ജോഷിമഠും പരിസരങ്ങളും ഓരോ വര്‍ഷവും 2.5 ഇഞ്ച് ഇടിഞ്ഞുതാഴുന്നു: പഠനം
ഉത്തരാഖണ്ഡിലെ ജോഷിമഠും പരിസര പ്രദേശങ്ങളും ഓരോവര്‍ഷവും 2.5 ഇഞ്ച് ഇടിഞ്ഞു താഴുന്നതായി പഠനം. ഡെറാഡൂൺ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് നടത്തിയ രണ്ട് വർഷത്തെ ഉപഗ്രഹ പഠനത്തിലാണ് കണ്ടെത്തൽ. ക്ഷേത്ര നഗരമായ ജോഷിമഠ് കഴിഞ്ഞ വർഷങ്ങളിലായി 6.5 സെ.മി ഇടിഞ്ഞു താഴ്ന്നതാണ് കെട്ടിടങ്ങളിലും റോഡുകളിലും വലിയ വിള്ളലുകൾ ഉണ്ടാകാൻ കാരണമായതെന്നും പഠനത്തിൽ പറയുന്നു. 90 കിലോമീറ്റർ താഴ്ചയിലുള്ള മറ്റൊരു പട്ടണത്തിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.
സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ജനങ്ങളെ സുരക്ഷിതരാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പ്രതിരോധ സഹ മന്ത്രിയും ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിയുമായ അജയ് ഭട്ട് പറഞ്ഞു
2020 ജൂലൈ മുതൽ 2022 മാർച്ച് വരെയാണ് ഉപഗ്രഹ പഠനം നടത്തിയത്. ഉപഗ്രഹചിത്രങ്ങളില്‍ താഴ്വരയിലുടനീളം വ്യാപിച്ചുകിടക്കുന്ന ചുവന്ന കുത്തുകൾ ഇടിഞ്ഞുതാഴുന്ന ഭാഗങ്ങളെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഢ് താപനിലയവുമായി ബന്ധപ്പെട്ട ടണൽ നിർമാണമാണ് ജോഷിമഠിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. നഗരം മുഴുവൻ ഒഴിപ്പിക്കാനാണ് സർക്കാർ പദ്ധതി. ജോഷിമഠിലെ 110 ലധികം കുടുംബങ്ങളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.
എന്നാൽ ബുൾഡോസർ ഉപയോഗിച്ച് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന പൊളിക്കൽ പ്രകോപിതരായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് ആരോപിച്ച് തീർഥാടക സംഘങ്ങളെ മാത്രം ആശ്രയിക്കുന്ന നഗരത്തിലെ വ്യാപാരികളും ഹോട്ടൽ ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തി. തന്റെ ഹോട്ടലിൽ ഭാഗികമായ വിള്ളലുകൾ ഉണ്ടെങ്കിലും, അതിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, പൊതുതാത്പര്യം മുൻനിർത്തിയാണ് ഹോട്ടലുകൾ പൊളിക്കുന്നതെങ്കിൽ, മുൻകൂട്ടി നോട്ടീസ് നൽകണമായിരുന്നു എന്ന് ഹോട്ടൽ ഉടമയായ താക്കൂർ സിംഗ് റാണ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജനങ്ങളെ സുരക്ഷിതരാക്കുന്നതിലാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രതിരോധ സഹ മന്ത്രിയും ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിയുമായ അജയ് ഭട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണ്. പ്രദേശത്ത് ഉദ്യോഗസ്ഥരെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. കന്നുകാലികളെ പാർപ്പിക്കുന്നതിനായി പ്രത്യേക തൊഴുത്തുകൾ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും പുറമെ, 678 വീടുകളും അപകടാവസ്ഥയിലാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. കൂടാതെ, ജോഷിമഠിലേക്കുള്ള പ്രവേശന കവാടമായ കർണപ്രയാഗ് പട്ടണത്തിൽ, ബഹുഗുണ നഗർ എന്ന ഒരു പ്രദേശത്തെ 50 വീടുകളിൽ കുറച്ച് മാസങ്ങളായി വിള്ളലുകൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.