'അനുമോദനങ്ങൾ സാധാരണം, അതേപടി സ്വീകരിക്കാൻ ഞാനില്ല'; വിടപറയൽ ചടങ്ങിൽ ജസ്റ്റിസ് കെ എം ജോസഫ്
ജസ്റ്റിസ് കെ എം ജോസഫിന് സുപ്രീംകോടതി ഔദ്യോഗികമായി യാത്രയയപ്പ് നല്‍കി. ജൂണ്‍ 16നാണ് വിരമിക്കേണ്ടതെങ്കിലും കോടതി അവധിയിലേക്ക് കടക്കുന്നതിനാലാണ് ജസ്റ്റിസ് ജോസഫ് താന്‍ കേട്ട അവസാന കേസിലും വിധിപറഞ്ഞ് പടിയിറങ്ങിയത്. യാത്രയയപ്പ് ചടങ്ങില്‍ അനുമോദനങ്ങൾ അറിയിച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ അനുമോദനങ്ങള്‍ സാധാരണമാണെന്നും, അതിനെ അതേപടി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ തുടങ്ങിയവരെല്ലാം യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
''നിയമിക്കപ്പെട്ട ജഡ്ജിമാരെല്ലാം ഒരു ദിവസം വിരമിക്കും. പിന്നീട് ജീവിതം പുതിയ രൂപത്തിലാകും. എന്നാൽ അത് എങ്ങനെയാകുമെന്ന് എനിക്കറിയില്ല'' - ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. കോടതിയില്‍ ബാറും ബെഞ്ചും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിഭാഷകരുടെ സഹായമില്ലാതെ സാധാരണക്കാരെ സഹായിക്കാന്‍ കോടതിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ തനിക്ക് അഭിഭാഷകരില്‍ നിന്ന് സഹായം സ്വീകരിക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ തനിക്ക് ലഭിച്ച ആദ്യ സുഹൃത്തായിരുന്നു ജസ്റ്റിസ് കെ എം ജോസഫ് എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓര്‍മിച്ചു. കോവിഡ് സമയത്ത് ഒരു ബെഞ്ചിന്റെ ഭാഗമായതോടെ പരസ്പരം അടുത്തറിയാനായെന്നും അദ്ദേഹം പറഞ്ഞു. '' ജസ്റ്റിസ് ജോസഫിന് സത്യസന്ധതയും നിയമവ്യവസ്ഥയില്‍ ഇടപെടുന്നതിനുള്ള അഭിനിവേശവും പാരമ്പര്യമായി ലഭിച്ചതാണ്. പിതാവും സുപ്രീംകോടതി മുൻ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് കെ കെ മാത്യുവിൽ നിന്നാണ് അത് പകര്‍ന്നുകിട്ടിയത് . കോടതി നടപടികൾക്ക് ശേഷം ജസ്റ്റിസ് ജോസഫുമായി സംസാരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, അദ്ദേഹം കോടതിയില്‍ തന്നെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുമായിരുന്നു'' - ജസ്റ്റിസ് കെ എം ജോസഫിന്റെ ആത്മാര്‍ഥതയെ കുറിച്ച് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സുപ്രീംകോടതിയും അഭിഭാഷകരും ജസ്റ്റിസ് ജോസഫിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. നയരൂപീകരണങ്ങളില്‍ നിര്‍ണായകമായ ജസ്‌റ്റിസ് ജോസഫിന്റെ ഇടപെടലുകള്‍ എജി പങ്കുവച്ചു. എന്നാൽ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച ജസ്റ്റിസ് ജോസഫിന്റെ വിടവാങ്ങൽ ചടങ്ങിൽ സംസാരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ചു. ജസ്റ്റിസ് ജോസഫിന് ആരോഗ്യകരമായ കാലം ആശംസിക്കുന്നുവെന്ന് സോളി സിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിദ്വേഷ പ്രസംഗം, ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് എന്നീ കേസുകളിൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ ജസ്റ്റിസ് കെ എം ജോസഫ് ഉയര്‍ത്തിയ വിമര്‍ശനം വലിയതോതില്‍ ചര്‍ച്ചയായിരുന്നു.
സാമൂഹിക നീതിയോടുള്ള ജസ്റ്റിസ് ജോസഫിന്റെ പ്രതിബദ്ധതയെ കുറിച്ചാണ് മുതിർന്ന അഭിഭാഷക അനിത ഷേണായി സംസാരിച്ചത്. കോടതിക്ക് ഒരു സ്വത്ത് നഷ്ടമാകുകയാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. മെറിറ്റുകളുടെ അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിച്ചിരുന്ന ജഡ്ജിയാണ് ജസ്റ്റിസ് കെ എം ജോസഫ് എന്ന് ഉത്തരാഖണ്ഡ് അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഉത്തരവ് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
2018 ജനുവരി 11നാണ് കൊളീജിയം കെ എം ജോസഫിനെ സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റിയില്‍ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായി. ഇതിനിടയില്‍ അന്ന് ജസ്റ്റിസായിരുന്ന ജെ ചെലമേശ്വര്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തുവരികയും ചെയ്തു. പിന്നീട് സുപ്രീംകോടതി കൊളിജീയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ സുപ്രീംകോടതിയിലേക്ക് ജസ്റ്റിസ് ജോസഫിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചത്. സുപ്രീംകോടതിയിലെ നിയമനം മുതല്‍ വാർത്തകളിൽ നിറഞ്ഞുനിന്ന ജസ്റ്റിസ് ജോസഫ് ഭരണഘടനാ മൂല്യങ്ങള്‍ പിന്തുടരുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത ആളെന്ന നിലയിലാവും ചരിത്രത്തില്‍ ഇടംപിടിക്കുക.