കര്‍ണാടകത്തിൽ വോട്ടെടുപ്പ് മെയ് 10 ന്; വോട്ടെണ്ണല്‍ 13 ന്
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒറ്റ ഘട്ടമായി മെയ് 10 നാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണല്‍.
224 മണ്ഡലങ്ങളിലായി 5.21കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരുമാണ് കര്‍ണാടകയിലുള്ളത്. 9,17,241 പുതിയ വോട്ടര്‍മാരും ജനവിധിയുടെ ഭാഗമാകും. ഏപ്രില്‍ ഒന്നിന് പതിനെട്ട് വയസ്സ് തികയുന്നവര്‍ക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.
80 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനം എന്ന നിലയില്‍ ബിജെപിക്ക് കര്‍ണാടക ഏറെ നിര്‍ണായകമാണ്. 2018 ല്‍ ബിജെപിക്ക് 104 സീറ്റും കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 37 സീറ്റുമായിരുന്നു കര്‍ണാടകയില്‍ ലഭിച്ചത്. പിന്നീട് നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് കര്‍ണാടക വേദിയായി. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റ് ആര്‍ക്കും ലഭിക്കാതിരുന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ വി എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
എന്നാല്‍, ആറ് ദിവസം മാത്രമായിരുന്നു യദ്യൂരപ്പയുടെ സര്‍ക്കാരിന് ആയുസുണ്ടായത്. പിന്നാലെ അധികാരത്തിലേറിയ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. എച്ച് ഡി കുമാരസ്വാമി നേതൃത്വം നല്‍കിയ ഈ സര്‍ക്കാരിനും അല്‍പ്പായുസായിരുന്നു വിധി. 17 എം എല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ച ബിജെപി അധികാരം തിരിച്ച് പിടിയ്ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷം വീതം ബിഎസ് യെദ്യുരപ്പയും ബസവരാജ് ബൊമ്മെയും ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കി. യെദ്യുരപ്പയെ മാറ്റി മുഖം മിനുക്കൽ പരീക്ഷണം നടത്തുകായിരുന്നു ബിജെപി.
അഴിമതിയുള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുണ്ടെങ്കിലും അധികാരത്തില്‍ തുടരാമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന തരത്തിലുള്ള അഭിപ്രായ സര്‍വേ ഫലങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ലോക് പോള്‍ സര്‍വെ ഫലം അനുസരിച്ച് 116 - 122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമാണ് പ്രവചനം. ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിനു 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്കു നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.