കാലമെത്തും മുന്‍പേ കൊഴിഞ്ഞുപോയ പ്രതിഭ; പുനീതിന്റെ ഓര്‍മകളില്‍ സിനിമാ ലോകം

കാലമെത്തും മുന്‍പേ കൊഴിഞ്ഞുപോയ പ്രതിഭ; പുനീതിന്റെ ഓര്‍മകളില്‍ സിനിമാ ലോകം

ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ അവസാന ചിത്രം 'ഗന്ധദ ഗുഡി'ക്ക് ആരാധകർ വമ്പിച്ച വരവേൽപ്പാണ് ഒരുക്കിയത്
Updated on
2 min read

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാര്‍ ഓർമയായിട്ട് ഇന്ന് ഒരു വര്‍ഷം. ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തായിരുന്നു പവർ സ്റ്റാറിന്റെ വിടവാങ്ങല്‍. മുപ്പതോളം കന്നട ചിത്രങ്ങളില്‍ നായകവേഷത്തിലെത്തിയ പുനീത് കന്നടയില്‍ ഏറ്റവുമധികം ആരാധകരുളള താരമായിരുന്നു. ബെട്ടദ ഹൂവ് ആണ് ആദ്യ ചിത്രം. മികച്ച ബാലതാരത്തിനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ബെട്ടദ ഹൂവ്' എന്ന ചിത്രത്തിലെ അപ്പു പിന്നീട് കന്നഡയുടെ സ്വന്തം അപ്പുവായി.

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം പുനീത് വിടവാങ്ങിയെന്ന വാർത്തയാണ് കന്നഡ സിനിമാലോകം കേട്ടത്. 46 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. കന്നട സിനിമയിലെ എക്കാലത്തെയും വലിയ താരമായ രാജ്കുമാറിന്റെ മകനാണ് പുനീത്. വരുമാനത്തിന്റെ വലിയൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച താരം കോവിഡ് കാലത്തും പ്രളയ സമയത്തും രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. നടന്‍ എന്നതിലുപരി മനുഷ്യസ്നേഹത്തിന്റെ പര്യായം കൂടിയായിരുന്നു പുനീത്.

ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ അവസാന ചിത്രം 'ഗന്ധദ ഗുഡി'ക്ക് ആരാധകർ വമ്പിച്ച വരവേൽപ്പാണ് ഒരുക്കിയത്. പുനീതിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തീരാവേദനയോടെ അദ്ദേഹത്തെ സ്മരിക്കുകയാണ്.

പ്രകാശ് രാജ്

'അവന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. പണത്തിന്‍റയും പദവികളുടെയും യാതൊരുവിധ പ്രതിഫലനങ്ങളും അവന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. എത്ര ഉയരത്തില്‍ എത്തിയാലും ഭൂമിയോട് ചേര്‍ന്ന് നിന്നുളള പെരുമാറ്റമായിരുന്നു അവന്‍റേത്.

പ്രിയാമണി രാജ്

ഓരോ ആരാധകരോടും ക്ഷമയോടെ സംസാരിക്കാന്‍ മനസുളള ചുരുക്കം താരങ്ങളില്‍ ഒരാളായിരുന്നു പുനീത്. സ്‌നേഹനിര്‍ഭരമായ അവന്റെ പെരുമാറ്റമാണ് ഞാന്‍ ഇന്നും ഓര്‍ക്കുന്നത്. എന്റെ അമ്മയെ പരിചയപ്പെട്ടപ്പോള്‍ അവന്‍ അമ്മയോടുളള പെരുമാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. മരണശേഷം തന്റെ കണ്ണ് ദാനം ചെയാനുളള തീരുമാനം പോലും അവന്റെ നല്ല മനസിന്റെ ഉദാഹരണമാണ്.

രമേഷ് അരവിന്ദ്

എന്റെ കുടുംബത്തോടൊപ്പം അവന്‍ ചെലവഴിച്ച ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയി. സൗഹൃദപരമായ സ്വഭാവം, സൗമ്യന്‍, എന്നിങ്ങനെ പലതും അവന്റെ സ്വഭാവത്തിന്റെ സവിശേഷതകളായിരുന്നു.

ഡാനിഷ് സെയ്ത്

നമ്മള്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുമ്പോള്‍ തിരിച്ചും ലഭിക്കുമെന്ന് അപ്പു എന്നെ പഠിപ്പിച്ചു. അവനെ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു. പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇനി ഒരിക്കലും അവനെ പോലെ ഒരു സുഹൃത്ത് എനിക്ക് ഉണ്ടാകില്ല.

പ്രിയ ആനന്ദ്

അദ്ദേഹം വിട്ടു പോയതായി തോന്നുന്നില്ല.എവിടെയോ ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്നാണ് തോന്നല്‍. മരണത്തിന് ശേഷവും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്വീകാര്യതയ്ക്ക് പരിധികളില്ല. ദൈവത്തിന്റെ മനോഹരമായ സൃഷ്ടിയായിരുന്നു അവന്‍. അപ്പുവിന്റെ നഷ്ടം ആരാധകര്‍ മുതല്‍ സുഹൃത്തുക്കള്‍ വരെ എല്ലാവര്‍ക്കും വളരെ വ്യക്തിപരമാണ്. തീര്‍ച്ചയായും അവനൊരു മാതൃകാ പുരുഷനായിരുന്നു.

ഡാര്‍ലിങ് കൃഷ്ണ

ഒരു നടനെന്ന നിലയില്‍ ഇന്ന് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും അപ്പുവിന്റെ പ്രചോദനത്തിലാണ്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു പ്രധാന കാര്യം അദ്ദേഹത്തിന്റെ അച്ചടക്കമാണ്. അവന്റെ ഓര്‍മകള്‍ ഞാന്‍ എന്നും കൂടെ കൊണ്ടുപോകും.

logo
The Fourth
www.thefourthnews.in