലെ' പൊട്ടിത്തെറി

പക്ഷേ, ഹേമന്ത് സോറന് മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ, ഉടനടിതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. പാര്‍ട്ടിക്കുള്ളിലും സോറനെതിരായ നീക്കങ്ങള്‍ ശക്തമാണ്. മുന്‍ മുഖ്യമന്ത്രിയും ഹേമന്ത് സോറന്റെ പിതാവുമായ ഷിബു സോറന്‍ നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. 2019-ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍തന്നെ ജാര്‍ഖണ്ഡിലെ 'ഫസ്റ്റ് ഫാമിലി' എന്ന് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചെല്ലപ്പേര് ചാര്‍ര്‍ത്തിക്കൊടുത്ത സോറന്‍ കുടുംബത്തില്‍ അധികാര വടംവലി ശക്തമാണ്. ഹേമന്തിന്റെ സഹോദരന്‍ ബസന്ത് സോറനും അന്തരിച്ച മറ്റൊരു സഹോദരന്‍ ദുര്‍ഗ സോറന്റെ ഭാര്യ സീതാ സോറനുമാണ് വടംവലിയിലെ പ്രധാന കക്ഷികള്‍.

ഷിബു സോറനും കുടുംബവും
ഷിബു സോറനും കുടുംബവും

ഹേമന്ത് സോറന്റെ പാര്‍ട്ടിയിലെ വളര്‍ച്ചയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവും നാടകീയമാണ്. ഷിബു സോറന്റെ പിന്‍ഗാമിയായി കരുതിയിരുന്നത് ദുര്‍ഗ സോറനെയായിരുന്നു. 2005-ലെ തിരഞ്ഞെടുപ്പില്‍ തോറ്റുകൊണ്ടു തുടങ്ങിയ ഹേമന്ത് സോറന്‍, 2009-ല്‍ ദുര്‍ഗയുടെ മരണത്തോടെ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കടന്നുവന്നു. 2009-ലെ തിരഞ്ഞെടുപ്പില്‍ ഹേമന്ത് എംഎല്‍എയായി. 2010-ല്‍ ബിജെപി-ജെഎംഎം സഖ്യസര്‍ക്കാരില്‍ ഹേമന്ത് ഉപമുഖ്യമന്ത്രിയായി. ഇതോടെ, പാര്‍ട്ടിയില്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി ഹേമന്തിനെ തന്നയാണ് ഷിബു സോറന്‍ വാഴിക്കാന്‍ പോകുന്നതെന്ന് വ്യക്തമായി.

2013-ല്‍ കോണ്‍ഗ്രസ്-ആര്‍ജജെഡി പിന്തുണയോടെ ജെഎംഎം സര്‍ക്കാര്‍ രൂപീകരിച്ചു, ഹേമന്ത് സോറന്‍ ആദ്യമായി മുഖ്യമന്ത്രി കസേരയിലെത്തി. 2014-തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും ഹേമന്തിനാണ് പാര്‍ട്ടി നല്‍കിയത്. 2019-ല്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വന്‍ വിജയം നേടി അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രി സ്ഥാനം ഹേമന്തിനെ തേടിയെത്തി. ഇതോടെ, കുടുംബത്തിലും പാര്‍ട്ടിയിലും പടയൊരുക്കം ആരംഭിച്ചു. ഹേമന്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ പ്രത്യക്ഷ നീക്കവുമായി സീതാ സോറന്‍ രംഗത്തെത്തി. സിറ്റിങ് എംഎല്‍എ കൂടിയായ സീത ഛത്ര ജില്ലയിലെ ഖനനങ്ങള്‍ക്ക് എതിരെ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഭരണകക്ഷി എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ അസാധാരണ നീക്കം പ്രതിപക്ഷമായ ബിജെപി മുതലാക്കുകയും ചെയ്തു.

സീതാ സോറന്‍
സീതാ സോറന്‍

ഇതിനിടെ, ഖനി വകുപ്പിന്റെ ചുമതലയിലിരിക്കെ ഹേമന്ത് സോറന്‍ സ്വന്തം പേരില്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട ബിജെപി പരാതിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തുടര്‍ന്ന് സോറന്‍ കുറ്റക്കാരനാണെന്നും അയോഗ്യനാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി. 2021-ജൂലൈയില്‍ റാഞ്ചിയിലെ അംഗാര ബ്ലോക്കില്‍ 88 സെന്റ് ഭൂമിയില്‍ കല്ല് ഖനനത്തിന് ഖനനവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുമതി നല്‍കിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. കല്ല് ഖനനത്തിന് അനുമതി നല്‍കിയത് 1951 ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 9 (എ) അനുശാസിക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു.

ഹേമന്ത് സോറനും കല്‍പന സോറനും
ഹേമന്ത് സോറനും കല്‍പന സോറനും

തന്റെയും യുപിഎയിലെ മറ്റ് കക്ഷികളിലെയും എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് വഴി അധികാരത്തില്‍ വന്ന തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും സോറനും ജെഎംഎമ്മും ആരോപിച്ചു. പിന്നാലെ ഭരണകക്ഷി എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ഹേമന്ത് സോറന്‍ വിശ്വാസ വോട്ട് തേടിയതിന് തലേദിവസം റാഞ്ചിയിലെത്തിയ എംഎല്‍എമാര്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ, ആ അധ്യായം അവസാനിച്ചെങ്കിലും ഹേമന്ത് സോറന്‍ അഞ്ചുവര്‍ഷം തികച്ച് മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ സാധിക്കില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആരാണ് കല്‍പന സോറന്‍?

ഹേമന്തിനൊപ്പം പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കല്‍പന സജീവമായിരുന്നില്ല. 2019-ല്‍ ഹേമന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യം കല്‍പനയ്ക്ക് നേരേയുണ്ടായി. എന്നാല്‍, താനിപ്പോള്‍ കുടുംബ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അതില്‍ സന്തോഷവതിയാണെന്നുമായിരുന്നു കല്‍പനയുടെ മറുപടി. ഒഡീഷയിലെ മയൂര്‍ഭംജ് ജില്ലയിലിലെ റായ് രംഗ്പൂര്‍ സ്വദേശിയാണ് കല്‍പന.

കല്‍പന സോറന്‍
കല്‍പന സോറന്‍

2006-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. രണ്ടു കുട്ടികളാണ് സോറന്‍-കല്‍പന ദമ്പതിമാര്‍ക്കുള്ളത്. എംടെക്കും എംബിഎയും പാസായ കല്‍പന, റാഞ്ചിയില്‍ ഒരു സ്‌കൂള്‍ നടത്തുന്നുണ്ട്. ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദമൊഴിഞ്ഞാലും ജാര്‍ഖണ്ഡിലെ 'ഫസ്റ്റ് ഫാമിലിയില്‍' നിന്നുതന്നെ ഒരു മുഖ്യമന്ത്രി സംസ്ഥാനത്തിനുണ്ടാകും എന്നാണ് നിലവില്‍ ജെഎംഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനത്തെ രാഷ്ട്രീയം, രൂപീകരണ കാലം മുതല്‍ ഒരു കുടുംബത്തിന് ചുറ്റും കറങ്ങുകയാണ്. വരും നാളുകളില്‍ ജാര്‍ഖണ്ഡ് രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയും, ഒപ്പം അധികാരം കയ്യാളുന്ന സോറന്‍ കുടുംബത്തിന്റെ അന്തരീക്ഷവും.

logo
The Fourth
www.thefourthnews.in