ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവച്ചുകൊന്നു

ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവച്ചുകൊന്നു

ബൈക്കിലെത്തിയ അജ്ഞാതരാണ് വെടിയുതിർത്തത്
Updated on
1 min read

ബിഹാറിൽ മാധ്യമപ്രവർത്തകനെ അജ്ഞാതർ വീട്ടിൽകയറി വെടിവച്ചുകൊന്നു. 'ദൈനിക് ജാഗ്‌രൺ' പത്രത്തിലെ മാധ്യമപ്രവർത്തകർ വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയിലെ റാണിഗഞ്ച് ബസാർ പ്രദേശത്തെ പ്രേംനഗറിൽ ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം.

ബൈക്കിൽ വന്ന അക്രമികള്‍ വിമലിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. തുടർന്ന് അക്രമികൾ സ്ഥലം വിട്ടു.

കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. വിവരമറിഞ്ഞ് പൊലീസും അധികൃതരും സ്ഥലത്തെത്തി.

വിമല്‍ കുമാറിന്റെ സഹോദരന്‍ 2019ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഏക ദൃക്‌സാക്ഷിയാണ് വിമല്‍. ഇതുമായി ബന്ധപ്പെട്ടാണോ വിമൽകുമാറിന്റെ കൊലപാതകമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അരാരിയ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചും പതിമൂന്നും വയസുള്ള രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് വിമലിന്റെ കുടുംബം.

logo
The Fourth
www.thefourthnews.in