'40% കമ്മീഷൻ സർക്കാർ' ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സർക്കാർ
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന കോണ്‍ട്രാക്ടര്‍ അസോസിയേഷന്റെ പരാതിയിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. സിറ്റിങ് ജഡ്ജി നാഗമോഹന്‍ദാസിനാണ് അന്വേഷണ ചുമതല .
കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അവസാനകാലത്തായിരുന്നു സര്‍ക്കാരിനെതിരെ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പരാതിയുമായി രംഗത്തെത്തിയത് . പൊതുമരാമത്തു വകുപ്പിനെതിരെ ആയിരുന്നു ആരോപണം . സര്‍ക്കാര്‍ പദ്ധതികള്‍ കരാര്‍ അനുസരിച്ച് പൂര്‍ത്തീകരിച്ചിട്ടും ബില്ലുകള്‍ പാസാക്കി പണം അനുവദിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ഉള്‍പ്പടെ കമ്മീഷന്‍ ചോദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു . അന്നത്തെ പൊതുമരാമത്തു മന്ത്രി കെ എസ് ഈശ്വരപ്പയെ കത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തി. പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് കത്ത് രാഷ്ട്രീയ ആയുധമാക്കിയതോടെ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ പ്രതിരോധത്തിലായി .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൊമ്മെ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ഇതേ ആരോപണം കോണ്‍ഗ്രസ് ആയുധമാക്കിയതോടെ ബിജെപിയുടെ പതനം എളുപ്പമായി. മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മെയുടെ ചിത്രം വച്ച് 'പേ സിഎം ' എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് അഴിമതി സര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയിരുന്നു. അധികാരത്തില്‍ വന്നാല്‍ കമ്മീഷന്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നും ബൊമ്മെ സര്‍ക്കാരിലെ അഴിമതിക്കാരെ ശിക്ഷിക്കുമെന്നും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു .