'അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം വിദേശ കമ്പനികള്‍ക്കില്ല'; ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി
സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ചോദ്യം ചെയ്ത് ട്വിറ്റര്‍ ഫയല്‍ ചെയ്ത ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുന്നത് ഇന്ത്യൻ പൗരന്മാര്‍ക്ക് മാത്രമാണെന്നും വിദേശ കമ്പനികള്‍ക്കില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഇന്ത്യയിലെ നിയമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ നടപടികള്‍ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തി.
രാജ്യസുരക്ഷയ്ക്കും സൗഹാര്‍ദത്തിനും ഭീഷണിയാകുന്നുമെന്ന് ചൂണ്ടിക്കാട്ടി ചില അക്കൗണ്ടുകള്‍ മരവിപ്പിക്കാനോ പ്രവര്‍ത്തന രഹിതമാക്കാനോ ആവശ്യപ്പെട്ട് ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന് കമ്പനി മതിയായ കാരണം ബോധിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ. തുക 45 ദിവസത്തിനുള്ളില്‍ കര്‍ണാടക ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ അടക്കണം. വൈകുന്ന ഓരോ ദിവസത്തിനും അയ്യായിരം രൂപ അധികം നല്‍കേണ്ടിവരുമെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി.
ട്വിറ്റര്‍ ഒരു വിദേശ സ്ഥാപനമാണ് അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം), 19 (ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) പ്രകാരമുള്ള മൗലികാവകാശങ്ങള്‍ അവകാശപ്പെടാന്‍ കമ്പനിക്ക് കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകള്‍ ഏകപക്ഷീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയ്ക്കും സൗഹാര്‍ദത്തിനും ഭീഷണിയാകുന്നുമെന്ന് ചൂണ്ടിക്കാട്ടി ചില അക്കൗണ്ടുകള്‍ മരവിപ്പിക്കാനോ പ്രവര്‍ത്തന രഹിതമാക്കാനോ ആവശ്യപ്പെട്ട് 2021 ഫെബ്രുവരിയിലും 2022 ലും ട്വിറ്ററിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. 1474 ട്വിറ്റര്‍ അക്കൗണ്ടുകളിലെ 175 ട്വീറ്റുകളും 39 യുആര്‍എല്ലുകളും നീക്കം ചെയ്യാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതിനെതിരെയാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
സമൂഹമാധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ട്വിറ്ററിന്റെ പ്രധാന വാദം. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കളോട് വിശദീകരിക്കേണ്ട കാരണമില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. വിവരസാങ്കേതിക നിയമത്തിലെ 69 എ ഉപവകുപ്പ് പ്രകാരം, ഉള്ളടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകൂയെന്ന് ട്വിറ്റര്‍ വാദിച്ചു.
ട്വീറ്റുകള്‍ തടയാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അധികാരമുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വിധി പുറപ്പെടുവിക്കുന്നതെന്നു ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്ത് വിശദീകരിച്ചു. വിവരസാങ്കേതിക നിയമം 2009 അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിലും ട്വിറ്റര്‍ പരാജയപ്പെട്ടു. ദേശീയവും പൊതു താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമുള്ള നിര്‍ദേശം ട്വിറ്റര്‍ ചെവിക്കൊണ്ടില്ലെന്നും കേന്ദ്രം വാദിച്ചു.
കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ ശങ്കരനാരായണന്‍ ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ അശോക് ഹരനഹള്ളി, മനു കുല്‍ക്കര്‍ണി എന്നിവരാണ് ട്വിറ്ററിനുവേണ്ടി വാദിക്കാനെത്തിയത്.