പരീക്ഷ ഹാളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണം; ഇടക്കാല ഇളവ് തേടി കർണാടകയിലെ വിദ്യാർഥികൾ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ ഹാളുകളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ ഇടക്കാല ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് രണ്ടാം വാരം പ്രീ യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് വിദ്യാർഥികൾ കോടതിയിൽ ഹർജിയുമായെത്തിയത്. ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് സ്ഥാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉറപ്പ് നൽകിയതായി വിദ്യാർഥികളുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെ സർക്കാർ, പി യു കോളേജുകളിൽ ഹിജാബ് ധരിച്ച് പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കാത്ത സാഹചര്യമാണ്. വിദ്യാർഥികൾ ശിരോവസ്ത്രം ഉപേക്ഷിക്കാൻ തയ്യാറുമല്ല. ഇക്കാരണങ്ങളാൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഭാവി അവതാളത്തിലാവുകയാണ്. ഒരു വര്‍ഷം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന വിദ്യാർഥികൾ. അതിനാൽ പരീക്ഷ ഹാളിൽ പ്രവേശിക്കാനും പരീക്ഷ എഴുതി തീരും വരെ ശിരോവസ്ത്രം അണിയാനും ഇടക്കാല ഇളവ് അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കഴിഞ്ഞ വർഷം മാർച്ചിൽ കർണാടക ഹൈക്കോടതിയും ഒക്ടോബറിൽ സുപ്രീംകോടതി ഹിജാബ് നിരോധനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചതോടെയായിരുന്നു ക്ലാസ് മുറികളിൽ ഹിജാബ് നിരോധനം കർണാടക വിദ്യാഭ്യാസ വകുപ്പ് കർശനമായി നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ ആയിരത്തോളം മുസ്ലീം വിദ്യാർഥികൾ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. സ്കൂൾ വളപ്പ് വരെ ഹിജാബ് ധരിച്ചെത്തി ക്ലാസ്മുറികളിൽ ഹിജാബ് അഴിച്ചുവെച്ചും ചില വിദ്യാർഥികൾ കോടതി വിധി അനുസരിച്ചു.
ഹിജാബ് ഊരാൻ കൂട്ടാക്കാത്ത വിദ്യാർഥികൾ ന്യൂനപക്ഷ മത വിഭാഗങ്ങൾ നടത്തുന്ന സ്വകാര്യ കോളേജുകളിൽ ചേക്കേറുകയായിരുന്നു. പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മുസ്ലീം വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രമായി ലഭിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാനാവില്ല. ഇക്കാര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ ഹർജി. കഴിഞ്ഞ ഒക്ടോബറിൽ ഹിജാബ് ഹർജിയിൽ ഭിന്ന വിധിയായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്.
സ്കൂൾ യൂണിഫോമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കർണാടക സർക്കാരിനാണെന്നും ഹിജാബ് ധരിക്കാനുള്ള തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാം സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നുമായിരുന്നു ഭിന്ന വിധികൾ. ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ചെത്തിയ ഉഡുപ്പി പി യു കോളേജിലെ 12 വിദ്യാർഥികളെ പുറത്താക്കിയതോടെയായിരുന്നു കർണാടകയിൽ ഹിജാബ് വിവാദത്തിന് തുടക്കമായത്.