മുഖ്യമന്ത്രി കര്‍ണാടകയില്‍; പിണറായി - ബൊമ്മെ കൂടിക്കാഴ്ച നാളെ, കെ റെയില്‍ നീട്ടല്‍ ചര്‍ച്ചയാവും
കേരള കര്‍ണാടക സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രി തല ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബെംഗളൂരുവില്‍. ഞായറാഴ്ച കര്‍ണാടക മുഖ്യ മന്ത്രി ബസവരാജ് ബൊമ്മെയുമായി പിണറായി വിജയന്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ബെംഗളുരുവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ' യില്‍ വെച്ച് രാവിലെ 9:30 ന് ആണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തു നടന്ന മുഖ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ കെ റെയില്‍ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി മംഗളുരു വരെ ദീര്‍ഘിപ്പിക്കല്‍,അന്തര്‍ സംസ്ഥാന റയില്‍വേ പദ്ധതികളായ നഞ്ചന്‍ഗുഡ് - നിലമ്പൂര്‍ , തലശ്ശരി - മൈസൂര്‍ റെയില്‍പാതകള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ പിന്തുണ കേരള സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഉറപ്പാക്കിയാല്‍ കേന്ദ്രാനുമതി നേടിയെടുക്കല്‍ എളുപ്പമാകുമെന്നാണ് കണക്കു കൂട്ടലിലാണ് മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് സംസ്ഥാനം തയ്യാറായത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തു നടന്ന മുഖ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ കെ റെയില്‍ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോവാന്‍ ധാരണയായത്.
ശനിയാഴ്ച വൈകിട്ട് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയനെ കര്‍ണാടകയിലെ സിപിഎം സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു .
കര്‍ണാടക മുഖ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ചില പാര്‍ട്ടി പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ബാഗ്ഗേപള്ളി മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. നേരത്തെ കര്‍ണാടക നിയമസഭയില്‍ സിപിഎം പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് കര്‍ണാടക - ആന്ധ്രാ അതിര്‍ത്തിയിലെ ഗ്രാമമായ ബാഗ്ഗേപള്ളി.