വീട്ടമ്മമാർക്ക്‌ 2,000 രൂപ നൽകുന്ന 
ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; മൂന്നാമത്തെ വാഗ്ദാനവും പാലിച്ച്‌ കർണാടക സർക്കാർ

വീട്ടമ്മമാർക്ക്‌ 2,000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം; മൂന്നാമത്തെ വാഗ്ദാനവും പാലിച്ച്‌ കർണാടക സർക്കാർ

രജിസ്ട്രേഷൻ ആരംഭിച്ചു; ഓഗസ്റ്റ് 20നകം പണം കൈമാറും
Updated on
1 min read

കർണാടകയിലെ തൊഴിൽരഹിതരായ വീട്ടമ്മമാർക്കായി തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രയോക്താക്കളായി സർക്കാർ കണ്ടെത്തിയ 1.28 കോടി സ്ത്രീകൾക്കാണ് പ്രതിമാസം 2000 രൂപ ക്ഷേമ പദ്ധതി വഴി ലഭിക്കുക. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി കർണാടക സർക്കാരിന്റെ സാമൂഹ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 15നും 20നുമിടയിൽ പ്രയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം എത്തും.

നികുതിദായകരല്ലാത്ത, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളെ റേഷൻ കാർഡിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആനുകൂല്യത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം 1.11 കോടി സ്ത്രീകൾക്കും അടുത്ത വർഷത്തോടെ 1.35 കോടി സ്ത്രീകൾക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. മുപ്പതിനായിരം കോടിരൂപ പ്രതിവർഷം ഇതിനായി സർക്കാർ നീക്കിവയ്ക്കേണ്ടി വരും.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ത്രീകൾക്ക് മുന്നിൽവച്ച ഏറ്റവും വലിയ ക്ഷേമ പദ്ധതിയായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം ജൂണിൽ സർക്കാർ നടപ്പാക്കിയിരുന്നു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് 10 കിലോഗ്രാം അരി സൗജന്യമായി നൽകുന്ന അന്ന ഭാഗ്യ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുരങ്കം വച്ചതോടെ പദ്ധതി ഭാഗികമായി നടപ്പിലാക്കാനേ സർക്കാരിനായുള്ളൂ. 10 കിലോഗ്രാം അരിക്ക് പകരം 5 കിലോഗ്രാം അരിയും ബാക്കി 5 കിലോഗ്രാം അരിക്ക് പകരം പണവുമാണ് നൽകി വരുന്നത്.

logo
The Fourth
www.thefourthnews.in