കർണാടക: അന്ത്യശാസനവുമായി ഷട്ടാർ;
പ്രൾഹാദ് ജോഷിയുടെ അനുനയശ്രമം വിഫലം

കർണാടക: അന്ത്യശാസനവുമായി ഷട്ടാർ; പ്രൾഹാദ് ജോഷിയുടെ അനുനയശ്രമം വിഫലം

ഷട്ടാറിനായി ബിജെപി അനുയായികൾ തെരുവിൽ. ഹുബ്ബള്ളി ജില്ലയിൽ 19 ഭാരവാഹികൾ പാർട്ടി വിട്ടു
Updated on
2 min read

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതശല്യം ബിജെപിക്ക് തലവേദനായി തുടരവെ, ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ സീറ്റ് നൽകാൻ നേതൃത്വത്തിന് അന്ത്യ ശാസനം നൽകി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷട്ടാർ. അനുനയിപ്പിക്കാൻ കേന്ദ്ര നേതൃത്വം മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ പ്രൾഹാദ് ജോഷിയെ ചുമതലപ്പെടുത്തിയെങ്കിലും ഷട്ടാർ വഴങ്ങിയില്ലെന്നാണ് സൂചന.

ഇത്തവണ സീറ്റില്ലെന്ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവരും മുൻപ് ബിജെപി നേതൃത്വം ജഗദീഷ് ഷട്ടാറിനെ അറിയിച്ചു. ഇതോടെ കലാപക്കൊടി ഉയർത്തിയ അദ്ദേഹം, ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽ പാർട്ടി സ്ഥാനാർഥി നൽകിയില്ലെങ്കിലും മത്സരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.

ഷട്ടാറിനു വേണ്ടി ബിജെപി പ്രവർത്തകർ സംഘടിച്ചതോടെ ദേശീയനേതൃത്വം അക്ഷരാർഥത്തിൽ വെട്ടിലായി. ഡൽഹിക്കു വിളിപ്പിച്ച് ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേരിട്ട് സംസാരിച്ചെങ്കിലും ഷട്ടാർ വഴങ്ങിയില്ല. പ്രൾഹാദ് ജോഷിയെ അയച്ച് ഷട്ടാറിനെ തണുപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും തൊട്ടുപിറകെ പാർട്ടിക്ക് അന്ത്യശാസനം നൽകി ഷട്ടാർ മാധ്യമങ്ങളെ കണ്ടു.

"നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും. പ്രായപരിധി മാനദണ്ഡം നോക്കിയാണ് എന്നെ ഒഴിവാക്കിയതെങ്കിൽ സ്ഥാനാർഥിപ്പട്ടികയിൽ 70 ഉം 75 ഉം വയസ്സായവർ ഉണ്ട്. ഞാൻ പാർട്ടി വിടുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്ക് ബിജെപി ടിക്കറ്റ് വേണമെന്നു മാത്രമാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്," ഷട്ടാർ നിലപാട് വ്യക്തമാക്കി.

ഷട്ടാറിന്റെ ഹുബ്ബള്ളിയിലെ വീട്ടിൽ ചർച്ചക്കെത്തിയ പ്രൾഹാദ് ജോഷിയെ വരവേറ്റത് ബിജെപി പ്രവർത്തകരുടെ വൻ പ്രതിഷേധ പ്രകടനമാണ്. ജഗദീഷ് ഷട്ടാർ വടക്കൻ കർണാടകയിൽ പാർട്ടി കെട്ടിപ്പടുക്കാൻ സഹിച്ച ത്യാഗങ്ങൾ ബിജെപി ദേശീയ നേതൃത്വം കാണാതെ പോകുന്നതിൽ അമർഷമുണ്ടെന്നു പ്രതിഷേധക്കാർ പറഞ്ഞു.

212 മണ്ഡലങ്ങളിലേക്കു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലം ഉൾപ്പടെ 12 മണ്ഡലങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥിപട്ടിക ഞായറാഴ്ച പുറത്തിറങ്ങിയേക്കും.

അതേസമയം , ജഗദീഷ് ഷട്ടാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു മുതിർന്ന നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. ഷട്ടാറിനോട്‌ കാണിച്ചത് നീതികേടാണെന്ന് അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in