'അങ്ങനെയാണെങ്കിൽ നിങ്ങൾ ഇനി തുറക്കേണ്ട'; ധോത്തി ധരിച്ചെത്തിയ കർഷകനെ ഇറക്കിവിട്ട ജിടി മാൾ പൂട്ടിച്ച് കർണാടക സർക്കാർ
മുണ്ട് ധരിച്ച് എത്തിയതിന് കർഷകനെ അപമാനിക്കുകയും പ്രവേശനം നിക്ഷേധിക്കുകയും ചെയ്ത ബെംഗളൂരുവിലെ മാൾ പൂട്ടിച്ച് കർണാടക സർക്കാർ. മാഗധി റോഡിലുള്ള ജി ടി വേൾഡ് മാളിനെതിരെയാണ് സർക്കാരിന്റെ നടപടി. ഏഴു ദിവസത്തേക്കാണ് മാൾ അടച്ചിടാൻ കർണാടക സർക്കാർ നിർദേശം നൽകിയത്.
സംഭവത്തിൽ നേരത്തെ മാൾ ഉടമക്കും സുരക്ഷാജീവനക്കാരനുമെതിരെ കേസെടുത്തിരുന്നു. ഇതിനു പിറകെയാണ് സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. മകൻ നാഗരാജിനൊപ്പം സിനിമ കാണാൻ എത്തിയ കർഷകനായ ഫക്കീരപ്പയെ മാളിലെ സുരക്ഷാ ജീവനക്കാരൻ വസ്ത്ര ധാരണത്തിന്റെ പേരിൽ തടയുകയായിരുന്നു.
കർണാടകയിലെ പരമ്പരാഗത വസ്ത്രമായ പഞ്ചേ ധരിച്ചു മാളിൽ എത്തിയ ഫക്കീരപ്പയെയും മകനെയും അപമാനിച്ച സംഭവം വൻപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ടിക്കറ്റ് ഉണ്ടായിട്ടും മാളിൽ കര്ഷകന് പ്രവേശനം നിക്ഷേധിച്ചതിനെതിരെ കർണാടകയിലെ സാംസ്‌കാരിക - കർഷക സംഘടനകൾ ഒന്നടങ്കം രംഗത്ത് വരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അച്ഛനും മകനും സിനിമ കാണാൻ മാളിൽ എത്തിയത്.
എന്നാൽ സുരക്ഷാ ജീവനക്കാരൻ ഫക്കീരപ്പയോട് പാന്റ് ധരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും മാറ്റി നിർത്തുകയും ചെയ്തു. ദൂരെ സ്ഥലത്തു നിന്ന് വരികയാണെന്നും വസ്ത്രം മാറാൻ സമയമോ സ്ഥലമോ ഇല്ലെന്നും വിശദീകരിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ വഴങ്ങിയില്ല. അപമാനിതരായ ഇരുവരും മറ്റൊരാളുടെ സഹായത്തോടെ മൊബൈൽ വീഡിയോ ചിത്രീകരിക്കുകയും നടന്ന സംഭവം വിവരിച്ചു സമൂഹ മാധ്യമങ്ങളിലൂടെ പരാതിപെടുകയുമായിരുന്നു.
വീഡിയോ പുറത്തു വന്നതോടെ കന്നഡ സംഘടനകൾ നടപടി ആവശ്യപ്പെടുകയും മാളിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. കന്നഡ സ്വാഭിമാനത്തിനേറ്റ കടുത്ത അപമാനത്തിനെതിരെ സർക്കാർ നടപടി എടുക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാളുടമ ഫക്കീരപ്പയോടും മകനോടും മാപ്പു പറയുകയും അവരെ മാളിൽ വെച്ച് ആദരിക്കുകയും ചെയ്തിരുന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
മാസങ്ങൾക്കു മുൻപ് ബെംഗളൂരു മെട്രോ സ്റ്റേഷനിലും സമാന സംഭവം അരങ്ങേറിയിരുന്നു. ചുമടുമായി മെട്രോ ട്രെയിൻ കയറാൻ വന്ന കർഷകനെ മുഷിഞ്ഞ വസ്ത്രത്തിന്റെ പേരിൽ സുരക്ഷാ പരിശോധനക്കാർ മാറ്റി നിർത്തിയത് വൻ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു