'വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല';  കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ

'വിജയന്ദ്രയുടെ അധ്യക്ഷ പദവി അംഗീകരിക്കില്ല'; കര്‍ണാടക ബിജെപിയില്‍ ഭിന്നത തുടരുന്നു, നേതൃത്വത്തോട് ഇടഞ്ഞ് എംഎല്‍എ

കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നരേന്ദ്ര മോദി നയിക്കുന്ന യുദ്ധത്തിനൊപ്പമെന്നു ബിജെപി എം എൽ എ ബസന ഗൗഢ പാട്ടീൽ യത്നാൽ
Updated on
2 min read

പാർട്ടിയിലെ കുടുംബ വാഴ്ച്ചയുടെ ഭാഗമായാണ് മുൻ മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയന്ദ്രക്ക്  പാർട്ടി അധ്യക്ഷ പദം ലഭിച്ചതെന്ന ആരോപണത്തിൽ ഉറച്ചു ബിജെപി എം എൽ എ ബസനഗൗഡ പാട്ടീൽ യത്നാൽ.  നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി  നിയമസഭ മന്ദിരത്തിൽ  ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത  എം എൽ എ മാരുടെ യോഗത്തിൽ നിന്നും  യത്നാൽ  വിട്ടു നിന്നു.

പാർട്ടിയുടെ പുതിയ അധ്യക്ഷനും  എംഎൽഎയുമായ ബി വൈ വിജയന്ദ്ര പങ്കെടുത്ത യോഗമാണ് എംഎൽഎ ബഹിഷ്കരിച്ചത്. കോൺഗ്രസിനെതിരെ രാജ്യവ്യാപകമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കുടുംബാധിപത്യ രാഷ്ട്രീയത്തിന്  എതിരാണ് താനെന്നു മാധ്യമങ്ങൾക്ക് മുന്നിൽ നയം  വ്യക്തമാക്കികൊണ്ടായിരുന്നു  യത്നാലിന്റെ  ബഹിഷ്കരണം. കർണാടകയിൽ കുടുംബ വാഴ്ച്ചക്കെതിരെയുള്ള  യുദ്ധം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്  വരെ നീളുമെന്നും  യത്നാൽ വിശദീകരിച്ചു . 

യെദ്യൂരപ്പയുടെ  മകനെ ബിജെപി അധ്യക്ഷൻ ആക്കുന്നതിനെ  പാർട്ടിയിൽ ഏറ്റവും അധികം എതിർത്ത  ആളാണ്  ഉത്തര കർണാടകയിൽ  നിന്നുള്ള മുതിർന്ന നേതാവായ യത്നാൽ .  വർഷങ്ങളായി  യെദ്യൂരപ്പയുടെ  എതിർഭാഗത്ത് നിലയുറപ്പിച്ച യത്നാൽ  കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ  നിരവധി തവണ ദേശീയ നേതൃത്വത്തെ  സമീപിച്ച് പരാതി നൽകിയിരുന്നു . യെദ്യൂരപ്പയെ  മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിലും  നിർണായക പങ്കുള്ളയാളാണ്  ഇദ്ദേഹം.  ദേശീയ നേതൃത്വം നിശ്ചയിച്ച  സംസ്ഥാന അധ്യക്ഷ പദവിയിലുള്ള വിജയന്ദ്രയെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  കഴിഞ്ഞേ അംഗീകരിക്കൂ എന്ന സൂചനയാണ്  യത്നാലിന്റെ വാക്കുകളിൽ ഉള്ളത്. ബി വൈ വിജയന്ദ്ര ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിക്കൊടുത്ത്‌  നേതൃപാടവം തെളിയിക്കണമെന്നർത്ഥം.

ബി വൈ വിജയന്ദ്രയും പിതാവ് ബി എസ് യെദ്യൂരപ്പയും.
ബി വൈ വിജയന്ദ്രയും പിതാവ് ബി എസ് യെദ്യൂരപ്പയും.

സംഘടനാ പദവികൾ നൽകുന്നതിൽ ഉത്തര കർണാടകയിലെ ജില്ലകളിൽ നിന്നുള്ളവർക്ക് പ്രാധിനിധ്യം കുറയുന്നു എന്ന ആരോപണവും  ബിജെപി എംഎൽഎക്കുണ്ട്.  വോട്ടിനു മാത്രം ഉത്തര കർണാടകയിലെ നേതാക്കന്മാരെ പാർട്ടിക്ക് വേണമെന്ന സ്ഥിതിയാണ്.  ഉത്തര കർണാടക ജില്ലകൾക്കായി വികസന ഫണ്ടുകളും ഇല്ല. ഈഅനീതക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും  പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.  

യത്നാലിനെ പോലെ വിജയേന്ദ്രയുടെ സ്ഥാനാരോഹണത്തിൽ അതൃപ്തിയുള്ള നിരവധി എം എൽ എമാരും  നേതാക്കളും കർണാടക ബിജെപിയിലുണ്ട്.  ലോകസഭ തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ യെദ്യൂരപ്പയുടെ സഹായമില്ലാതെ തരമില്ലെന്നു മനസിലാക്കിയാണ്  മകൻ വിജയേന്ദ്രയെ  കടുത്ത എതിർപ്പ് അവഗണിച്ചും സംസ്ഥാന അധ്യക്ഷനാക്കിയത്. പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഇല്ലാതെയാണ്  വിജയേന്ദ്രയുടെ അധ്യക്ഷ പദ പ്രയാണം എന്നാണ്  ഇടഞ്ഞു നിൽക്കുന്ന എം എൽ എയുടെ വാക്കുകളിലുള്ളത് 

logo
The Fourth
www.thefourthnews.in