ചിരാഗ് പസ്വാന് എൻഡിഎ യോഗത്തിൽ ക്ഷണം; പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് മറുപടി

ചിരാഗ് പസ്വാന് എൻഡിഎ യോഗത്തിൽ ക്ഷണം; പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് മറുപടി

ജൂലൈ 18 ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിലേക്ക് ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ റാം മാജിയെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്.
Updated on
1 min read

ജൂലൈ 18ന് നടക്കുന്ന വിശാല എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവ് ചിരാഗ് പസ്വാന് ക്ഷണം. എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കത്തയച്ചു. എന്നാൽ പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂവെന്ന് ചിരാഗ് പസ്വാൻ വ്യക്തമാക്കി.

''പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കും. ഞങ്ങൾ കാലാകാലങ്ങളിൽ വിവിധ വിഷയങ്ങളിൽ ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ എൻഡിഎ യോഗത്തിലേക്ക് പോകണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും"- ചിരാഗ് വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജൂലൈ 18 ന് ഡൽഹിയിൽ നടക്കുന്ന എൻഡിഎ യോഗത്തിലേക്ക് ഹിന്ദുസ്ഥാനി അവാം മോർച്ച അധ്യക്ഷൻ ജിതൻ റാം മാജിയെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നേരിടാനുള്ള ഐക്യം രൂപപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്കിടയിലാണ് എൻഡിഎ യോഗം ചേരുന്നത്. അതിനിടെ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ഈ ആഴ്ച രണ്ട് തവണ ചിരാഗ് പസ്വാനുമായി കൂടിക്കാഴ്ച നടത്തി. എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പസ്വാനെഴുതിയ കത്ത് നിത്യാനന്ദ് റായ് കൈമാറുകയും ചെയ്തു. എൻഡിഎയുടെ പ്രധാന ഘടകമാണ് എൽജെപി(ആ‍ർ) എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പാവപ്പെട്ടവരുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നീക്കങ്ങളിൽ പ്രധാന പങ്കാളിയാണെന്നും നദ്ദ കത്തിൽ വിശേഷിപ്പിച്ചു.

2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചിരാഗ് പസ്വാനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്നാണ് എൽജെപി എന്‍ഡിഎയില്‍ സഖ്യത്തിൽ നിന്നും പറത്തുവന്നത്. ഇനി എന്‍ഡിഎയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് അന്ന് പസ്വാൻ വ്യക്തമാക്കിയിരുന്നു. നിതീഷ് കുമാറിനെതിരെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ പോരാടാനായി ചിരാഗ് പസ്വാനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ കാണുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ബിഹാറിലെ നീക്കങ്ങൾ തടയുകയും ബിജെപിയുടെ ലക്ഷ്യമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമറിയിക്കാൻ എൽജെപിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്ത് അടുത്തിടെ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും ചിരാഗ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

അതിനിടെ ചിരാഗ് പസ്വാനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അടുത്തിടെ, ചിരാഗ് പസ്വാന്റെ ജീവന് ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.

logo
The Fourth
www.thefourthnews.in