കര്‍ണാടക കോണ്‍ഗ്രസ് മുസ്ലീം ലീഗായെന്ന് ബിജെപി; മതപരിവര്‍ത്തന വിരുദ്ധ നിയമം റദ്ദാക്കിയതില്‍ അമര്‍ഷം
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ പാസാക്കിയ മത പരിവര്‍ത്തന നിരോധന നിയമം പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഴുവനായി മുസ്ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി റ്റി രവി പരിഹസിച്ചു. ഹിന്ദുക്കളോടുള്ള സര്‍ക്കാര്‍ സമീപനം തുറന്നു കാട്ടുന്നതാണ് ഈ നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹിന്ദുവിരുദ്ധ മുഖമാണ് വെളിവാകുന്നതെന്നും സി ടി രവി പറഞ്ഞു. ഹൈക്കമാന്റിനെ പ്രീതിപ്പെടുത്താന്‍ സിദ്ധരാമയ്യ കര്‍ണാടകയിലെ ജനങ്ങളുടെ താല്പര്യം ഹനിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് കര്‍ണാടക ബിജെപി
ഇതാണോ കോണ്‍ഗ്രസ് തുറന്ന സ്‌നേഹത്തിന്റെ കടയെന്നു രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ബസനഗൗഡപാട്ടീല്‍ യത്‌നാല്‍ ആവശ്യപ്പെട്ടു. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആരുമായും കൂടിയാലോചിക്കാതെയാണ് കോണ്‍ഗ്രസ് നിയമം റദ്ദാക്കുന്നത്. ഹിന്ദുക്കള്‍ മുഴുവന്‍ കര്‍ണാടകയില്‍ ഇല്ലാതാകുന്നതാണോ കോണ്‍ഗ്രസിന്റെ സ്വപ്നമെന്നും യത്‌നാല്‍ ചോദിച്ചു. നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരപരിപാടികള്‍ ആലോചിക്കുകയാണ് കര്‍ണാടക ബിജെപി.
അടുത്ത മാസം ആദ്യ വാരം ചേരുന്ന നിയസഭ സമ്മേളനത്തിലാണ് നിയമം ഔദ്യോഗികമായി പിന്‍വലിക്കുക
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ബിജെപി 2022 ല്‍ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധന നിയമം റദ്ദാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത മാസം ആദ്യ വാരം ചേരുന്ന നിയസഭ സമ്മേളനത്തിലാണ് നിയമം ഔദ്യോഗികമായി പിന്‍വലിക്കുക. വിശ്വാസ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് പാസാക്കിയ നിയമം മറയാക്കി ന്യൂനപക്ഷങ്ങള്‍ക്കു നേരെ കര്‍ണാടകയില്‍ നിരവധി അതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു. നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ടവരെയും ലവ് ജിഹാദ് ആരോപിച്ചു മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെയും ആക്രമിക്കാന്‍ ഈ നിയമം കയ്യിലെടുക്കുകയായിരുന്നു കര്‍ണാടകയില്‍ സംഘ് പരിവാര്‍ സംഘടനകള്‍.