കേരള ആക്ടിങ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു; ഡല്‍ഹി ജഡ്ജിയുടെ സ്ഥലമാറ്റത്തിനെതിരെ പ്രതിഷേധം
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ കേരള ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. നിലവില്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് തോമസ്. നാളെ മുതല്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ചുമതലകള്‍ ജസ്റ്റിസ് തോമസ് നിര്‍വഹിക്കും.
2014 ജനുവരി 23 ന് അഡീഷണല്‍ ജഡ്ജിയായാണ് അലക്‌സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ നിയമിതനായത്
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിയമനം സംബന്ധിച്ച് സുപ്രീംകോടതി കൊളീജിയം അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. 2014 ജനുവരി 23 ന് അഡീഷണല്‍ ജഡ്ജിയായാണ് അലക്‌സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ നിയമിതനായത്. 2016 മാര്‍ച്ച് 10 ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. 1988 ലാണ് ഇദ്ദേഹം അഭിഭാഷകനായി പരിശീലനം തുടങ്ങുന്നത്.
2022 മെയ് 18 നാണ് ജസ്റ്റിസ് കാന്ത് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്
അതേ സമയം സിറ്റിങ് ജഡ്ജി ഗൗരംഹ് കാന്തിനെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശയ്‌ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിലെ ബാര്‍ അസോസിയേഷന്‍ വ്യാഴാഴ്ച പ്രമേയം പാസാക്കി. 2022 മെയ് 18 നാണ് ജസ്റ്റിസ് കാന്ത് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
അദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ജൂലൈ 5ലെ ശുപാര്‍ശ ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം ഇന്നലെ പ്രമേയം പാസാക്കുകയായിരുന്നു. അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്കോ രാജസ്ഥാന്‍ ഹൈക്കോടതിയിലേക്കോ മറ്റേതെങ്കിലും അയല്‍ സംസ്ഥാനത്തേയ്‌ക്കോ മാറ്റണമെന്ന ജസ്റ്റിസ് കാന്തിന്റെ അപേക്ഷയും കോടതി നിരസിച്ചു.
പ്രതിഷേധ സൂചകമായി ജൂലൈ 17 ന് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അംഗങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ അഭിഭാഷക സമിതി അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുള്ള ജഡ്ജിമാരുടെ അംഗസംഖ്യ കുറയുന്നതിനാല്‍ ഇത്തരമൊരു സ്ഥലമാറ്റം നീതിന്യായ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.