മൂന്ന് പതിറ്റാണ്ടായി തുടര്‍ ഭരണം നല്‍കാത്ത കര്‍ണാടകം, രണ്ടാം ഇന്നിങ്‌സിന് ഒരുങ്ങുന്ന ബിജെപി

മൂന്ന് പതിറ്റാണ്ടായി തുടര്‍ ഭരണം നല്‍കാത്ത കര്‍ണാടകം, രണ്ടാം ഇന്നിങ്‌സിന് ഒരുങ്ങുന്ന ബിജെപി

224 സീറ്റുകളിലായി നടക്കുന്ന മത്സരത്തിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്.
Updated on
4 min read

രാഷ്ട്രീയ നാടകങ്ങള്‍ക്കും, നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും വേദിയായ കര്‍ണാടകം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. സംഭവ ബഹുലമായ ഒരു നിയമസഭാ കാലയളവിന് ശേഷമാണ് സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ നാല് മുഖ്യമന്ത്രിമാരാണ് കര്‍ണാടകത്തില്‍ അധികാരമേറ്റത്. ഈ വര്‍ഷം മേയില്‍ കര്‍ണാടകം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ അധികാരത്തില്‍ തുടരാന്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെയെങ്കില്‍ 37 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് അധികാര തുടര്‍ച്ച നേടുന്ന പാര്‍ട്ടിയെന്ന റെക്കോര്‍ഡും ബിജെപിക്ക് സ്വന്തമാകും. അനൂകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ട് പോലും 1985 മുതല്‍ കര്‍ണാടകത്തിൽ ഒരു സര്‍ക്കാരിനും അധികാര തുടര്‍ച്ച ലഭിച്ചിട്ടില്ല. എന്നാല്‍ കര്‍ണാടകത്തില്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് നിസാര കാര്യമല്ലെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. സംസ്ഥാന നിയമസഭയില്‍ 224 സീറ്റുകളിലായി നടക്കുന്ന മത്സരത്തില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പ്രചാരണ പരിപാടികള്‍ ആരംഭിച്ച് കഴിഞ്ഞു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്വാധീനമുള്ള ഏക സംസ്ഥാനം എന്ന നിലയില്‍ കര്‍ണാടകം, പാര്‍ട്ടിക്ക് അഭിമാന പോരാട്ടം തന്നെയാണ്.

വോട്ട് - ഭൂമിശാസ്ത്രം- രാഷ്ട്രീയ സ്വാധീനം

ഭരണ പക്ഷമായ ബിജെപി, പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍. കര്‍ണാടകത്തിലെ പ്രബല രാഷ്ട്രീയ കക്ഷികളുടെ സ്വാധീനത്തിന് ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും ഉണ്ട്. സംസ്ഥാനത്തിന്റെ വടക്കന്‍, മധ്യ ജില്ലകളില്‍ ബിജെപിക്ക് വ്യക്തമായ സ്വാധീനമുണ്ട്. വൊക്കലിഗ വോട്ടര്‍മാര്‍ കൂടുതലുള്ള തെക്കന്‍ ജില്ലകളിലാണ് ജനതാദള്‍ സെക്കുലറിന്റെ വോട്ടുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തുടനീളം സ്വാധീനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് കൂടുതല്‍ വോട്ടുകള്‍ കിട്ടുമ്പോഴും മറ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നതാണ് കര്‍ണാടകത്തിലെ ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത. 2004 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ 7% കൂടുതല്‍ വോട്ടുകള്‍ നേടിയപ്പോഴും ബിജെപി കോണ്‍ഗ്രസിനേക്കാള്‍ 14 സീറ്റുകള്‍ അധികം നേടിയെന്ന കണക്കുകള്‍ ഇതിന് ഉദാഹരണമാണ്.

