അഞ്ചാമത്തെ വാഗ്ദാനവും നടപ്പിലാക്കി കര്‍ണാടക സര്‍ക്കാര്‍; യുവനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണമെത്തും
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ അഞ്ചിന വാഗ്ദാനങ്ങളില്‍ അഞ്ചും നിറവേറ്റി കര്‍ണാടക സര്‍ക്കാര്‍. ഡിപ്ലോമയോ ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന യുവനിധി പദ്ധതിയുടെ രജിസ്‌ട്രേഷന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളുരുവില്‍ നിര്‍വഹിച്ചു.
ബിരുദധാരികള്‍ക്കു പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും ലഭിക്കുന്ന പദ്ധതിയാണ് യുവനിധി. ജനുവരി 12ന് അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ പണം നിക്ഷേപിച്ചു തുടങ്ങും.
2022- 23 അധ്യയന വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പഠനം കഴിഞ്ഞ് 180 ദിവസമായിട്ടും തൊഴില്‍ ലഭിക്കാത്തവര്‍ക്കാണ് രണ്ടു വര്‍ഷക്കാലം ധനസഹായം ലഭിക്കുക. 5.3 ലക്ഷം വിദ്യാര്‍ഥികളാണ് ഡിപ്ലോമയും ബിരുദവും കഴിഞ്ഞു പ്രതിവര്‍ഷം പുറത്തിറങ്ങുന്നത്. ജോലികിട്ടിയവര്‍ക്കും തുടര്‍പഠനം നടത്തുന്നവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താവാകാന്‍ സാധിക്കില്ല. 250 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്നത്.
യുവനിധിക്കു പുറമെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന സ്ത്രീ ശക്തി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹ ജ്യോതി, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന അന്ന ഭാഗ്യ, വീട്ടമ്മമാര്‍ക്ക് 2000 രൂപയുടെ ധനസഹായം നല്‍കുന്ന ഗൃഹലക്ഷ്മി എന്നീ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.