പൗരത്വ നിയമ ഭേദഗതിക്കെതിരായ കുട്ടികളുടെ നാടകം: രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കർണാടക ഹൈക്കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ കുട്ടികളുടെ നാടകം: രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കർണാടക ഹൈക്കോടതി

പൗരത്വ ഭേദഗതിക്കെതിരെ 2020ൽ ആയിരുന്നു ബീദറിലെ സ്വകാര്യ സ്കൂളിൽ നാടകം അരങ്ങേറിയത്
Updated on
1 min read

പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കാലത്ത് അരങ്ങേറിയ സ്കൂൾ നാടകത്തിനെതിരെ 2020 ൽ എടുത്ത രാജ്യദ്രോഹ കുറ്റം ആരോപിച്ചുള്ള കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതിയുടെ കൽബുർഗി ബെഞ്ചാണ് രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചത്. ബീദർ ജില്ലയിലെ ഷഹീൻ ഉറുദു സ്കൂളിലെ പ്രധാന അധ്യാപികയ്ക്കും മാനേജ്‌മെന്റിനും നാടകത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച കുട്ടിയുടെ മാതാവിനും എതിരെയായിരുന്നു കൽബുർഗി ന്യൂ ടൗൺ പോലീസ് കേസെടുത്തിരുന്നത്.

പ്രധാന അധ്യാപികയെയും കുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് രാജ്യദ്രോഹകുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബീദർ സെഷൻസ് കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. ഇതേതുടർന്ന് ബാക്കിയുള്ള പ്രതികൾ കർണാടക  ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ വാദം കേട്ടാണ് രാജ്യദ്രോഹ കുറ്റം റദ്ദ് ചെയ്തുകൊണ്ടുള്ള കൽബുർഗി ബെഞ്ചിന്റെ വിധി.

പൗരത്വം തെളിയിക്കാനായില്ലെങ്കിൽ മുസ്ലിങ്ങൾ നാട് വിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന നാടകത്തിലെ കഥാപാത്രത്തിന്റെ സംഭാഷണമായിരുന്നു കേസിനാധാരം. പ്രൈമറി ക്ലാസിലെ കുട്ടികളായിരുന്നു നാടകത്തിൽ അഭിനയിച്ചത്.

നാടകത്തിനെതിരെ കേസെടുത്തപ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്കൂളിൽ കയറി പോലീസ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തത് അന്ന് വിവാദമായിരുന്നു. കർണാടക ആഭ്യന്തര വകുപ്പിനെതിരെയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെയും മേഖലയിൽ വൻ ജനരോഷം ഉയർന്ന കേസാണ് ഹൈക്കോടതി ഉത്തരവിലൂടെ ഇല്ലാതായിരിക്കുന്നത്.  

logo
The Fourth
www.thefourthnews.in