ഓപ്പറേഷന്‍ തീയേറ്ററില്‍ 
പ്രീ-വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, ഇനി വീട്ടിലിരുന്നോളൂവെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, ഇനി വീട്ടിലിരുന്നോളൂവെന്ന് സര്‍ക്കാര്‍

ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു
Updated on
1 min read

ഓപ്പറേഷന്‍ തീയേറ്ററില്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഭര്‍മസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡോ. അഭിഷേകിനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഭാവി വധുവിന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തുന്നതായാണ് വീഡിയോ ചിത്രീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിയായി ഒരാളെ കിടത്തിയിട്ടുമുണ്ട്. ഡോക്ടറും ഭാവി വധുവും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറല്‍ ആയതിന് പിന്നാലെ, ഡോക്ടര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, ഡോക്ടറെ ജോലിയില്‍ നിന്നു ഉടന്‍ പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതാണന്നും ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അച്ചടക്കമില്ലായ്മ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാ കരാര്‍ ജീവനക്കാരും സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് അനുസൃതമായി അവരുടെ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in