നീറ്റ്- നെറ്റ് പരീക്ഷ: പൊതുജനങ്ങളോട് അഭിപ്രായം തേടി കെ രാധാകൃഷ്ണന്‍ കമ്മിറ്റി
നീറ്റ്-നെറ്റ് മത്സരപ്പരീക്ഷകളുടെ വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ പരീക്ഷാ നടത്തിപ്പിന് പൊതു ജനങ്ങളുടെ അഭിപ്രായം ആവശ്യപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച കെ രാധാകൃഷ്ണന്‍ കമ്മിറ്റി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) സംഘടിപ്പിക്കുന്ന പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണത്തിനായാണ് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായ കെ രാധാകൃഷ്ണന്‍ നേതൃത്വം വഹിക്കുന്ന കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.
ജൂലൈ 7 വരെ ഗുണഭോക്താക്കള്‍ക്ക് innovateindia.mygov.in/examination-reforms-nta/. എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും പരീക്ഷാ പരിഷ്‌കാരങ്ങള്‍ പരിശോധിക്കാനും വേണ്ടി ജൂണ്‍ 22നാണ് വിദ്യാഭ്യാസ മന്ത്രാലയം രാധാകൃഷ്ണന്റെ കീഴില്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ നീറ്റ്- യുജിയുടെയും കോളേജ് അധ്യാപനത്തിനുള്ള യോഗ്യതയും ഗവേഷണത്തിനുള്ള യോഗ്യതയും നിര്‍ണയിക്കുന്ന നെറ്റ് പരീക്ഷയുടെയും ക്രമക്കേടുകള്‍ക്ക് പിന്നാലെയായിരുന്നു കമ്മിറ്റിയെ നിയമിച്ചത്. സര്‍ക്കാര്‍ സംഘടനകള്‍, അക്കാദമിക് വിദഗ്ദര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സ്‍ലര്‍ പ്രൊ. ബി ജെ റാവു, ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരുള്‍പ്പെട്ട ഏഴംഗ സമിതിയാണ് കെ രാധാകൃഷ്ണന്‍ കമ്മിറ്റി. രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.
കമ്മിറ്റി, പരീക്ഷാ പ്രക്രിയയുടെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനങ്ങളും തുടങ്ങിയവയില്‍ ശിപാര്‍ശകള്‍ ശേഖരിക്കുന്നു. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ച് സമിതി ശിപാര്‍ശ നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു കേന്ദ്രം കമ്മിറ്റി രൂപീകരിച്ചത്. 2024 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. പേപ്പര്‍ ചോര്‍ത്തുക, ഉത്തരക്കടലാസില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവര്‍ഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.