'ദർഗകളിൽ മയിൽപ്പീലി സൂക്ഷിക്കുന്നതിനെതിരെ നടപടി വേണം'; പുലിനഖ വിവാദം വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുമായി ബി ജെ പി
കർണാടകയിൽ വന്യജീവി സംരക്ഷണനിയമം ലംഘിച്ച് പുലി നഖം ആഭരണത്തിൽ പതിച്ച് കൈവശം വച്ചവർക്കെതിരെ വനം വകുപ്പ് നടപടി ശക്തമാക്കിയതോടെ പ്രശ്നത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങളുമായി ബി ജെ പിയും ശ്രീരാമ സേനയും. സംസ്ഥാനത്തെ മുസ്ലിം പള്ളികളിലും ദർഗകളിലും മയിൽപ്പീലികൾ കാണപ്പെടുന്ന സംഭവം ഉയർത്തിയാണ് വർഗീയവത്കരണത്തിനുള്ള നീക്കം നടത്തുന്നത്.
പള്ളികളിലും ദർഗകളിലും കാണപ്പെടുന്ന മയിൽപ്പീലികൾ യഥാർഥത്തിലുള്ളവയാണോയെന്ന് കണ്ടെത്താൻ വനംവകുപ്പ് റെയ്ഡ് നടത്തണമെന്നും ആവശ്യമെങ്കിൽ കേസെടുക്കണമെന്നുമാണ് ആവശ്യം. ഇതുസംബന്ധിച്ച് ശ്രീരാമ സേന വനം വകുപ്പിന് പരാതി നൽകുകയും ചെയ്തു.
പുലം നഖം സംബന്ധിച്ച ആരോപണത്തിൽ ബി ജെ പി രാജ്യസഭാ എം പിയും നടനുമായ ജഗേഷിന്റെ വീട്ടിൽ വനം വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് മയിൽപ്പീലി വിഷയവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തിയത്. ദർഗ്ഗകളിൽ കാണുന്ന മയിൽപ്പീലി യഥാർഥത്തിലുള്ളവയാണെങ്കിൽ വനം വകുപ്പ് ദർഗ ഭരണസമിതിക്കെതിരെ നടപടിയെടുക്കാൻ വൈകരുതെന്ന് ബി ജെ പി നേതാവ് അരവിന്ദ് ബല്ലാട് ആവശ്യപ്പെട്ടു .
ചിക്കമഗളൂരുവിലെ ബാബ ബുദൻ ഗിരിയിലെ സൂഫി ദർഗയിൽ സൂക്ഷിച്ചിരിക്കുന്ന മയിൽപ്പീലികൾ യഥാർഥത്തിലുള്ളവയാണോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമസേന വനം വകുപ്പിന് പരാതി നൽകി. ഹിന്ദു -മുസ്ലിം വിഭാഗം ഒരുപോലെ അവകാശം ഉന്നയിക്കുന്ന തീർഥാടന കേന്ദ്രമാണ് ബാബ ബുദൻ ഗിരി. കോടതി ഉത്തരവോടെ 2021 ൽ ഹിന്ദു വിഭാഗം ഇവിടെ പൂജ നടത്തിയിരുന്നു. അതേസമയം, മലില്‍പ്പീലി പൊതുവിപണിയിലും ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും വാങ്ങാന്‍ ലഭ്യമാണെന്നതാണ് യാഥാര്‍ഥ്യം.
ഇതിനിടെ പുലിനഖം ഉൾപ്പടെ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന എല്ലാ വസ്തുക്കളും വനം വകുപ്പിന് തിരിച്ചു നൽകാൻ അഭ്യർഥിച്ചിരിക്കുകയാണ് പൊതു ജനങ്ങളോട് വനം - പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രേ. 2003 നു ശേഷം വന്യജീവികളിൽനിന്ന് എടുക്കുന്ന വസ്തുക്കൾക്ക് സാക്ഷ്യപത്രം നൽകുന്നത് സർക്കാർ നിർത്തിവച്ചിട്ടുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. ആരെങ്കിലും വന്യജീവികളുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈവശം വയ്ക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് കണ്ടാൽ പൊതുജനങ്ങൾ 1926 എന്ന നമ്പറിൽ വിളിച്ചു വനം വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
പുലി നഖ ലോക്കറ്റ് അണിഞ്ഞതിനും പുലിത്തോലിൽ ഇരുന്നതിനും നിലവിൽ കർണാടകയിൽ ഏഴ് പേരാണ് വനംവകുപ്പിന്റെ പരിശോധനക്ക് വിധേയമായിരിക്കുന്നത്. നടനും എം പിയുമായ ജഗേഷ്, നടൻ ദർശൻ, എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി, മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ തുടങ്ങിയവരുടെ വീടുകളിൽനിന്ന് വനം വകുപ്പ് പുലി നഖം പരിശോധനക്കായി ശേഖരിച്ചു. ഇതിൽ ജഗേഷ് കൈവശം വച്ചത് യഥാർത്ഥ പുലിനഖമാണെന്നാണ് വിവരം. ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തങ്ങളുടെ കൈവശമുള്ളതു യഥാർഥ പുലിനഖമല്ലെന്ന് നിഖിൽ കുമാരസ്വാമിയും നടൻ ദർശനും വനം വകുപ്പിന് വിശദീകരണം നൽകിയിട്ടുണ്ട്. സിനിമകളിലെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ച പുലിനഖ മാലയാണ് പരാതിക്കാർ ഉയർത്തികാട്ടുന്നതെന്ന് ദർശൻ മൊഴി നൽകി. വിവാഹസമയത്ത് സമ്മാനമായി കിട്ടിയ മാലയിലെ ലോക്കറ്റിൽ പതിച്ച പുലിനഖം പ്ലാസ്റ്റിക്കാണന്നാണ് നിഖിലിന്റെ പക്ഷം. ഇപ്പോൾ യഥാർഥ പുലി നഖം എവിടെയാണ് കിട്ടാനുള്ളത് ആളുകളുടെ കൈവശമുള്ളതെല്ലാം പ്ലാസ്റ്റിക്കാണെന്നും മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും പ്രതികരിച്ചു.
അതേസമയം കക്ഷിഭേദമന്യേ പുലിനഖ വിഷയത്തിൽ പ്രമുഖർ കുടുങ്ങിയതോടെ നിയമനടപടി സ്വീകരിക്കാതെ തത്കാലം താക്കീത് നൽകി വിടാനുള്ള നീക്കം നടത്തുകയാണ് കർണാടക വനം വകുപ്പ്. ഇക്കാര്യത്തിൽ വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്. അതിനിടെ, പുലിനഖ ലോക്കറ്റ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചതിന് അറസ്റ്റിലായ ബിഗ് ബോസ് മത്സരാർത്ഥി വർത്തൂർ സന്തോഷ് ജാമ്യം ലഭിച്ചു.