കലശയാത്ര അയോധ്യയിലെത്തി; പ്രതിഷ്ഠാ ചടങ്ങിനൊരുങ്ങി നഗരം
അയോധ്യയില്‍ ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്രാ ചടങ്ങിനു മുന്നോടിയായുള്ള കലശയാത്ര അയോധ്യയിലെത്തി. പ്രതിഷ്ഠാ സമയത്ത് ശ്രീരാമ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാന്‍ രാജ്യത്തെ പുണ്യനദികളില്‍ നിന്നുള്ള ജലവും വഹിച്ചുള്ള കലശയാത്രയാണ് ഇന്ന് അയോധ്യയില്‍ എത്തിച്ചേര്‍ന്നത്.
ഇനി പ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലേക്കു മാറ്റുന്ന ചടങ്ങാണ് അടുത്തതായി അയോധ്യയില്‍ നടക്കുക. പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ക്ഷേത്ര പരിസരത്ത് എത്തിച്ചു കഴിഞ്ഞു. നാളെ ഗര്‍ഭഗൃഹത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു മുന്നോടിയായുള്ള പൂജാ കര്‍മങ്ങളും ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
150 മുതല്‍ 200 കിലോ ഭാരം വരതുന്ന കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് നീളമുള്ള വിഗ്രഹം നാലു ദിവസം ഗര്‍ഭഗൃഹത്തില്‍ വച്ച് പൂജിച്ച ശേഷമാണ് 22-ന് പ്രധാന പ്രതിഷ്ഠ നടത്തുന്നത്. 22-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിനം മുമ്പേ അയോധ്യയില്‍ എത്തിച്ചേരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലേദിവസം അയോധ്യയില്‍ എത്തുന്ന മോദി അന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ചടങ്ങിന്റെ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
22-ന് പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ അരങ്ങേറുന്നത്. അന്നേ ദിവസം മുഖ്യപൂജാരിക്കു പുറമേ പ്രധാനമന്ത്രി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യഗോപാല്‍ദാസ് എന്നിവര്‍ക്കു മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്.