കപില്‍ സിബല്‍
കപില്‍ സിബല്‍

'ആദ്യം അവര്‍ ടി വി നെറ്റ്‌വര്‍ക്കുകള്‍ പിടിച്ചെടുത്തു, അടുത്തത് സോഷ്യല്‍ മീഡിയ'; ഐടി നിയമ ഭേദഗതിക്കെതിരെ കപില്‍ സിബല്‍

ഒരു പാര്‍ട്ടി, ഒരു ഭരണസംവിധാനം , ഒരു നിയമം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വിമർശനം
Updated on
1 min read

കേന്ദ്ര സര്‍ക്കാരിന്റെ ഐ ടി നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശിച്ച് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. രാജ്യത്തെ ടിവി നെറ്റ്‍വർക്കിനെ നിയന്ത്രണത്തിലാക്കിയ കേന്ദ്രം സാമൂഹ്യമാധ്യമങ്ങൾക്കും കടിഞ്ഞാണിടാനാണ് ശ്രമിക്കുന്നതെന്ന് സിബല്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍. ഇത്തരം നടപടിയിലൂടെ അതുകൂടിയില്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെന്ന് സിബല്‍ പറഞ്ഞു.

തങ്ങള്‍ക്ക് എല്ലാം ചെയ്യാം എന്നാല്‍ മറ്റുളളവര്‍ക്ക് അത് പാടില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു പാര്‍ട്ടി, ഒരു ഭരണ സംവിധാനം , ഒരു നിയമം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും, വിമര്‍ശിച്ചാല്‍ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഐ ടി ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. സുരക്ഷിതമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രത്തിന്‍റെ വാദം.

ഭേദഗതിപ്രകാരം, വിദേശത്തെയും, സ്വദേശത്തെയും സാമൂഹ്യമാധ്യമ കമ്പനികള്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണം. 72 മണിക്കൂറിനകം ഉപഭോക്താക്കളുടെ പരാതിയില്‍ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം. ഒരു സര്‍ക്കാര്‍ പ്രതിനിധിയും രണ്ട് സ്വതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സമിതി. അതേസമയം, പുതിയ ഭേദഗതി വഴി സാമൂഹ്യമാധ്യമ കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന വിമര്‍ശനവും ശക്തമാണ്.

logo
The Fourth
www.thefourthnews.in