ഭൂമികുംഭകോണക്കേസ്: സിദ്ധരാമയ്യയ്ക്ക് ആശ്വാസം; ഗവര്‍ണറുടെ നടപടിക്ക് താല്‍ക്കാലിക സ്‌റ്റേ
ഭൂമികുംഭകോണക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശത്തിന് ബംഗളുരു ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ. മൈസുരു അര്‍ബന്‍ വികസന അതോറിറ്റി(മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഹൈക്കോടതി നടപടി.
വിഷയത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്‌ലോട്ട് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അനുമതിയില്‍ ഈ മാസം 29 വരെ സിദ്ധരാമയ്യയ്‌ക്കെതിരേ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഇന്ന് വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.
മുഡയുടെ കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയർന്നത്. ലേഔട്ടുകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്ന വ്യക്തികൾക്കു പകരം ഭൂമി മറ്റൊരിടത്തു നൽകുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കു പകരമായി ഭൂമി നൽകിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഡ കമ്മിഷണർക്ക് എബ്രഹാം ഓഗസ്റ്റില്‍ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.
പാർവതിയുടെ പേരിൽ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള കേസരയിൽ സ്ഥിതിചെയ്യുന്ന ഭൂമി ഈ പദ്ധതി പ്രകാരം ലേഔട്ട് വികസിപ്പിക്കാൻ മൈസൂരു നഗരവികസന അതോറിറ്റിക്കു നൽകിയിരുന്നു. പകരം നൽകിയ ഭൂമി അവർ അർഹിക്കുന്നതിനേക്കാൾ അധികം മൂല്യമുള്ളതാണെന്നും ഭൂമി കൈമാറ്റത്തിൽ ക്രമക്കേടുണ്ടെന്നുമാണ് ആരോപണം. ഭൂമി സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും ആരോപണമുണ്ട്.
പാർവതി നൽകിയ ഭൂമിയിൽ ദേവന്നൂർ ലേ ഔട്ട് വികസിപ്പിച്ച മൈസൂരു നഗര വികസന അതോറിറ്റി, ഭൂമിയുടെ മൂല്യം താരതമ്യേന കൂടുതലുള്ള വിജയ നഗറിൽ അവർക്കു 38,284 ചതുരശ്ര അടി പകരം നൽകി. ഇതുവഴി മൈസൂരു നഗരവികസന അതോറിറ്റിക്കും കർണാടക സർക്കാരിനും നാലായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആരോപണം.