പുലിനഖമുള്ള ആഭരണമണിഞ്ഞ് സ്‌ക്രീനിൽ; ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റിൽ
പുലിനഖം പതിച്ച സ്വർണമാല അണിഞ്ഞ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട കന്നഡ ബിഗ്‌ബോസ് മത്സരാർത്ഥി അറസ്റ്റിൽ. മത്സരാർത്ഥിയായ വർത്തൂർ സന്തോഷിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ബിഗ് ബോസ് കന്നഡ പതിപ്പിന്റെ പത്താം സീസൺ മത്സരാർഥികളിൽ ഒരാളാണ് ഇദ്ദേഹം.
വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോ ചിത്രീകരണസമയത്ത് ബിഗ് ബോസ് ഹൗസിൽ കയറിയാണ് വനം വകുപ്പ് സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
മൂന്നു വർഷമായി പുലിനഖം പതിച്ച സ്വർണമാല സന്തോഷ് ഉപയോഗിക്കുന്നുണ്ട്. ഇത് കൃത്രിമ നഖമാണെന്നായിരുന്നു മുൻപ് നൽകിയ വിശദീകരണം. എന്നാൽ ബിഗ് ബോസ് വീട്ടിൽ വനംവകുപ്പ് നേരിട്ടെത്തി പരിശോധിച്ചപ്പോൾ യഥാർത്ഥ പുലി നഖമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ബിഗ് ബോസ് കന്നഡയുടെ ചിത്രീകരണം നടക്കുന്ന ബംഗളുരു കോറമംഗലയിലെ നാഷണൽ ഗെയിംസ് വില്ലേജിൽ എത്തിയായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന.
ചിത്രീകരണം തടസപ്പെടാതെ അണിയറ പ്രവർത്തകരുടെ സഹകരണത്തോടെ കാഗ്ഗലിപുര ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വർത്തൂർ സന്തോഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പുലിനഖം കൃത്രിമമായി നിർമിച്ചതല്ലെന്നും ഹൊസൂരിൽനിന്ന് വാങ്ങിയതാണെന്നും സന്തോഷ് സമ്മതിച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം പുലി നഖം വാങ്ങുന്നതും ഉപയോഗിക്കുന്നതും മൂന്നു മുതൽ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.