മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി

മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം ശക്തമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം
Updated on
2 min read

രാജ്യത്തെ പരമോന്നത നീതി പീഠത്തിലേക്ക് ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ നിന്നും ഒരു ജഡ്ജി എത്തുന്നു. ജസ്റ്റിസ് എന്‍ കോടിശ്വര്‍ സിങ്ങാണ് സുപ്രീം കോടതിയില്‍ മണിപ്പൂരിനെ പ്രതിനിധീകരിക്കുക. പുതുതായി രണ്ട് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് അംഗീകരിച്ചു. ജസ്റ്റിസ് ആര്‍ മഹാദേവനാണ് ജസ്റ്റിസ് കോടിശ്വറിനൊപ്പം നിയമിതനായ മറ്റൊരു ജഡ്ജി.

ജമ്മു കശ്മീര്‍ - ലഡാക് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആണ് നിലവില്‍ എന്‍ കോടിശ്വര്‍

ജഡ്ജി നിയമനം സംബന്ധിച്ച വിവരം കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്‌വാളാണ് ഔദ്യോഗികമായി അറിയിച്ചത്. തന്റെ എക്‌സ് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. ''ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രപതി രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചതില്‍ സന്തോഷമുണ്ട്'', ജഡ്ജിമാരുടെ ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ജമ്മു കശ്മീര്‍-ലഡാക് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആണ് നിലവില്‍ എന്‍ കോടിശ്വര്‍. മണിപ്പൂരിലെ ആദ്യ അഡ്വക്കേറ്റ് ജനറലായ എന്‍ ഇബോതോംബി സിങിന്റെ മകനാണ് അദ്ദേഹം, 1986-ല്‍ അഭിഭാഷക ജോലി ആരംഭിച്ച അദ്ദേഹം, ജഡ്ജി ആകുന്നതിന് മുന്‍പ് മണിപ്പൂര്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011-ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. 2013-ല്‍ മണിപ്പൂര്‍ ഹൈക്കോടതിയിലേക്ക് മാറി.

മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി
ഗൗരി ലങ്കേഷ് വധക്കേസ്: മൂന്ന് പ്രതികൾക്ക് ജാമ്യം, കർണാടക ഹൈക്കോടതി നടപടി വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി

അതേസമയം, 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് പുതിയ നിയമനം എന്നതും ശ്രദ്ധേയമാണ്. മണിപ്പൂരില്‍ നിന്ന് ആദ്യമായി ഒരു ജഡ്ജിയെ നിയമിച്ചു എന്നത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ഭരണ കക്ഷിയായ ബിജെപിയുടെ ഭാഗത്തുനിന്നും ആരംഭിച്ചുകഴിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ബിജെപി കേന്ദ്രങ്ങള്‍ ഇതിന് നല്‍കുന്നത്.

ജസ്റ്റിസ് എന്‍ കോട്ടീശ്വര്‍ സിങ്
ജസ്റ്റിസ് എന്‍ കോട്ടീശ്വര്‍ സിങ്

മണിപ്പൂര്‍ കലാപം ഉയര്‍ത്തി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെ, രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപത്തെ കുറിച്ച് പ്രതികരണം നടത്തി. ആദ്യമായി ആയിരുന്നു പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തെ കുറിച്ച് പ്രതികരണം നടത്തിയത്. മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എന്നുമായിരുന്നു മോദിയുടെ വാദം.

മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി
സുഖുവിന്റെ 'ഹിമക്കോട്ട' തകര്‍ന്നില്ല; ബംഗാളില്‍ കൈയിലുണ്ടായിരുന്നതും പോയി, തന്ത്രങ്ങൾ പിഴച്ച് ബിജെപി

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനം നടത്തിയ ദിവസം തന്നെ രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി. മൂന്നാം തവണയായിരുന്നു രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനം. ഇനിയും താന്‍ മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പോരാടും എന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷമുള്ള രാഹുലിന്റെ പ്രസ്താവന. പാര്‍ലമെന്റിന്റെ അടുത്ത സെഷനുകളിലും താന്‍ മണിപ്പൂര്‍ കലാപം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി നിയമനം രാഷ്ട്രീയ പ്രചാരണമാക്കാനാണ് ബിജെപി തീരുമാനം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ഭരണഘടനാ സംവിധാനങ്ങള്‍ക്ക് കീഴില്‍ വേണ്ടവിധം പരിഗണിക്കുന്നത് തങ്ങളാണെന്ന് നേരത്തേയും നരേന്ദ്ര മോദി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടവന്നത്. ആകെയുള്ള രണ്ട് സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്, മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീംകോടതി ജഡ്ജി; ജ. കോടിശ്വര്‍ സിങ്ങിന്റെ നിയമനം ആയുധമാക്കാന്‍ ബിജെപി
'വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ ഇപ്പോഴും അപകടത്തില്‍'; മണിപ്പൂരിലെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

കൊളീജിയം ശിപാര്‍ശകള്‍ സുതാര്യമല്ലെന്ന നിലപാടുണ്ടായിരുന്ന കേന്ദ്രസര്‍ക്കാര്‍, ജസ്റ്റിസ് കോട്ടീശ്വറിനെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ അതേപടി അംഗീകരിച്ചു എന്നതും ശ്രദ്ധേയമാണ്. ജൂലൈ 11-നാണ് സുപ്രീംകോടതി കൊളീജിയം ജഡ്ജി നിയമനത്തിനുള്ള ലിസ്റ്റ് നല്‍കിയത്.

logo
The Fourth
www.thefourthnews.in