കര്‍ണാടകയില്‍ ബിജെപിക്ക് ഷോക്ക്: കോൺഗ്രസിന് കൈ കൊടുത്ത് ലക്ഷ്മൺ സവദി; അത്താനിയിൽ സ്ഥാനാർഥിയായേക്കും
ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയോട് ഇടഞ്ഞ കര്‍ണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവദി കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയുടെയും കര്‍ണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു ചർച്ച. കോൺഗ്രസ് കുടുംബത്തിലേക്ക് സവദിയെ സ്വാഗതം ചെയ്യുന്നതായി ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സവദിക്കു നൽകേണ്ട പദവി സംബന്ധിച്ച് ചർച്ച ഉണ്ടായെന്നും വൈകാതെ കാര്യങ്ങൾ അറിയിക്കാമെന്നും ശിവകുമാർ വ്യക്തമാക്കി. അത്താനിയിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലക്ഷ്മൺ സവദി പാർട്ടി സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന.
ബെലഗാവി ജില്ലയിലെ അത്താനി മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി സവദി പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സവദി തീരുമാനത്തിൽ ഉറച്ചു നിന്നു. ബെലഗാവി ജില്ലയിലെ ശക്തനായ നേതാവാണ് ലിംഗായത്ത് സമുദായകാരനായ ഇദ്ദേഹം. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയുടെ അടുത്ത അനുയായികൂടിയാണ് സവദി.
2018 ൽ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന മഹേഷ് കുംത്തഹള്ളിയോട് അത്താനിയിൽ സവദി പരാജയപ്പെട്ടിരുന്നു. ജെഡിഎസ് - കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ കുംതഹള്ളി ബിജെപിയിലേക്ക് കൂറ് മാറിയതോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരികയും ഇതേ മണ്ഡലത്തിൽ അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിച്ചു ജയിക്കുകയുമായിരുന്നു. 2018 ൽ തോറ്റ ലക്ഷ്മൺ സവദിയെ ഒഴിവു വന്ന സീറ്റിൽ ഉപരിസഭാംഗമാക്കിയായിരുന്നു യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയാക്കിയത്. ഈ തിരഞ്ഞെടുപ്പിൽ അത്താനിയിൽ ടിക്കറ്റ് കിട്ടുമെന്ന് വിശ്വസിച്ച സവദിക്കു വലിയ തിരിച്ചടിയായിരുന്നു ബിജെപി , മഹേഷ് കുംത്തഹള്ളിയെ സ്ഥാനാർഥിയാക്കിയത്.
2004 മുതൽ 2018 വരെ തുടർച്ചയായി നിയമസഭയിൽ അത്താനി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സവദി ആയിരുന്നു. ബിജെപി കോട്ടയായ കിട്ടൂർ കർണാടക (മഹാരാഷ്ട്ര - കർണാടക ) മേഖലയിൽ സ്വാധീനമുള്ള നേതാവാണദ്ദേഹം . സവദിയുടെ ഇറങ്ങിപ്പോക്ക് ബിജെപിക്കു മേഖലയിൽ വലിയ ക്ഷീണമാകുമെന്നുറപ്പാണ്. ബെലഗാവി ജില്ലയിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ സ്വാധീനിക്കുന്നതാണ് സവദിയുടെ വിമത നീക്കം. സവദിക്കു പിന്തുണയുമായി ആയിരകണക്കിന് പ്രവർത്തകരാണ് വ്യാഴാഴ്ച പാർട്ടി വിട്ടത്. സ്വതന്ത്രനായി മത്സരിക്കൂ ഞങ്ങൾ നിയമസഭയിൽ എത്തിക്കാം എന്നായിരുന്നു നേതാവിനായി തെരുവിലിറങ്ങിയ അനുയായികൾ ഉറപ്പു നൽകിയത്.