KPN-Editor

സാമുദായിക സ്വാധീനം

രാഷ്ട്രീയത്തില്‍ ജാതി സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനമാണ് കര്‍ണാടകം. ജനസംഖ്യാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ സ്വാധീന വിഭാഗങ്ങളായ ലിംഗായത്തുകള്‍ 14-17 ശതമാനവും വൊക്കലിഗകള്‍ 11-12 ശതമാനവുമാണ്. 1972 വരെ തങ്ങളുടെ പ്രാദേശികമായ സ്വാധീനം ചൂണ്ടിക്കാട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തി വന്നിരുന്ന സമുദായങ്ങളായിരുന്നു ഇവ. എന്നാല്‍, 1972 കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഡി ദേവരാജ് ഉര്‍സ് അവരുടെ ആധിപത്യം തകര്‍ക്കുകയും ലിംഗായത്തുകളേയും വൊക്കലിഗകളേയും അവശ വിഭാഗങ്ങളെ അണിനിരത്തി മുന്നേറ്റം നടത്തുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ശക്തമായ വോട്ട് ബാങ്കായിരുന്നു ഒരു കാലത്ത് ലിംഗായത്ത് സമുദായം. ജെഡിഎസിന് സ്വാധീനമുള്ള വിഭാഗമായിരുന്നു വൊക്കലിഗ വിഭാഗം. എന്നാല്‍ ബിജെപിയുടെ കടന്നുവരവോടെ ജാതി സമവാക്യങ്ങളിലും മാറ്റം വന്നു. ലിംഗായത്ത് സമുദായത്തില്‍ നിന്ന് നേതാക്കളെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ 2000 ആയപ്പോഴേക്കും ബിജെപി സംസ്ഥാനത്ത് ചുടവ് ഉറപ്പിച്ചു. ബി എസ് യെദ്യൂരപ്പ എന്ന നേതാവിന്റെ വളര്‍ച്ചയും ഇതിലൂടെയായിരുന്നു. പതിയെ ദളിത് വിഭാഗങ്ങളുടെ പിന്തുണയും ബിജെപി സ്വന്തമാക്കി.

നിലമൊരുക്കുന്ന കോണ്‍ഗ്രസ്

കര്‍ണാടക തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിന് അഭിമാന പോരാട്ടമായി മാറുകയാണ്. ദേശീയ തലത്തില്‍ തന്നെ ഇതിനായുള്ള പദ്ധതികള്‍ ഒരുക്കുകയാണ് പാര്‍ട്ടി. കര്‍ണാടകത്തിലെ ദളിത് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ.

സംസ്ഥാനത്തെ 23 ശതമാനം വരുന്ന ഒബിസി വിഭാഗത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രദ്ധ പതിക്കുന്നത്. ഒബിസി, ദളിത്, മുസ്ലീം വോട്ടുകളുടെ ഏകീകരണമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ മുന്‍ നിര്‍ത്തിയാണ് ഈ പദ്ധതിയി കോൺഗ്രസ് ലക്ഷ്യമിടുന്നത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡികെ ശിവകുമാറിലൂടെ വൊക്കലിഗകളുടെ വോട്ടുകളും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

ലിംഗായത്തിനൊപ്പം വൊക്കലിഗ പിന്തുണ കൂടി ഉറപ്പിക്കാനാണ് ബിജെപി ശ്രമം. സര്‍ക്കാര്‍ പദ്ധതികള്‍ പോലും ഇത് ലക്ഷ്യമിട്ടുള്ളതായിരുന്നു. ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കുമുളള സംവരണവും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, പാവപ്പെട്ടവര്‍ക്കുള്ള ക്ലിനിക്കുകള്‍ അടക്കമുളള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു തലവന്‍ ആയിരുന്നു നാദപ്രഭു ഹിരിയ കെമ്പെ ഗൗഡയെ പോലും ഇതിനായി സര്‍ക്കാര്‍ ഉപയോഗിച്ച് കഴിഞ്ഞു.

അഴിമതി ആരോപണങ്ങളും ബിജെപിയും

ബിജെപിക്ക് തിരിച്ചടിയാകാൻ പോകുന്നത് അഴിമതി തന്നയാകും. 2021 ജൂലൈയിൽ, കർണാടകത്തിലെ പ്രമുഖ കോൺട്രാക്ടർമാരുടെ അസോസിയേഷൻ ബിജെപി 40% കിക്ക്ബാക്ക് ആവശ്യപ്പെട്ടുവെന്നാണ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഒരു കർണാടക ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തലും ബിജെപിക്ക് തലവേ​ദന സൃഷ്ടിച്ചിരുന്നു. സർക്കാർ ഓഫീസുകളിൽ അഴിമതി വ്യാപകമായെന്നും കൈക്കൂലി വാങ്ങാതെ ഒരു ഫയലും നീങ്ങില്ലെന്നുമായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

പണക്കിലുക്കം, വികസനം

കര്‍ണാടകത്തിൽ മൂന്ന് പാര്‍ട്ടികളിലും മത്സര രംഗത്ത് എത്തുന്നവര്‍ കോടിപതികളാണെന്നതും മറ്റൊരു വസ്തുതയാണ്. 2018ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 99 ശതമാനവും ബിജെപിയില്‍ 98 ശതമാനവും ജെഡിഎസില്‍ 95 ശതമാനവും കോടിപതികളായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടത്ര പണമില്ല. അവര്‍ക്ക് വേണ്ടതും സമ്പന്നരായ സ്ഥാനാര്‍ഥികളെയാണ്.

