'കുട്ടികളില്‍ അമിതാസക്തി, സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കണം'; കേന്ദ്രത്തോട് കർണാടക ഹൈക്കോടതി
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് കർണാടക ഹൈക്കോടതി. കുട്ടികൾക്ക് സമൂഹമാധ്യമങ്ങളോടുള്ള ആസക്തി വർധിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സർക്കാരിനോട് കോടതി വാക്കാൽ നിർദേശിച്ചത്.
സമൂഹമാധ്യമങ്ങൾ തുടച്ചയായി ബ്ലോക്ക് ചെയ്യുന്ന കേന്ദ്രത്തിന്റെ ഉത്തരവിനെതിരായി എക്സ് കോർപറേഷൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ എക്സ് സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് ജി നരേന്ദർ, ജസ്റ്റിസ് വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് നരേന്ദർ വാക്കാൽ പറഞ്ഞു. "ആധാർ ഇല്ലാത്ത ഒരു വ്യക്തിക്ക് ചേരാൻ കഴിയാത്ത ഓൺലൈൻ ഗെയിമുകൾ പോലെ, സമൂഹമാധ്യമങ്ങളിലും ഉപയോക്താക്കൾ വേണ്ട രേഖകൾ സമർപ്പിക്കുന്ന രീതി വേണം. എന്തുകോണ്ടാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൊണ്ടുവരാത്തത്? അവ കൊണ്ടുവരുന്നത് വലിയ ആശ്വാസമായിരിക്കും," അദ്ദേഹം പറഞ്ഞു.
ഇന്ന് സ്കൂൾ കുട്ടികൾക്ക് പോലും സമൂഹമാധ്യമങ്ങളോട് അമിതമായ ആസക്തിയുണ്ട്. എക്സൈസ് ചട്ടങ്ങളിലേതുപോലെ ഇത് നിയന്ത്രിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണം. 17 ഉം 18 ഉം വയസുള്ള കുട്ടികൾക്ക് രാജ്യത്തിന് യോജിക്കുന്നത് എന്താണെന്ന് കണ്ടെത്താനുള്ള പക്വത ഉണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, ഇന്റർനെറ്റിലും നിയന്ത്രണങ്ങള്‍ ഉണ്ടാകണം. മനസ്സിനെ ദുഷിപ്പിക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യണം. ഇത്തരം നിരോധനങ്ങള്‍ സമൂഹത്തിന് നന്മയുണ്ടാക്കുമെന്നും ജസ്റ്റിസ് നരേന്ദർ അഭിപ്രായപ്പെട്ടു.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 69 എ വകുപ്പ് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ബ്ലോക്കിങ് ഉത്തരവുകളെ ചോദ്യം ചെയ്താണ് എക്സ് ഹർജി നല്‍കിയിരുന്നത്. കമ്പനിക്ക് 50 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു. അപ്പീൽ അംഗീകരിക്കുമ്പോൾ, കമ്പനിയുടെ വിശ്വാസ്യത കാണിക്കാൻ തുകയുടെ 50 ശതമാനം കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍, പിഴകള്‍ ചുമത്തുന്നത് അന്യായവും അനീതിയുമാണെന്നും ഇത് ബ്ലോക്കിങ് ഉത്തരവുകള്‍ ചോദ്യം ചെയ്യുന്നതില്‍നിന്ന് കമ്പനികളെ തടയുമെന്നും അപ്പീലില്‍ കമ്പനി പറഞ്ഞു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചാൽ 69 എ വകുപ്പ് സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്ന കൂടുതൽ ഉത്തരവുകൾ കേന്ദ്രം പുറപ്പെടുവിക്കുമെന്നും കമ്പനി പറഞ്ഞു. ഒരു സമൂഹമാധ്യമത്തെ റദ്ദ് ചെയുമ്പോൾ, ബ്ലോക്കിങ് ഉത്തരവിൽ കാരണം വ്യക്തമായി രേഖപ്പെടുത്തണമെന്ന 69 എ (1) വകുപ്പിലെ നിർദേശം കേന്ദ്രത്തിന്റെ ഉത്തരവിൽ പാലിക്കുന്നില്ലെന്നും എക്സ് അപ്പീലിൽ വ്യക്തമാക്കി. ഇടക്കാലാശ്വാസം തേടി കമ്പനി സമർപ്പിച്ച ഹർജിയിന്മേൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതി മാറ്റിവച്ചു.