ഇ ഡിയെ പേടി, ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍; ആരാണ് കല്‍പ്പന സോറന്‍?

ഇ ഡിയെ പേടി, ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍; ആരാണ് കല്‍പ്പന സോറന്‍?

ഇന്നലെ വൈകുന്നേരം നടന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തിലാണ് സോറന്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്
Updated on
1 min read

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഭാര്യ കല്‍പ്പന സോറന്‍ തല്‍സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ സോറനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ സോറനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്.

ഇന്നലെ വൈകുന്നേരം നടന്ന ഭരണകക്ഷി എംഎല്‍എമാരുടെ യോഗത്തിലാണ് സോറന്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. സർക്കാർ തുടരേണ്ടത് അനിവാര്യമായതിനാല്‍ എംഎല്‍എമാർ സോറന്റെ തീരുമാനത്തെ അംഗീകരിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ സഖ്യത്തിലെ എല്ലാ എംഎല്‍എമാരും സോറന് പൂർണ പിന്തുണ നല്‍കുന്നതായി ആരോഗ്യ മന്ത്രി ബന്ന ഗുപ്ത വ്യക്തമാക്കി.

ഇ ഡിയെ പേടി, ഭാര്യയെ ജാർഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍; ആരാണ് കല്‍പ്പന സോറന്‍?
നടികര്‍ തിലകം മുതല്‍ ഉലക നായകന്‍ വരെ; വിജയ് വരുമ്പോള്‍ മറക്കരുത്, ദ്രാവിഡ രാഷ്ട്രീയത്തില്‍ തോറ്റുപോയ താരങ്ങളെ

എന്നിരുന്നാലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ കല്‍പ്പനയ്ക്ക് നിയമപരമായ തടസങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം നിയമസഭയുടെ കാലാവധി ഒരു വർഷത്തില്‍ താഴെയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാകില്ല. അതുകൊണ്ട് തന്നെ എംഎല്‍എയാകുക എന്നത് കല്‍പ്പനയ്ക്ക് മുന്നിലെ വെല്ലുവിളിയാണ്. ഈ വർഷം നവംബറിലാണ് ജാർഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. നിയമപരമായ പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ മറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്.

600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഇഡി 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ചാവി രഞ്ജനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

ഒഡീഷയിലെ മായൂർഭഞ്ച് സ്വദേശിയായ കല്‍പ്പന 2006 ഫെബ്രുവരി ഏഴിനാണ് ഹേമന്ത് സോറനെ വിവാഹം കഴിച്ചത്. 1976ല്‍ റാഞ്ചിയിലാണ് ജനനം. എഞ്ജിനിയറിങില്‍ ബിരുദവും തുടർന്ന് എംബിഎയും നേടിയിട്ടുണ്ട്. കല്‍പ്പന സ്വന്തമായി സ്കൂള്‍ നടത്തുന്നുണ്ടെന്നും ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന വാണിജ്യ കെട്ടിടങ്ങള്‍ സ്വന്തമായുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍. ഇതിനുപുറമെ ജൈവകൃഷിയുമുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് കല്‍പ്പന.

logo
The Fourth
www.thefourthnews.in