12 ദിവസത്തിനിടെ ഇടിഞ്ഞു താഴ്ന്നത് 5.4 സെന്റീമീറ്റര്‍; ജോഷിമഠ് നേരിടുന്നത് വലിയ ഭീഷണി

12 ദിവസത്തിനിടെ ഇടിഞ്ഞു താഴ്ന്നത് 5.4 സെന്റീമീറ്റര്‍; ജോഷിമഠ് നേരിടുന്നത് വലിയ ഭീഷണി

ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴ്‌ന്നേക്കുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന മുന്നറിയിപ്പ്.
Updated on
2 min read

ഭൂമി ഇടിഞ്ഞുതാഴുന്ന ഉത്തരാഖണ്ഡിന്റെ ജോഷിമഠ് പട്ടണം നേരിടുന്നത് വലിയ ഭീഷണിയെന്ന് ഐഎസ്ആര്‍ഒ. ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴ്‌ന്നേക്കുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന മുന്നറിയിപ്പ്. ഐഎസ്ആര്‍ഒയുടെ റിമോര്‍ട്ട് സെന്‍സിങ് സെന്റര്‍ പുറത്തുവിട്ട ജോഷിമഠിന്റെ ഉപഗ്രഹചിത്രങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കര്‍ട്ടോസാറ്റ് 2എസ് സാറ്റ്‌ലൈറ്റ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള 12 ദിവസത്തിനുള്ളില്‍ പ്രശ്‌ന ബാധിത പ്രദേശം 5.4 സെന്റീമീറ്റര്‍ താഴ്ന്നത്

2022 ഡിസംബര്‍ 27 മുതല്‍ 2023 ജനുവരി 8വരെയുള്ള 12 ദിവസത്തിനുള്ളില്‍ പ്രശ്‌ന ബാധിത പ്രദേശം 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ സവംബര്‍ വരെയുള്ള സമയത്ത് ഇത് 9 സെന്റീ മീറ്ററാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഡിസംബര്‍ മുതല്‍ ജനുവരിവരെയുള്ള കാലയളവില്‍ പ്രശ്‌നം ഗുരുതരമായെന്നും എന്‍എസ്ആര്‍സി വ്യക്തമാക്കി.

റിപ്പോര്‍ട്ട് പ്രകാരം നര്‍സിംഗ് ക്ഷേത്രമുള്‍പ്പെടുന്ന സെന്‍ട്രല്‍ ജോഷിമഠിനെയാണ് ഈ പ്രതിഭാസം കൂടുതലായി ബാധിച്ചിരിക്കുന്നത്. ജോഷിമഠ്-ഔലി റോഡിന്റെ സമീപം 2,180 മീറ്റര്‍ ഉയരത്തിലാണ് ഭൂമി ഇടിഞ്ഞുതാഴല്‍ പ്രതിഭാസത്തിന്റെ പ്രഭവ കേന്ദ്രം.

ജോഷിമഠിലെ നൂറ് കണക്കിന് വീടുകള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ വിള്ളലുകള്‍ അനുഭവപ്പെട്ടത്. പ്രശ്‌നം ഗുരുതരമായതിന് പിന്നാലെ ഈപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും മേഖലയെ പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു.

നിലവില്‍ 1.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിള്ളല്‍ വീണക്കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചിരുന്നെങ്കിലും മോശം കാലവസ്ഥായെ തുടര്‍ന്ന് അത് നിര്‍ത്തിവെക്കുകയായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ ഹോട്ടല്‍ മലാരി ഇന്‍, മൗണ്ട് വ്യൂ ഹോട്ടല്‍ തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. കെട്ടിട സമുച്ചയങ്ങള്‍ നിലനില്‍ക്കുന്നത് സമീപപ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഭീക്ഷണിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവ പൊളിക്കാനുള്ള തീരുമാനം. അതേസമയം പ്രദേശത്തെ വീടുകള്‍ ഒന്നും പൊളിച്ചു നീക്കില്ലെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ജോഷിമഠില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ സര്‍ക്കാര്‍ ഇതിനോടകം വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജോഷിമഠിലെ ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിന് പിന്നില്‍ സമീപ സ്ഥലത്ത് എന്‍ടിപിസി നടത്തുന്ന നിര്‍മ്മാണങ്ങളാണെന്ന വാദവും ഉയര്‍ന്നിരുന്നു. എന്‍ടിപിസി ഹൈഡല്‍ പ്രൊജക്ടിനെതിരെ പ്രദേശവാസകള്‍ രംഗത്തെത്തുകയും, മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ടണല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പാറപ്പെട്ടിക്കലാണ് പ്രശ്‌നത്തിന്റെ മൂലകാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ജോഷിമഠിന് ഭീഷണിയല്ലെന്നാണ് എന്‍ടിപിസിയുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in