മുഖ്യമന്ത്രി വൈകിയത് രണ്ട് മണിക്കൂർ; ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാതെ ടെന്നീസ് താരം ബ്യോണ്‍ ബോര്‍ഗ് മടങ്ങി
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിയിലെത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ട് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്. ബെംഗളൂരുവില്‍ രാവിലെ 9.30 ന് തുടങ്ങേണ്ട പരിപാടിയില്‍ പതിനൊന്നേ കാലോടെയാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍ 11 മണിക്ക് മകന്‍ ലിയോയുടെ ടെന്നീസ് മത്സരം ഉള്ളതിനാല്‍ ബ്യോണ്‍ ബോര്‍ഗ് വേദി വിടുകയായിരുന്നു.
രാഷ്ട്രീയക്കാരും താരങ്ങളും ഇത്തരത്തില്‍ വൈകുന്നത് സാധാരണയാണെന്നും ചിലപ്പോള്‍ മണിക്കൂറുകളോളം വൈകാറുണ്ടെന്നും സംഘാടകര്‍
മറ്റ് ചില ഔദ്യോഗിക തിരക്കുകളുള്ളതിനാലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പരിപാടിയിലെത്താന്‍ വൈകിയതെന്നാണ് സംഘാടകരുടെ പ്രതികരണം. രാഷ്ട്രീയക്കാരും താരങ്ങളും ഇത്തരത്തില്‍ വൈകുന്നത് സാധാരണയാണെന്നും ചിലപ്പോള്‍ മണിക്കൂറുകളോളം വൈകാറുണ്ടെന്നും സംഘാടകര്‍ പറയുന്നു.
കര്‍ണാടക ടെന്നീസ് അസോസിയേഷനാണ് വിജയ് അമൃത് രാജിനെയും ബ്യോണ്‍ ബോര്‍ഗിനെയും ആദരിക്കാനുള്ള പരിപാടി സംഘടിപ്പിച്ചത്. ബ്യോണ്‍ ബോര്‍ഗ് വേദി വിട്ടതിന് പിന്നാലെ പരിപാടി റദ്ദാക്കുകയും ചെയ്തു. തന്നെ മാത്രം ആദരിക്കുന്നത് ഔചിത്യമല്ലെന്ന വിജയ് അമൃത് രാജിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പരിപാടി റദ്ദാക്കിയതെന്ന് ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി സുനില്‍ യജമാന്‍ വ്യക്തമാക്കി. മറ്റൊരു ദിവസം ഇരുവരെയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ആദരിക്കുമെന്നും സുനില്‍ യജമാന്‍ കൂട്ടിച്ചേര്‍ത്തു.