കടകളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡ നിർബന്ധം; ഓർഡിനൻസിറക്കാൻ കർണാടക സർക്കാർ

കടകളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡ നിർബന്ധം; ഓർഡിനൻസിറക്കാൻ കർണാടക സർക്കാർ

സർക്കാർ നീക്കം കന്നഡ ഭാഷാ സംരക്ഷണ സംഘടന സംസ്ഥാന വ്യാപക പ്രതിഷേധപരിപാടിക്ക് ആഹ്വാനം ചെയ്തതോടെ
Updated on
2 min read

വ്യാപാര സ്ഥാപനങ്ങളുടെ ബോർഡിൽ  60 ശതമാനത്തോളം ഭാഗം കന്നഡ ഭാഷയിലാകണമെന്ന നിബന്ധന നിയമമാക്കുന്നതിന് ഓർഡിനൻസ് ഇറക്കാൻ കർണാടക സർക്കാർ. കന്നഡ ഭാഷ ഇതര ബോർഡുകൾ സ്ഥാപിച്ച  വ്യാപാര സമുചയങ്ങൾക്കും കടകൾക്കും നേരെ കന്നഡ രക്ഷണ വേദികെ (കെആർവി) പ്രവർത്തകർ അതിക്രമം കാട്ടിയ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതലയോഗതിലാണ് ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനം. കർണാടകയിൽ വ്യാപാരം ചെയ്യുന്നവർ ഏതു സംസ്ഥാനക്കാരായാലും നിബന്ധന പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

കന്നഡ ഭാഷയെയും സമ്പന്നമായ പാരമ്പര്യത്തെയും സംസ്കാരത്തെയും മാനിക്കാൻ ഇതര സംസ്ഥാനക്കാർ ശീലിക്കണം. ആരെങ്കിലും നിയമം പാലിച്ചില്ലെങ്കിൽ നടപടി എടുക്കാൻ സംസ്ഥാനത്ത് സംവിധാനമുണ്ട്. അക്രമം അഴിച്ചു വിട്ടു നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക നിയമസഭയുടെ അടുത്ത സമ്മേളനം നടക്കാൻ വൈകുമെന്നതിനാലാണ് ഓർഡിനൻസിറക്കി ബോർഡുകളിൽ 60 ശതമാനം കന്നഡ എന്ന നിബന്ധന നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഓർഡിനൻസ് ഇറക്കാനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകിയതായി സിദ്ധരാമയ്യ വിശദീകരിച്ചു.

കടകളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡ നിർബന്ധം; ഓർഡിനൻസിറക്കാൻ കർണാടക സർക്കാർ
ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ഭയക്കുന്നു; ആരാണ് കര്‍ണാടകയിലെ കെആ‍‍ര്‍വി?

കർണാടക ഭരിക്കുന്ന മാറി മാറി വന്ന സർക്കാരുകളും  നഗരസഭാ അധികൃതരും  വേണ്ട വിധം കന്നഡ  ഭാഷയെ  ഗൗനിക്കാത്തതിനാലാണ്  മറ്റു ഭാഷകളിൽ ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതെന്നാണ്  ഭാഷാവാദികളുടെ പരാതി. ബോർഡുകൾ കന്നഡയിലേക്കു മാറ്റാൻ  കച്ചവട സ്ഥാപനങ്ങൾക്ക് ബെംഗളൂരു നഗരസഭ നൽകിയ സമയ പരിധി വരുന്ന ഫെബ്രുവരി 28-ന് അവസാനിക്കും. ഇതിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും നിബന്ധന എല്ലാ സ്ഥാപനങ്ങളും പാലിച്ചെന്ന് ഉറപ്പു വരുത്തണമെന്നും സാംസ്‌കാരിക വകുപ്പ്  ബെംഗളൂരു നഗരസഭയോട് നിർദേശിച്ചു. സോൺ തിരിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക്  ബിബിഎംപി  നോട്ടീസ് നൽകും. സമയപരിധി പാലിച്ച്‌  ബോർഡുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ  ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നഗരസഭക്ക് കടക്കാം. 

അതേസമയം, കന്നഡ ഭാഷയെയും സംസ്കാരത്തെയും നിന്ദിക്കുന്നവരെ പാഠം പഠിപ്പിക്കുമെന്ന നിലപാടിലാണ്  നഗരത്തിൽ അക്രമം അഴിച്ചുവിട്ട കന്നഡ രക്ഷണ വേദികെ. ബുധനാഴ്ച നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ സംസ്ഥാന അധ്യക്ഷൻ നാരായണ ഗൗഡ ഉൾപ്പടെ 15 കെ ആർ വി പ്രവർത്തകർ റിമാൻഡിലാണ്. ഫെബ്രുവരി 28-നുള്ളിൽ  കർണാടക മുഴുവൻ കന്നഡ ബോർഡുകൾ പ്രത്യക്ഷപെട്ടില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ് സംഘടന. കെആർവിയുടെ സമരത്തെ അനുകൂലിച്ചു കേന്ദ്ര മന്ത്രി പ്രൽഹാദ്‌ ജോഷി രംഗത്തു വന്നു. ഇംഗ്ലീഷിൽ ബോർഡ് എഴുതാൻ ഇത് ഇംഗ്ലണ്ട് അല്ല കർണാടകയാണെന്നു അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്‌ എല്ലാവർക്കും അറിയുന്ന ഭാഷയല്ല, സംസ്ഥാനത്ത് എല്ലാവർക്കും അറിയുന്ന ഭാഷ കന്നഡയാണെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു . 

കടകളുടെ ബോർഡുകളിൽ 60 ശതമാനം കന്നഡ നിർബന്ധം; ഓർഡിനൻസിറക്കാൻ കർണാടക സർക്കാർ
മാധ്യമപ്രവര്‍ത്തകരെ വിടാതെ പെഗാസസ്; സിദ്ധാര്‍ത്ഥ് വരദരാജനെയും ആനന്ദ് മാംഗ്നലെയെയും ലക്ഷ്യമിട്ടതായി കണ്ടെത്തൽ

ബോർഡിന്റെ കാര്യത്തിൽ കെആർവി നിലപാട് കടുപ്പിച്ചതോടെ  കന്നഡ  ഭഷയിൽ വലുതായി ബോർഡ് എഴുതിക്കാനുള്ള നെട്ടോട്ടത്തിലാണ് വ്യാപാരികൾ. ബഹുരാഷ്ട്ര കുത്തക  ബ്രാൻഡുകളുടെ ഷോറൂമുകളിൽ  മിക്കവയും ബോർഡുകൾ മാറ്റി കഴിഞ്ഞു. പുതുവത്സരാഘോഷം കഴിഞ്ഞ ഉടൻ കന്നഡ ബോർഡ് സ്ഥാപിക്കാമെന്ന തീരുമാനത്തിലാണ്  ചിലർ. മലയാളികളും തമിഴരും  തെലുഗരും  ഗുജറാത്തികളും പഞ്ചാബികളും രാജസ്ഥാനികളും  ബംഗാളികളും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടെ നിരവധി പേരാണ് ബെംഗളുരുവിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നത്. തനത് ഉത്പന്നങ്ങൾ വില്‍പനയ്ക്ക് വയ്ക്കുമ്പോൾ  പ്രാദേശിക ഭാഷയിൽ ചിലർ വലുതായി ബോർഡിൽ പേര് വയ്ക്കുന്നത് പതിവ് കാഴ്ചയാണ്. 

logo
The Fourth
www.thefourthnews.in