കറൻസികൾ വിതറി ഡി കെ ശിവകുമാർ, 'ഓപ്പറേഷൻ ഹസ്ത' എന്ന് ബൊമ്മെ
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ അധ്യക്ഷൻ ഡി കെ ശിവകുമാർ കറൻസികൾ വാരി വിതറിയ സംഭവം വിവാദത്തിൽ. ബിജെപി എംഎൽഎമാരെയും എംഎൽസിമാരെയും നേതാക്കളെയും കോൺഗ്രസ് ചാക്കിട്ടു പിടിക്കുകയാണെന്നും കർണാടകയിൽ 'ഓപ്പറേഷൻ ഹസ്ത' നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. ബിജെപിയിൽ നിന്ന് രാജി വച്ച് എംഎൽസി ഉൾപ്പെടെ നിരവധി പേർ കോൺഗ്രസിൽ ചേർന്ന സംഭവുമായി ഇത് ചേർത്ത് വായിക്കണമെന്നും ബൊമ്മെ പറഞ്ഞു. ശിവകുമാർ നേരിട്ടാണ് ഓപ്പറേഷൻ ഹസ്തയ്ക്ക് ചുക്കാൻ പിടിക്കുന്നതെന്നും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.
മണ്ടിയയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ജനസമ്പർക്ക പരിപാടിക്കിടെ പ്രചാരണവാഹനത്തിൽ നിന്ന് ഡി കെ ശിവകുമാർ കറൻസികൾ ആൾക്കൂട്ടത്തിലേക്ക് വിതറുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ശിവകുമാറിന്റെ സമുദായമായ വൊക്കലിഗ സമുദായത്തിന്റെ ഉറച്ച കോട്ടയിലായിരുന്നു പ്രചാരണ പരിപാടി നടന്നത്. 500 രൂപയുടെ നാല് കറൻസി നോട്ടുകൾ സന്തോഷ സൂചകമായി ആൾക്കൂട്ടത്തിന് സമ്മാനമായി നൽകിയെന്നായിരുന്നു ശിവകുമാർ പ്രതികരിച്ചത്.
ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് കർണാടകയിൽ കോൺഗ്രസിന്റെ 'ഓപ്പറേഷൻ ഹസ്ത ' പ്രവർത്തിക്കുന്നതായി അദ്ദേഹം ആരോപിച്ചത്. മുതിർന്ന ബിജെപി നേതാക്കളും സമാന ആരോപണം ഉന്നയിച്ച് രംഗത്തു വന്നിട്ടുണ്ട് .
ബൊമ്മെയുടെ അടുത്ത അനുയായികളിൽ ഒരാളായ മഞ്ജുനാഥ് കുന്നൂർ കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു . ബിജെപി എംഎൽസി ആയിരുന്ന ബാബുറാവു ചിഞ്ചൻസൂറും സിറ്റിങ് എംഎൽസി പുട്ടണ്ണയും പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു .
സാമാജികരെ മറുകണ്ടം ചാടിച്ച് സർക്കാരുകളെ മറിച്ചിട്ട് അധികാരം കൈക്കലാക്കാൻ ബിജെപി പ്രയോഗിക്കുന്ന തന്ത്രമായ ഓപ്പറേഷൻ കമല (ഓപ്പറേഷൻ താമര)ക്ക് ബദലായി കർണാടക രാഷ്ട്രീയത്തിൽ ഉയർന്നു വന്നതാണ് ഓപ്പറേഷൻ ഹസ്ത .
ബിജെപി ഭരണം മടുത്ത നിരവധി പാർട്ടി പ്രവർത്തകർ കോൺഗ്രസിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കർണാടകയിലെ നേതാക്കൾക്ക് ഒരു വിലയും കൽപ്പിക്കാത്ത രാഷ്ട്രീയ നേതൃത്വമാണ് ബിജെപിയുടേത്. തിരഞ്ഞെടുപ്പ് ദിനം അടുക്കുമ്പോഴേക്കും നിരവധി അതൃപ്തർ കോൺഗ്രസിൽ ചേരുമെന്നും ഡി കെ ശിവകുമാർ അവകാശപ്പെട്ടു .