കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക

കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക

2018ല്‍ സമാന ആവശ്യവുമായി കേരളം രംഗത്തുവന്നിരുന്നു
Updated on
1 min read

വ്യക്തിഗത നികുതിയടക്കം കേന്ദ്രവിഹിതം തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഫോറം രൂപീകരിക്കാൻ കർണാടക കോണ്‍ഗ്രസിന്റെ തീരുമാനം. ദക്ഷിണേന്ത്യയുടെ ദേശീയതയെന്ന കർണാടക കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്റെ പരാമര്‍ശത്തിന് പിന്നാലെ സമാന ചിന്തക്കാരായ പാര്‍ട്ടികള്‍ ഫോറം രൂപീകരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സഖ്യം രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ചര്‍ച്ചയിലുണ്ടെന്നും ഇതിന് കര്‍ണാടക മുന്‍കയ്യെടുക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ താല്‍പ്പര്യമെന്നും കര്‍ണാടക മുഖ്യമന്ത്രി സിഎം സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബസവരാജ് രായറെഡ്ഢി പറഞ്ഞു.

കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക
23 വർഷം,12 മുഖ്യമന്ത്രിമാര്‍; ഖനികളുടെ നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍, ഇന്ന് വിശ്വാസവോട്ട്, ജയിച്ചു കയറുമോ ചംപയ് സോറന്‍?

''ഫെഡറലിസമാണ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശവും അവസരവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഇതിന്റെ ലക്ഷ്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെടാത്തതിനാൽ അവര്‍ക്ക് ശക്തമായ ഒരു പ്ലാറ്റ്‌ഫോം ആവശ്യമാണ്,'' രായറെഡ്ഢി പറയുന്നു.

2018ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായ സമയത്ത് സമാന ആവശ്യവുമായി കേരളവും രംഗത്തുവന്നിരുന്നു. 15-ാം ധനകാര്യ കമ്മീഷന്റെ വ്യവസ്ഥകള്‍ അന്യായമാണെന്ന പരാതി അന്ന് സിദ്ധരാമയ്യ നല്‍കിയിരുന്നു. തുടർന്ന് അന്നത്തെ കേരള ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഏകീകൃത നിലപാട് സ്വീകരിക്കാന്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ യോഗത്തിന് ക്ഷണിച്ചു. എന്നാല്‍ അതേസമയത്ത് കര്‍ണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഈ ആലോചനയുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

കേന്ദ്രാവഗണന: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സഖ്യം രൂപീകരിക്കാൻ കർണാടക
ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡിലേക്ക്; കരട് റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ കർണാടക സർക്കാർ ഫെബ്രുവരി ഏഴിന് ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ മന്ത്രിമാരും ഭരണകക്ഷി എംഎൽഎമാരും എംഎൽസിമാരും സമരത്തിൽ പങ്കെടുക്കും. എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളവും ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് തെലങ്കാനയും സമരം സംഘടിപ്പിക്കും. ഈ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ ഫോറം എന്ന ആശയം വീണ്ടും ശക്തി പ്രാപിക്കുകയാണ്.

നാം ഇപ്പോള്‍ ശബ്ദം ഉയര്‍ത്തണമെന്നും പ്രതിഷേധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ബിജെപി- ജെഡിഎസ് എംഎൽഎമാരെയും ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇപ്പോള്‍ ഡല്‍ഹിയിലെ പ്രതിഷേധത്തിന്റെ കാര്യങ്ങളിലാണ് ശ്രദ്ധചെലുത്തുന്നതെന്നും അതിനു ശേഷം ഫോറം രൂപീകരിക്കാനുള്ള നടപടികളിലേക്ക് സിദ്ധരാമയ്യ കടക്കുമെന്നും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി നസീര്‍ അഹമദ് പറഞ്ഞു.

''ഫോറം രൂപീകരിക്കുന്നത് സംബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി രായറെഡ്ഢി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ പ്രതിഷേധത്തിലും ഫെബ്രുവരി 16ന് നടക്കുന്ന ബജറ്റിലുമാണ് ഇപ്പോഴത്തെ ശ്രദ്ധ. ഇതിനുശേഷം ഫോറം രൂപീകരിക്കാനുള്ള യോഗം സിദ്ധരാമയ്യ വിളിച്ചുചേര്‍ക്കും,'' നസീര്‍ അഹമ്മദ് പറഞ്ഞു.

logo
The Fourth
www.thefourthnews.in