ബിനീഷ് കോടിയേരിക്ക് താത്കാലിക ആശ്വാസം; ലഹരിക്കടത്തിനായി കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കേസ് വിചാരണയ്ക്ക് സ്റ്റേ

ബിനീഷ് കോടിയേരിക്ക് താത്കാലിക ആശ്വാസം; ലഹരിക്കടത്തിനായി കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കേസ് വിചാരണയ്ക്ക് സ്റ്റേ

2020ൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയാണ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തത്
Updated on
1 min read

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർത്ത്  എൻഫോഴ്‌സ്‌മെന്റ്  ഡയറക്ട്രേറ്റ്  രെജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണക്ക് കർണാടക ഹൈക്കോടതിയുടെ താത്കാലിക  സ്റ്റേ . 2021 ൽ ബെംഗളൂരുവിൽ രെജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയാണ്  കോടതി തൽക്കാലത്തേക്ക്  നിർത്തിവെപ്പിച്ചത്  . കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരി സമർപ്പിച്ച വിടുതൽ  ഹർജി തീർപ്പാകും വരെയാണ്  വിചാരണ നടപടികൾക്ക് കോടതി സ്റ്റേ കല്പിച്ചിരിക്കുന്നത്  , ഇക്കാലമത്രയും ബിനീഷ് കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു കൊണ്ട് വ്യക്തമാക്കി . ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്ത ഒരാളെ അതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിയാക്കുന്നതെങ്ങനെയെന്നു കേസിന്റെ വാദത്തിനിടെ കോടതി വാക്കാൽ ആരാഞ്ഞു .  ബിനീഷിന്റെ ഹർജിയിൽ കോടതിയിൽ വാദം തുടരും .

കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമ ദൃഷ്ട്യാ നിലനിക്കുന്നതല്ല

ബെംഗളൂരു  സെൻട്രൽ ക്രൈം  ബ്രാഞ്ച് രജിസ്റ്റർ ചെയ്ത ലഹരികടത്തു കേസിന്റെ ചുവടുപിടിച്ചായിരുന്നു  പ്രതികളിൽ ഒരാളായ അനൂപ് മുഹമ്മദിന്റെയും സാക്ഷി   മൊഴികളുടെയും   അടിസ്ഥാനത്തിൽ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കൊടിയേരിക്കെതിരെ കേസെടുത്തത് . ലഹരികടത്തു കേസിലെ പ്രതികൾക്ക്  ബിനീഷ് സാമ്പത്തിക സഹായം നൽകുകയും  അത് വഴി  കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ ഡി യുടെ കുറ്റപത്രം . കേസിൽ അറസ്റ്റിലായ  ഒരു വർഷക്കാലം പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ബിനീഷിനു കോടതി പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു .

ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്ത തനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല എന്നതായിരുന്നു ബിനീഷിന്റെ വാദം

പ്രതി പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്   വിചാരണ കോടതി മുൻപാകെ  ബിനീഷ് സമർപ്പിച്ച ഹർജി നേരത്തെ  ബംഗളുരുവിലെ  34  ആം അഡീഷണൽ  സിറ്റി സിവിൽ ആൻഡ് സെഷൻസ്  കോടതി ജഡ്ജി തള്ളിയിരുന്നു . ലഹരിക്കടത്ത് കേസിൽ പ്രതിയല്ലാത്ത തനിക്കെതിരെ   കള്ളപ്പണം  വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല എന്നതായിരുന്നു  ബിനീഷിന്റെ വാദം  .  തുടർന്നായിരുന്നു  കർണാടക ഹൈക്കോടതിയെ ബിനീഷ് സമീപിച്ചത് .

ലഹരിക്കടത്ത് കേസിലെ പ്രതികളായ  അനിഖ , അനൂപ് മുഹമ്മദ് , റിജേഷ് രവീന്ദ്രൻ എന്നിവർ തന്നെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ബിനീഷിന്റെ കൂട്ട് പ്രതികൾ .  ഇരു കേസുകളിലും  അറസ്റ്റിലായി   പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ഇവർക്ക് കോടതി  അടുത്തിടെ  ജാമ്യം  അനുവദിച്ചിരുന്നു .

logo
The Fourth
www.thefourthnews.in