ചരക്ക് സേവനങ്ങളും വികസനവും അടിസ്ഥാന സൗകര്യങ്ങളും എത്തിച്ചു എന്നതായിരിക്കും ബിജെപിയുടെ മറ്റൊരു അവകാശവാദം. എന്നാല്‍, വടക്കന്‍ സംസ്ഥാനങ്ങളിലെപ്പോലെ ബിജെപി ഇവിടെ ശക്തമല്ലെന്നതാണ് വാസ്തവം. കാരണം മൂന്ന് പതിറ്റാണ്ടുകളായി നേതാവായിരുന്ന ബിഎസ് യെദ്യൂരപ്പയുടെ ഏകാധിപത്യ സമീപനം തന്നയാണെന്ന് ബിജെപിക്കറിയാം. പാര്‍ട്ടിക്കുള്ളിലെ ഈ ദുര്‍ബലതയും വിഭാഗീയതയും ചരക്ക്, സേവനങ്ങള്‍, വികസനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വിതരണത്തെയും ബാധിച്ചുവെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയിലേക്കുളള യാത്രയില്‍ അസമത്വത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യയിലെ ജനസംഖ്യയുടെ 40% ത്തിലധികം പേരാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴിയുളള സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

വര്‍ഗീയ ധ്രുവീകരണം മുതല്‍ ഹിജാബ് നിരോധനം വരെ

രാജ്യാന്തര ശ്രദ്ധ പിടിച്ച് പറ്റിയ ഹിജാബ് നിരോധനം, മതപരിവര്‍ത്തന വിരുദ്ധ ബില്‍, വിദ്വേഷ പ്രസംഗങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയങ്ങള്‍ ഇവതന്നെയായിരിക്കും. അടുത്ത് കേരളമുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം പോലും ഇതിലേക്കുള്ള സൂചനയായി വേണം കണക്കാക്കാന്‍. ഇതിനൊപ്പം സംസ്ഥാനത്തെ 11-16 ശതമാനമുളള മുസ്ലീം വോട്ടിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നില്ല സൂചന കൂടിയാണ് ഈ വിഷയങ്ങള്‍ നല്‍കുന്നത്.

മുസ്ലീം വ്യാപാരികള്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക്, മുസ്ലീങ്ങളില്‍ നിന്ന് ഇറച്ചിയും മാമ്പഴവും പോലും വാങ്ങരുതെന്ന് ആഹ്വാനം, ക്ഷേത്രങ്ങളില്‍ പോകുന്നവരോട് നോണ്‍ വെജിറ്റേറിയന്‍മാരുടെ ടാക്സി വാടകയ്ക്കെടുക്കരുതെന്ന് ആവശ്യം, നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന ബാനറുകള്‍, സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ കാവിവത്കരണം എന്നിവയും അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ശ്രീരംഗപട്ടണത്തിലെ ടിപ്പു സുല്‍ത്താന്റെ പള്ളിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.

ജെഡിഎസിന്റെ ഭാവി

ഒരു കാലത്ത് സംസ്ഥാനത്തെ രാഷ്ട്രീയം നിയന്ത്രിച്ച ജനാതാദള്‍ ഇന്ന് കര്‍ണാടകയില്‍ ദുര്‍ബലമാണ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ജെഡിഎസിന് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. അടുത്തിടെ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഇത് ദേവഗൗഡയുടെ അവസാന തിരഞ്ഞെടുപ്പായാണ് പലരും കാണുന്നത്. അദ്ദേഹത്തിന്റെ വൈകാരിക അഭ്യര്‍ഥനകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ബിജെപിയും ജെഡിഎസും കോണ്‍ഗ്രസിന്റെ വിജയത്തിന് തടയിടാന്‍ ചില സ്ഥലങ്ങളില്‍ പരസ്പരം ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സമ്മതിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ജെഡിഎസിനെ സഹായിക്കുകയും കോണ്‍ഗ്രസിന് സീറ്റ് നഷ്ടമാകാനും ഇടയാകും. ആം ആദ്മിയുടെ വരവും സംസ്ഥാനത്ത് എന്ത് മാറ്റമാകും ഉണ്ടാവുക എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

logo
The Fourth
www.thefourthnews.in