വിമാനത്തിന് യന്ത്രത്തകരാര്‍; ജി20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ തുടരും
ജി20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മറ്റ് ഉദ്യോഗസ്ഥ വൃന്ദവും ഒരു ദിനം കൂടി ഇന്ത്യയില്‍ തുടരും. ഔദ്യോഗിക വിമാനത്തിന് യന്ത്രത്തകരാര്‍ നേരിട്ടതോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ മടക്കയാത്ര മുടങ്ങിയത്. ഇന്ന് ഉച്ചകോടി സമാപിച്ച ശേഷം രാത്രിയോടെ മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ മടക്കയാത്രയ്ക്കു തൊട്ടുമുമ്പ് വിമാനത്തിന് തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കനേഡിയന്‍ സംഘം ഒരു ദിനം കൂടി ഡല്‍ഹിയില്‍ തങ്ങാന്‍ തീരുമാനിച്ചു. നാളെയോടെ യന്ത്രത്തകരാര്‍ പരിഹരിച്ച ശേഷം ട്രൂഡോയും സംഘവും അതേ വിമാനത്തില്‍ മടങ്ങുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നു രാത്രി എട്ടുമണിക്കായിരുന്നു കനേഡിയന്‍ എയര്‍ലൈന്‍സിന്റെ ഒന്നാം നമ്പര്‍ ഫ്‌ളൈറ്റ് ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ യാത്രയ്ക്കു തൊട്ടുമുമ്പ് തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതാദ്യമായല്ല ഔദ്യോഗിക യാത്രയ്ക്കിടെ കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനം പണിമുടക്കുന്നത്.
ഇതിനു മുമ്പ് 2016-ലും 2019-ലും ഇതേ വിമാനം പ്രധാനമന്ത്രിയുടെ യാത്രമുടക്കിയിരുന്നു. 2016-ല്‍ പ്രധാനമന്ത്രിയുമായി കാനഡയിലെ ഒട്ടാവയില്‍ നിന്നു പറന്നുപൊങ്ങിയ വിമാനം അരമണിക്കൂറിനകം യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 2019-ല്‍ ഈ വിഐപി വിമാനം കാനഡയിലെ ഒണ്‍ടാരിയോയില്‍ ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടത് വാര്‍ത്തയായിരുന്നു.