കർണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി കർണാടക സർക്കാർ; പോലീസ് തലപ്പത്ത് അഴിച്ചുപണിയും

സർക്കാർ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ നാല് ശതമാനം അധിക ക്ഷാമബത്ത
Updated on
1 min read

കർണാടകയിലെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. 31 ശതമാനത്തിൽ നിന്ന് 35 ശതമാനമായാണ് ക്ഷാമബത്ത വർധന ഉണ്ടായിരിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35ശതമാനം വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ഈ വർധനയോടെ സർക്കാർ ജീവനക്കാരുടെ ശമ്പളം മൊത്തത്തിൽ കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകുന്ന രീതിയിലാണ് സർക്കാർ ഉത്തരവ്. കഴിഞ്ഞ ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് നടപ്പിലാക്കുക.

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി എച്ച് പ്രതാപ് റെഡ്ഡിയെ ബെംഗളൂരുവിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡിജിപിയായി സ്ഥലം മാറ്റി

കഴിഞ്ഞ ഫെബ്രുവരിയിൽ ബസവരാജ് ബൊമ്മെ സർക്കാർ ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. സർക്കാർ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്. അതേസമയം പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി കൂടി നടത്തിയിരിക്കുകയാണ് പുതിയ സർക്കാർ. നാല് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച സർക്കാർ പുറത്തിറക്കി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായിരുന്ന സി എച്ച് പ്രതാപ് റെഡ്ഡിയെ ബെംഗളൂരുവിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ഡിജിപിയായി സ്ഥലം മാറ്റി.

ഇന്റലിജൻസ് എഡിജിപി ബി ദയാനന്ദയെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി നിയോഗിച്ചു. എഡിജിപിയും സ്‌പെഷ്യൽ കമ്മീഷണറുമായ (ട്രാഫിക്) ഡോ. എം എ സലീമിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), സ്‌പെഷ്യൽ യൂണിറ്റുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗം എന്നിവയുടെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി.

ബെംഗളൂരുവിലെ സിഐഡി എഡിജിപി കെ വി ശരത് ചന്ദ്രയെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബി ദയാനന്ദ് മൈസൂർ സിറ്റി കമ്മീഷണർ, ബെംഗളൂരു സിറ്റി ജോയിന്റ് കമ്മീഷണർ (ക്രൈം), ബെംഗളൂരു ട്രാഫിക് കമ്മീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിദ്ധരാമയ്യ, എച്ച്‌ ഡി കുമാരസ്വാമി, ബി എസ് യെദ്യൂരപ്പ എന്നിവരുടെ കാലത്ത് അദ്ദേഹം ഇന്റലിജൻസ് വകുപ്പിന്റെ തലവനായിരുന്നു.

logo
The Fourth
www.thefourthnews.in